ലഖ്‌നൗ: ഗോവധത്തെച്ചൊല്ലി ഉണ്ടായ അക്രമത്തില്‍ പോലീസ് ഇന്‍സ്‌പെക്ടറടക്കം രണ്ടുപേര്‍ കൊല്ലപ്പെട്ടു. നാട്ടുകാരും ഹൈന്ദവസംഘടനകളും തിങ്കളാഴ്ച നടത്തിയ വ്യാപക അക്രമത്തിലാണ് പോലീസ് ഇന്‍സ്‌പെക്ടറടക്കം രണ്ടുപേര്‍ കൊല്ലപ്പെട്ടത്. യു.പി.യിലെ ബുലന്ദ്ഷറിലാണ് സംഭവം. ആക്രമത്തില്‍ നാലു പോലീസുകാര്‍ക്കു പരിക്കേറ്റു. സയ്‌ന സ്റ്റേഷന്‍ ഹൗസ് ഉദ്യോഗസ്ഥനായ സുബോധ് കുമാര്‍ സിങ്ങും നാട്ടുകാരനായ സുമിത്തു (20)മാണു കൊല്ലപ്പെട്ടത്. മൂന്നുമണിക്കൂറോളം അക്രമം നീണ്ടു. സയ്‌ന മേഖലയിലുള്ള മഹൗ ഗ്രാമത്തിലെ വനപ്രദേശത്ത് 25 ചത്ത പശുക്കളെ കണ്ടതിനെത്തുടര്‍ന്നാണ് അക്രമമാരംഭിച്ചത്. പശുക്കളുടെ ജഡവുമായി ദേശീയപാത ഉപരോധിക്കാനെത്തിയ പ്രതിഷേധക്കാര്‍ പോലീസുകാര്‍ക്കുനേരെ കല്ലെറിയുകയും വാഹനങ്ങള്‍ തീവെച്ചു നശിപ്പിക്കുകയും ചെയ്തു.
പ്രതിഷേധത്തില്‍ നാനൂറോളം പേരാണു ഉണ്ടായിരുന്നത്. സംഭവത്തെ തുടര്‍ന്ന് ഇവിടെ ആയിരത്തിലധികം സുരക്ഷാസൈനികരെ പ്രദേശത്തു വിന്യസിച്ചിട്ടുണ്ട്.കല്ലേറില്‍ തലയ്ക്കു ഗുരുതരമായി പരിക്കേറ്റാണു സുബോധ് കുമാര്‍ സിങ് മരിച്ചതെന്നാണു പ്രാഥമിക നിഗമനം. വെടിയേറ്റാണ് സുമിത് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാവിലെയാണു ചത്ത പശുക്കളെ കണ്ടെത്തിയത്. ഒരു പ്രത്യേക സമുദായത്തില്‍നിന്നുള്ളവരാണു പശുക്കളെ കൊന്നതെന്നു ഗ്രാമവാസികളും ഹിന്ദുസംഘടനകളും ആരോപിച്ചു. തുടര്‍ന്ന് അവര്‍ ട്രാക്ടറില്‍ ജഡങ്ങളുമായി ചിംഗാര്‍വതി പോലീസ് ചൗക്കിയിലെത്തി പ്രതിഷേധിക്കുകയായിരുന്നു. അതിനുശേഷം, ബുലന്ദ്‌ഷേര്‍-ഗഢ് സംസ്ഥാനപാത ഉപരോധിച്ചിരുന്നു ഇവര്‍. ജില്ലാ മജിസ്‌ട്രേറ്റ് അനൂജ് കുമാര്‍ ഝായും സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് അവിനാശ് കുമാര്‍ മൗര്യയും അടക്കമുള്ളവര്‍ സ്ഥലത്തെത്തിയെങ്കിലും അക്രമം തടയാനായില്ല. സംഘര്‍ഷത്തിനിടെ പോലീസ് വെടിയുതിര്‍ത്തു.സംഭവവുമായി ബന്ധപ്പെട്ട് മജിസ്‌ട്രേറ്റ് തലത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. എ.ഡി.ജി. ഇന്റലിജന്‍സും അന്വേഷിക്കും.
This post have 0 komentar
EmoticonEmoticon