തിരുവനന്തപുരം: സിപിഐ എം പ്രകടനപത്രികയില്‍ പറയുന്ന കാര്യങ്ങള്‍ നടപ്പിലാക്കാനുള്ള കരുത്ത് രാജ്യത്തെ ജനങ്ങള്‍ നല്‍കുകയാണെങ്കില്‍ തീര്‍ച്ചയായും ഇന്ത്യയുടെ കഷ്ടപ്പാടുകള്‍ക്ക് അറുതിവരുത്താന്‍ സാധിക്കുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രാജ്യത്തെ കൊള്ളയടിക്കുന്ന സാമ്രാജ്യത്വ ശക്തികള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും കടിഞ്ഞാണിടാനും കഴിയും. ബി ജെ പിക്കോ, കോണ്‍ഗ്രസിനോ അത്തരം നിലപാടുകള്‍ മുന്നോട്ടുവെക്കാന്‍ സാധിക്കില്ലെന്നും കോടിയേരി പറഞ്ഞു.
സാമൂഹികക്ഷേമ പദ്ധതികള്‍ നടപ്പാക്കാന്‍ ആവശ്യമായ വിഭവസമാഹരണത്തിന് അതിസമ്പന്നര്‍ക്കും കോര്‍പറേറ്റ് ലാഭത്തിനും മേല്‍ നികുതി ചുമത്തുമെന്ന് പറയാന്‍ സിപിഐ എംന് മാത്രമേ സാധിക്കുകയുള്ളു. എന്തുകൊണ്ട് കോണ്‍ഗ്രസും ബി ജെ പിയും അത്തരമൊരു വാഗ്ദാനം മുന്നോട്ടുവെക്കുന്നില്ല? വിഭവങ്ങളുടെ കാര്യത്തില്‍ രാജ്യത്തു ക്ഷാമമില്ല. ശിങ്കിടി മുതലാളിത്തവും റഫേല്‍പോലുള്ള അഴിമതികളും വഴി പൊതുപണം ചോരുന്നത് തടഞ്ഞാല്‍ തന്നെ എല്ലാ പൗരന്മാര്‍ക്കും വിദ്യാഭ്യാസവും ഗുണമേന്മയുള്ള ആരോഗ്യപരിരക്ഷയും തൊഴിലും ഉപജീവനമാര്‍ഗവും നല്‍കാനുള്ള വിഭവസമ്പത്ത് ലഭ്യമാകും. എന്നാല്‍ ഇതിനായി സര്‍ക്കാര്‍ നയങ്ങളില്‍ സമൂല മാറ്റം അനിവാര്യമാണ്. കോണ്‍ഗ്രസിനും ബി ജെ പിക്കും അത്തരം മാറ്റങ്ങള്‍ക്ക് സാധിക്കുമോ? എങ്കില്‍ എവിടെ നിങ്ങളുടെ പ്രകടന പത്രികയില്‍ ആ ഇനങ്ങളെന്നു അദ്ദേഹം ചോദിച്ചു.
രാജ്യത്ത് ബദല്‍ സാമ്പത്തികനയങ്ങള്‍ നടപ്പാക്കുമെന്നാണ് സിപിഐ എം പ്രകടനപത്രികയിലൂടെ ഉറപ്പുനല്‍കുന്നത്. മോഡി വേണ്ടെന്ന് വെച്ച ആസൂത്രണ കമീഷന്‍ പുനഃസ്ഥാപിക്കും. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ജനങ്ങളില്‍ കൂടുതല്‍ പണം എത്തിക്കാനും ഉതകുന്ന സാമ്പത്തിക വളര്‍ച്ച രാജ്യത്ത് ഉറപ്പാക്കും. ആഡംബര ഉല്‍പന്നങ്ങള്‍ക്ക് ഉയര്‍ന്ന നികുതി ഈടാക്കും. കാര്‍ഷികോല്‍പ്പാദനം, ഗവേഷണം, ജലസേചനം എന്നീ മേഖലകളില്‍ കൂടുതല്‍ പണം ചെലവിടും. കാര്‍ഷികആവശ്യത്തിനുള്ള വിത്ത്, വളം, വൈദ്യുതി, ഡീസല്‍ എന്നിവയ്ക്ക് സബ്‌സിഡി നല്‍കും. വൈദ്യുതി, പൊതുഗതാഗതം, തുറമുഖം, സ്‌കൂളുകള്‍, കോളേജുകള്‍, ആശുപത്രികള്‍ എന്നീ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ പൊതുനിക്ഷേപം വര്‍ധിപ്പിക്കും. ചെറുകിട വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കും. രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തിന് അനുയോജ്യമായ രീതിയില്‍ ജി എസ് ടി പൊളിച്ചെഴുതും. പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരിവില്‍പന തടയും. ധനകാര്യമേഖലയിലെ എല്ലാ നിയന്ത്രണസംവിധാനങ്ങളും പാര്‍ലമെന്റിന്റെ മേല്‍നോട്ടത്തിലാക്കും. ധനകാര്യമേഖലയില്‍ നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിക്കാനുള്ള ശുപാര്‍ശ പിന്‍വലിക്കും. ഇന്‍ഷ്വറന്‍സ് മേഖലയില്‍ എഫ് ഡി ഐ പരിധി 26 ശതമാനത്തില്‍നിന്ന് ഉയര്‍ത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon