ബെംഗളൂരു: കൂറുമാറാൻ ഭരണപക്ഷ എം.എൽ.എ.യ്ക്ക് കോടികൾ വാഗ്ദാനംചെയ്യുന്ന ശബ്ദരേഖയുടെ കാര്യത്തിൽ ബി.ജെ.പി. കർണാടകഘടകം അധ്യക്ഷൻ ബി.എസ്. യെദ്യൂരപ്പ നിലപാടുമാറ്റി. ജനതാദൾ(എസ്) എം.എൽ.എ. നാഗനഗൗഡ കണ്ഡകൂറിന്റെ മകൻ ശരണഗൗഡയുമായി സംസാരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ നിർദേശപ്രകാരമാണ് തന്നെ കാണാൻ അദ്ദേഹം വന്നതെന്നും യെദ്യൂരപ്പ പറഞ്ഞു. ശബ്ദരേഖയിലുള്ളത് തന്റെ ശബ്ദമല്ലെന്നും സംസ്ഥാനസർക്കാരിനെ വീഴ്ത്താൻ ഭരണപക്ഷ അംഗങ്ങളുമായി സംസാരിച്ചിട്ടില്ലെന്നുമാണ് യെദ്യൂരപ്പ ആദ്യം പറഞ്ഞിരുന്നത്.
തന്റെ ശബ്ദമാണെന്ന് തെളിയിച്ചാൽ രാഷ്ട്രീയജീവിതം അവസാനിപ്പിക്കുമെന്നും പ്രസ്താവിച്ചിരുന്നു. ശബ്ദരേഖയിലെ ശബ്ദം തന്റേതുതന്നെയെന്ന് യെദ്യൂരപ്പ സമ്മതിച്ചതോടെ ബി.ജെ.പി. വെട്ടിലായി. ശരണഗൗഡയുമായി സംസാരിച്ചത് സമ്മതിച്ചസ്ഥിതിക്ക് യെദ്യൂരപ്പ രാജിവെച്ച് വാഗ്ദാനം പാലിക്കണമെന്ന് കോൺഗ്രസ് നേതാക്കളായ സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും ആവശ്യപ്പെട്ടു. ദേവദുർഗയിലെ ഗസ്റ്റ് ഹൗസിൽവെച്ചാണ് ശരണഗൗഡയുമായി സംസാരിച്ചതെന്നും സംഭാഷണം 'റെക്കോഡ്' ചെയ്തിരുന്നെന്നും യെദ്യൂരപ്പ ഹുബ്ബള്ളിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. 'റെക്കോഡ്' ചെയ്തത് തന്റെ അറിവോടെയാണ്. എന്നാൽ, സംഭാഷണത്തിലെ പ്രധാന ഭാഗങ്ങൾ ഒഴിവാക്കിയാണ് ശബ്ദരേഖ പുറത്തുവിട്ടിരിക്കുന്നത്. ഇതിനുപിന്നിൽ മുഖ്യമന്ത്രി കുമാരസ്വാമിയുടെ ഗൂഢാലോചനയാണെന്നും യെദ്യൂരപ്പ ആരോപിച്ചു. ''ശരണഗൗഡയുമായി സംസാരിച്ചെന്നത് സത്യമാണ്. എന്നാൽ പുറത്തുവിട്ട ശബ്ദരേഖ സംഭാഷണത്തിന്റെ പൂർണരൂപമല്ല.
സ്പീക്കർ രമേശ്കുമാറിന് 50 കോടി വാഗ്ദാനം ചെയ്തെന്നത് സത്യവിരുദ്ധമാണ്. രമേശ് കുമാർ സത്യസന്ധനായ നേതാവാണ്''- യെദ്യൂരപ്പ പറഞ്ഞു. ജനതാദൾ എം.എൽ.എ. നാഗനഗൗഡ കണ്ഡകൂറിനെ കൂറുമാറ്റാൻ പത്തുകോടി രൂപയും മന്ത്രിപദവിയും വാഗ്ദാനംചെയ്തെന്നാണ് കോൺഗ്രസ് ആരോപിച്ചിരുന്നത്. തെളിവായി ശബ്ദരേഖയും പുറത്തുവിട്ടിരുന്നു. സത്യം സമ്മതിച്ചതിന് യെദ്യൂരപ്പയോട് നന്ദിയുണ്ടെന്നും ജനങ്ങൾക്ക് കാര്യങ്ങൾ മനസ്സിലായെന്നും കോൺഗ്രസ് നേതാവും മന്ത്രിയുമായ ഡി.കെ. ശിവകുമാർ പറഞ്ഞു. സത്യം സമ്മതിച്ച സാഹചര്യത്തിൽ യെദ്യൂരപ്പ രാഷ്ട്രീയജീവിതം അവസാനിപ്പിക്കുന്നതാണു നല്ലതെന്നു മുൻമുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
ശബ്ദരേഖയുമായിബന്ധപ്പെട്ട് നിയമസഭാ സ്പീക്കർ കെ.ആർ. രമേശ് കുമാർ തിങ്കളാഴ്ച അന്വേഷണത്തിന് ഉത്തരവിട്ടേക്കും. എം.എൽ.സി. സ്ഥാനാർഥിയാക്കുന്നതിനു പാർട്ടിനേതാവിനോട് 25 കോടി രൂപ കുമാരസ്വാമി ആവശ്യപ്പെടുന്ന വീഡിയോ നിയമസഭയിൽ പുറത്തുവിടുമെന്നു ബി.ജെ.പി. പ്രഖ്യാപിച്ചിട്ടുണ്ട്. 30 കോടി വാഗ്ദാനം ചെയ്തു; അഞ്ചുകോടി വാങ്ങി- ജനതാദൾ (എസ്) എം.എൽ.എ ബെംഗളൂരു: എം.എൽ.എ. സ്ഥാനം രാജിവെക്കുന്നതിന് ബി.ജെ.പി. 30 കോടി രൂപ വാഗ്ദാനം ചെയ്തെന്ന് വെളിപ്പെടുത്തി കോലാറിലെ ജനതാദൾ എം.എൽ.എ. ശ്രീനിവാസഗൗഡ രംഗത്തെത്തി. ഇതിൽ അഞ്ചുകോടിരൂപ ലഭിച്ചുവെന്നും ശ്രീനിവാസഗൗഡ വെളിപ്പെടുത്തി.
' ബി.ജെ.പി.യിലെ സി.എൻ. അനന്ത നാരായണൻ, എസ്.ആർ. വിശ്വനാഥ്, സി.പി. യോഗേശ്വര എന്നിവരാണ് വീട്ടിലെത്തിയത്. 30 കോടി നൽകാമെന്നുപറഞ്ഞു. അഞ്ചുകോടി നൽകുകയും ചെയ്തു. പാർട്ടിയോട് കൂറുള്ളയാളാണ് ഞാനെന്നും രാജിവെക്കാനാവില്ലെന്നും അറിയിച്ചു. പണം വാഗ്ദാനം ചെയ്ത കാര്യം മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയെ അറിയിച്ചു. അവർ നൽകിയ അഞ്ചുകോടി രൂപ വാങ്ങാൻ അദ്ദേഹം നിർദേശിച്ചു'- ശ്രീനിവാസ ഗൗഡ പറഞ്ഞു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon