സയ്പുങ്: മേഘാലയയിലെ സയ്പുങിലെ ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമം എങ്ങുമെത്തിയില്ല. ഖനിക്കുള്ളിലെ ജലനിരപ്പ് കുറയാത്തതാണ് രക്ഷാപ്രവര്‍ത്തനം വൈകിക്കുന്നത്. ജലനിരപ്പു കുറയാതെ രക്ഷാപ്രവര്‍ത്തകര്‍ക്ക് ഖനിക്കുള്ളിലേക്കു പ്രവേശിക്കാന്‍ കഴിയില്ല.
ഡിസംബര്‍ 13നാണ് തൊഴിലാളികള്‍ ഖനിക്കുള്ളില്‍ അകപ്പെട്ടത്. പെട്ടെന്ന് ഖനിയിലെ ജലനിരപ്പുയര്‍ന്നതാണ് കാരണം. രക്ഷാപ്രവര്‍ത്തനം 9 ദിവസമായി തുടരുന്നുണ്ടെങ്കിലും ഖനിക്കുള്ളിലേക്കു പ്രവേശിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്കു കഴിഞ്ഞിട്ടില്ല. സമീപത്തെ നദിയില്‍ നിന്നോ നദിയുമായി ബന്ധപ്പെട്ട ഭൂഗര്‍ഭ ജലാശയത്തില്‍ നിന്നോ ആണ് ഖനിയിലേക്ക് ജലമെത്തുന്നതെന്ന് സ്ഥിതീകരിച്ചു.
ഇനേനലെ മഴപെയ്യാതിരുന്നിട്ടും ഖനിയിലെ ജലനിരപ്പ് മൂന്നിഞ്ച് മാത്രമാണ് കുറഞ്ഞത്. നദിയിലെ ജലനിരപ്പും ഇന്നലെ മൂന്നിഞ്ച് കുറഞ്ഞിരിന്നു. ഏതു വഴിയിലൂടെയാണ് ജലം ഖനിക്കുള്ളിലെത്തിച്ചേരുന്നതെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല. ദേശീയ ദുരന്തനിവാരണസേനയും മേഘാലയ സംസ്ഥാന ദുരന്ത നിവാരണ സേനയും പോലീസും സ്ഥലത്തു തമ്പടിച്ചിട്ടുണ്ട്.
ഇനിയും വൈകിയാല്‍ ഖനിക്കുള്ളില്‍ അകപ്പെട്ടിരിക്കുന്നവരുടെ ജീവനു ഭീഷണിയാവും എന്നു കണ്ട് രക്ഷാപ്രവര്‍ത്തകര്‍ മേഘാലയ സര്‍ക്കാരിനോട് കൂടുതല്‍ സഹായം ആവശ്യപ്പെട്ടു. ഇതിനിടെ, സംസ്ഥാന സര്‍ക്കാരിന്റെ ദുരന്തനിവാരണ വിഭാഗത്തിലെ വിദഗ്ധര്‍ സ്ഥലത്തെത്തി സാഹചര്യങ്ങള്‍ വിലയിരുത്തി.
നിലവിലുള്ള രണ്ടു പമ്പുകള്‍ കൊണ്ടു ജലം വറ്റിക്കാനാവില്ലെന്ന് അവര്‍ക്കും ബോധ്യപ്പെട്ടിട്ടുണ്ട്. 100 കുതിരശക്തിയുള്ള 10 പമ്പുകള്‍ ഒരേസമയം ഉപയോഗിച്ചു വെള്ളം വറ്റിക്കുകയെന്നാണു വിദഗ്ധ ശുപാര്‍ശ. എന്നാല്‍, ഇതിന് ഇനിയും നടപടിയായിട്ടില്ല.
ഖനിക്കുള്ളില്‍ 12 പേരാണുള്ളതെന്നാണ് ഔദ്യോഗിക കണക്കുകള്‍ പറയുന്നത്. എന്നാല്‍ ഖനിക്കുള്ളില്‍ നിന്നും രക്ഷപ്പെട്ടു വന്ന സയബ് അലി പറയുന്നത് താനടക്കം 18 പേരാണ് ഖനിയില്‍ കുടുങ്ങിയതെന്നും ഇനിയും 17 പേര്‍ ഖനിക്കുള്ളിലുണ്ടെന്നുമാണ്. അന്ന് ജോലിക്കെത്തിയത് 22 പേരായിരുന്നുവെന്നും 4 പേരുടെ ജോലി ഖനിവ്വു വെളിയിലായിരുന്നുവെന്നും ബാക്കിയുള്ളവരെല്ലാം ഖനിക്കകത്തായിരുന്നുവെന്നും സയബ് പറയുന്നു.
This post have 0 komentar
EmoticonEmoticon