കൊച്ചി : ടോറസ് ടിപ്പറുകള്‍ സര്‍വീസ് നടത്തേണ്ട സമയക്രമം സംസ്ഥാനമൊട്ടാകെ ഏകീകരിക്കാത്തതിനെതിരെ കേരള ടോറസ് ടിപ്പര്‍ അസോസിയേഷന്‍ രംഗത്ത്. ടോറസ് ടിപ്പറുകള്‍ സര്‍വീസ് നടത്തുന്നതിനുള്ള സമയക്രമം നിശ്ചയിക്കാനുള്ള അധികാരം ജില്ലാ കളക്ടര്‍മാര്‍ക്കാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ജില്ലാകലക്ടര്‍മാര്‍ പ്രാദേശികാടിസ്ഥാനത്തില്‍ വിവിധ സമയങ്ങളാണ് നിശ്ചയിച്ചിരിക്കുന്നത്. അതിനാല്‍ അധികാരം ജില്ലാ കളക്ടര്‍മാര്‍ക്ക് നല്‍കിയ ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് കേരള ടോറസ് ടിപ്പര്‍ ഓണേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഉത്തരവ് പിന്‍വലിക്കാത്തപക്ഷം 2019 ജനുവരി 30 മുതല്‍ സര്‍വീസ് നിര്‍ത്തിവെച്ച് ഉടമകളും തൊഴിലാളികളും അനിശ്ചിത കാല പ്രക്ഷോഭം ആരംഭിക്കും.
കൂടാതെ അപകടങ്ങളുടെ പേര് പറഞ്ഞ് ഡ്രൈവര്‍മാരുടെ ലൈസന്‍സും വാഹന പെര്‍മിറ്റും സസ്പെന്‍ഡ് ചെയ്യുന്ന നടപടി ശരിയല്ലെന്നും അവര്‍ പറഞ്ഞു. സുപ്രീംകോടതി അപകടങ്ങളെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച കമ്മീഷന്റെ ചെയര്‍മാന്‍ ജസ്റ്റിസ് കെഎസ് രാധാകൃഷ്ണന്റെ നിര്‍ദ്ദേശം ഉണ്ടെന്നറിയിച്ചാണ് മോട്ടര്‍ വാഹനവകുപ്പ് സംസ്ഥാനത്ത് വ്യാപകമായി ഡ്രൈവര്‍മാരുടെ ലൈസന്‍സും പെര്‍മിറ്റും സസ്പെന്‍ഡ് ചെയ്യുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം കെ.എസ് രാധാകൃഷ്ണന്‍ നല്‍കിയ അന്തിമ റിപ്പോര്‍ട്ടില്‍ റോഡിന്റെ ശോചനിയാവസ്ഥയാണ് അപകടങ്ങള്‍ക്ക് കാരണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പ്രളയകാലത്ത് മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങിയ തങ്ങള്‍ക്കെതിരെ ഇത്തരത്തിലുള്ള നടപടികള്‍ തുടരുന്നത് ശരിയല്ലെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി. എന്‍.ഡി ജോസഫ്, ജോണ്‍സണ്‍ പടമാടാന്‍, പി.എ ജെനീഷ്, സി.എ നൗഷാദ്, കെ.എസ് നിസാം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
This post have 0 komentar
EmoticonEmoticon