തൊടുപുഴ: ഇടുക്കി തൊടുപുഴയില്‍ രണ്ടാനച്ഛന്റെ ക്രൂര മര്‍ദ്ദനമേറ്റ് കോലഞ്ചേരി ആശുപത്രിയില്‍ കഴിയുന്ന ഏഴ് വയസുകാരന്‍ അതീവ ഗുരുതരാവസ്ഥയില്‍. തലച്ചോറിലെ രക്തയോട്ടം നിലച്ചുവെന്നും വെന്റിലേറ്ററിലാണ് കുട്ടിയെന്നും ഡോക്ടര്‍ വ്യക്തമാക്കി. കുട്ടിയുടെ മുത്തശ്ശിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ രണ്ടാനച്ഛനെതിരെ തൊടുപുഴ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കുട്ടിക്ക് ചികില്‍സാ സഹായം നല്‍കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ വ്യക്തമാക്കി. സംഭവത്തില്‍ മുഖ്യമന്ത്രി ഇടുക്കി ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടി.
തലച്ചോറിന് ഗുരുതരമായി പരിക്കേറ്റ ഏഴു വയസുകാരന്റെ വയറിനും ഹൃദയത്തിനും ഉള്‍പ്പെടെ ശരീരത്തിന്റെ ഇരുപതിലേറെ സ്ഥലങ്ങളില്‍ ഗുരുതര പരിക്കുണ്ടെന്നാണ് ചികില്‍സിച്ച ഡോക്ടര്‍ വ്യക്തമാക്കിയത്. 48 മണിക്കൂര്‍ നിരീക്ഷണത്തിലാണ് കുട്ടി. രണ്ടാനച്ഛനാണ് കുട്ടിയെ മാരകമായി മര്‍ദ്ദിച്ചതെന്ന മുത്തശ്ശിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ തൊടുപുഴ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അമ്മയുടെ സുഹൃത്താണ് കുട്ടിയെ ക്രൂരമായി മര്‍ദിച്ചതെന്ന് തൊടുപുഴ ഡി.വൈ.എസ്.പി പറഞ്ഞു. ഇളയകുട്ടി ബെഡില്‍ മൂത്രമൊഴിച്ചതിനാണ് കുട്ടിയെ അമ്മയുടെ സുഹൃത്ത് മര്‍ദിച്ചത്. കുട്ടികളെ ഇയാള്‍ സ്ഥിരമായി ഉപദ്രവിക്കാറുള്ളതായും അമ്മ മൊഴി നല്‍കി.
'ഉറങ്ങി കിടന്ന കുട്ടിയെ ചവിട്ടി തെറിപ്പിച്ചു. വീണ്ടും എഴുന്നേല്‍പ്പിച്ച് രണ്ട് തവണ ചവിട്ടി. ഷേല്‍ഫിന് ഇടയിലേക്ക് വലിച്ചെറിഞ്ഞ കുട്ടിക്ക് തലയ്ക്ക് പരുക്കേറ്റു. ഗുരുതര പരുക്ക് സംഭവിച്ചത് ഈ വീഴ്ച്ചയില്‍ നിന്നാണ്. അരുണ്‍ ആനന്ദിനെ ഭയന്നാണ് അമ്മ ആദ്യം നല്‍കിയ മൊഴിയില്‍ അവ്യക്തത ഉണ്ടായത്' എന്നും ഡി.വൈ.എസ്.പി കെ.പി ജോസ് പറഞ്ഞു.
കുട്ടികളുടെ അമ്മയുടെ മൊഴി ഇന്ന് പൊലീസ് രേഖപ്പെടുത്തും. രണ്ടാനച്ഛന്റെ അറസ്റ്റ് ഇന്ന് വൈകിയുണ്ടാകുമെന്നാണ് പൊലീസ് അറിയിക്കുന്നത്. ആരോഗ്യമന്ത്രി ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഏഴു വയസുകാരന് ചികില്‍സാ സഹായം സര്‍ക്കാര്‍ നല്‍കുമെന്ന് അറിയിച്ചു. ഇളയകുട്ടിയുടെ സംരക്ഷണവും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും വ്യക്തമാക്കി.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon