ന്യൂഡല്‍ഹി: വാലന്റൈന്‍സ് ഡേയുടെ പ്രണയക്കുത്തൊഴുക്കില്‍ വീണുപോയില്ല ഗൂഗിള്‍. ഫെബ്രുവരി 14ന് ഒരു ഡൂഡിലിന്റെ രൂപത്തിലാണ് ഗൂഗിള്‍ ഇന്ത്യന്‍ വെള്ളിത്തിരയുടെ സ്വപ്‌നസുന്ദരിക്ക് ആദരവ് അര്‍പ്പിച്ചിരിക്കുന്നത്. സിനിമാലോകം വിശേഷണങ്ങള്‍ പലതും ചാര്‍ത്തിക്കൊടുത്ത മധുബാലയുടെ ജന്മദിനം ലോകം പ്രണയം ആഘോഷിക്കുന്ന ഫെബ്രുവരി 14നായത് ഒരു വിധി നിയോഗമാവാം. അതുകൊണ്ട് തന്നെ ലോകം പ്രണയം ആഘോഷിക്കുമ്പോള്‍ ഈ പ്രണയനായിക വിസ്മൃതിയിലാണ്ടുപോകുന്നതും സ്വാഭാവികം.
ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും സ്വപ്‌നസുന്ദരിയാണ് മധുബാല. അമ്പതുകളിലും അറുപതുകളിലും മധുവിനോട് അനുരാഗബദ്ധരാവാത്തവരുണ്ടാവില്ല നടന്മാരിലും സിനിമാപ്രേമികളിലും. ബോളിവുഡിന്റെ മെര്‍ലിന്‍ മണ്‍റോ, ദുരന്ത നായിക, ഇന്ത്യന്‍ സിനിമയുടെ വീനസ്, ഹിന്ദി സിനിമയുടെ അനാര്‍ക്കലി.
സംഭവബഹുലമായിരുന്നു ഡല്‍ഹിയില്‍ ജനിച്ച് മുംബൈയിലെ ചേരികളില്‍ ഒന്നില്‍ വളര്‍ന്ന് ബോളിവുഡിന്റെ അമരത്തെത്തിയ മധുവിന്റെ ജീവിതം. മുംബൈയിലെ ചേരിയിലായിരുന്നു ജനനം. ലോകം പ്രണയദിനം ആഘോഷിക്കുന്നതിന് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ്, സെന്റ് വാലന്റൈനെ കുറിച്ച് കേള്‍ക്കുന്നതിനും മുന്‍പ് 1933 ഫെബ്രുവരി 14നായിരുന്നു മുംതാസ് ജെഹാന്‍ ബീഗം ദെഹല്‍വി എന്ന മധുബാലയുടെ ജനനം. മുംബൈ ടാക്കീസ് എന്ന വിഖ്യാത സ്റ്റുഡിയോയ്ക്ക് സമീപത്തെ ഒരു ചേരിയിലായിരുന്നു വളര്‍ന്നത്.
ഒന്‍പതാം വയസ്സില്‍ ബേബി മുംതാസ് എന്ന പേരില്‍ ബാലതാരമായി അരങ്ങേറ്റം കുറിച്ചു. പതിനാലാം വയസ്സില്‍ മധുബാല എന്ന പേരില്‍ നീല്‍കമലില്‍ നായികയായി. രാജ് കപൂറായിരുന്നു നായകന്‍. പിന്നീടുള്ളത് ഏറെ പറയുകയും അതിലേറെ പറയാതെ പോവുകയും ചെയ്ത ചരിത്രം. താരതമ്യങ്ങളില്ലാത്ത സൗന്ദര്യവും അഭിനയപാടവവും കൊണ്ട് മധു ക്ഷണത്തില്‍ ബോളിവുഡിന്റെ താരസിംഹാസനം പിടിച്ചെടുക്കുന്നതാണ് അമ്പതുകളിലും അറുപതുകളിലും കണ്ടത്.
തിയ്യറ്റര്‍ ആര്‍ട്‌സ് മാഗസിന്‍ 1952 ലെ ലോകത്തെ ഏറ്റവും വലിയ താരമായി തെരഞ്ഞെടുത്തത് മധുബാലയെയായിരുന്നു. 2008ല്‍ തപാല്‍ വകുപ്പിന്റെ മധുവിന്റെ മുഖമുള്ള സ്റ്റാമ്പും പുറത്തിറക്കി. 2013ലെ അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ന്യൂയോര്‍ക്ക് ടൈംസ് എഴുതിയ പതിനഞ്ച് സ്ത്രീകളുടെ ഓര്‍മക്കുറിപ്പില്‍ ഒന്ന് മധുവിന്റേതായിരുന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon