ന്യൂഡൽഹി: റഫാലില്‍ മലക്കം മറിഞ്ഞ് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍. റഫാലിലെ രേഖകള്‍ മോഷണം പോയിട്ടില്ലെന്നും ഒറിജിനല്‍ രേഖകളുടെ പകര്‍പ്പ് പുറത്ത് പോവുകയായിരുന്നെന്നും എ.ജി പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
റഫാൽ രേഖകൾ മോഷണം പോയി എന്ന വാദം തെറ്റാണെന്ന് പറഞ്ഞ അറ്റോർണി ജനറൽ, റഫാൽ രഹസ്യരേഖകളുടെ ഫോട്ടോകോപ്പി ഹർജിക്കാർ പുനഃപരിശോധനാഹർജിയിൽ ഉപയോഗിച്ചെന്ന് മാത്രമാണ് താൻ ഉദ്ദേശിച്ചതെന്ന് നിലപാട് മാറ്റി.
'പ്രതിരോധമന്ത്രാലയത്തിലെ രേഖകൾ മോഷണം പോയി എന്ന് സുപ്രീംകോടതിയിൽ വാദിച്ചെന്ന പേരിൽ പ്രതിപക്ഷം വലിയ രാഷ്ട്രീയവിവാദങ്ങളുണ്ടാക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. അത് തെറ്റാണ്. രേഖകൾ മോഷ്ടിക്കപ്പെട്ടെന്ന വാദം സമ്പൂർണമായും തെറ്റാണ്.'' കെ കെ വേണുഗോപാൽ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.
യഥാർഥ രേഖകളുടെ 'ഫോട്ടോകോപ്പി' പുനഃപരിശോധനാ ഹർജികൾക്കൊപ്പം ഉപയോഗിച്ചെന്നും പ്രതിരോധമന്ത്രാലയത്തിൽ നിന്ന് ഈ രേഖകളുടെ ഫോട്ടോകോപ്പി പുറത്ത് പോയെന്ന് മാത്രമാണ് താനുദ്ദേശിച്ചതെന്നും കെ കെ വേണുഗോപാൽ വ്യക്തമാക്കി.
റഫാല്‍ ഇടപാടിന്‍റെ സുപ്രധാന രേഖകള്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് മോഷണം പോയെന്ന് നേരത്തെ കേന്ദ്രം സുപ്രീം കോടതിയില്‍ അറിയിച്ചിരുന്നു. പുന:പരിശോധനാ ഹരജികളിലെ വാദങ്ങള്‍ ഈ രേഖകള്‍ അടിസ്ഥാനമാക്കിയായതിനാല്‍ അത് തള്ളണമെന്ന് എ.ജി കോടതിയില്‍ വാദിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഇപ്പോള്‍ എ.ജി തന്നെ മുന്‍ പ്രസ്താവനകള്‍ തള്ളി ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്.
This post have 0 komentar
EmoticonEmoticon