അടുത്ത വർഷം ആദ്യം പ്രയാഗ്രാജിലെ കുംഭമേളയിൽ അയോധ്യയിൽ രാമക്ഷേത്രനിർമാണ തീയതി പ്രഖ്യാപിക്കുമെന്നു വിശ്വ ഹിന്ദു പരിഷത് (വിഎച്ച്പി) ധർമസഭ. രാമക്ഷേത്ര നിർമാണത്തിന് സമ്മർദം ചെലുത്താൻ വി.എച്ച്.പി അയോധ്യയിൽ നടത്തുന്ന ധർമസഭയെ അഭിസംബോധന ചെയ്യവെയാണ് നിർമോഹി അഖാഡയിലെ രാംജി ദാസ് ഇക്കാര്യം പ്രഖ്യാപിച്ചത്. ദിവസങ്ങളുടെ കാത്തിരിപ്പ് മാത്രമേ ഇക്കാര്യത്തിൽ വേണ്ടതുള്ളൂവെന്നും എല്ലാവരും അതുവരെ ക്ഷമിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ജനുവരി 15 നാണു കുംഭമേള ആരംഭിക്കുന്നത്. രാമക്ഷേത്ര നിർമാണത്തിനായി സന്യാസിമാർ പ്രതിജ്ഞയെടുത്തു. രാമക്ഷേത്ര നിർമാണത്തിനുവേണ്ടി അയോധ്യയിലെ തർക്കഭൂമി വിഭജിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് വി.എച്ച്.പി അന്താരാഷ്ട്ര ജനറൽ സെക്രട്ടറി ചമ്പത്ത് റായ് വ്യക്തമാക്കി. ‘ആ ഭൂമി പൂർണമായും ക്ഷേത്ര നിർമാണത്തിനായി വേണം. അത് വിഭജിച്ചുകൊണ്ടുള്ള ഫോർമുല സ്വീകാര്യമല്ല’ -അദ്ദേഹം പറഞ്ഞു. ക്ഷേത്രനിർമാണം നീണ്ടുപോകുന്നത് ശുഭസൂചകമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്ഷേത്ര നിർമാണത്തിന് ആവശ്യമായ നടപടി തുടങ്ങാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുന്നോട്ടുവരണമെന്ന് രാമജന്മഭൂമി ന്യാസ് പ്രസിഡൻറ് നൃത്യ ഗോപാൽ ദാസ് പറഞ്ഞു. കോടതിയോട് ബഹുമാനമുണ്ടെന്നു പറഞ്ഞ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയിലും യോഗി ആദിത്യനാഥിലും വലിയ പ്രതീക്ഷയാണുള്ളതെന്നും കൂട്ടിച്ചേർത്തു.
നിയമസഭ തെരഞ്ഞെടുപ്പുകൾക്കുപിന്നാലെ മോദി ക്ഷേത്ര നിർമാണ കാര്യത്തിൽ തീരുമാനമെടുക്കുമെന്നും ക്ഷേത്രം നിർമിച്ചുകഴിയുന്നതോടെ ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കുമെന്നും തുൾസിപീഠ് മഠാധിപതി രാം ഭദ്രാചാര്യ പറഞ്ഞു.
‘ആദ്യം ക്ഷേത്രം, പിന്നെ സർക്കാർ’ എന്ന മുദ്രാവാക്യവുമായി വിഎച്ച്പിയും ക്ഷേത്രനിർമാണ തീയതി നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് ശിവസേനയും അയോധ്യയിൽ വെവ്വേറെ സമ്മേളനങ്ങളാണു നടത്തിയത്. 75,000 വിഎച്ച്പി പ്രവർത്തകർ അയോധ്യയിലെത്തിയെന്നാണു വിവരം. മൂന്നു ലക്ഷത്തോളം രാമഭക്തർ ധർമസഭക്കെത്തുമെന്നാണ് സംഘാടകർ അവകാശപ്പെട്ടത്. ശനിയാഴ്ച മുതൽ കനത്ത പൊലീസ് കാവലിലാണ് അയോധ്യയും പരിസരവും.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon