ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് കേസുമായി ബന്ധപ്പെട്ട് താന്‍ ആരുടെയും പേര് പരാമര്‍ശിച്ചിട്ടില്ലെന്ന് മിഷേല്‍ ഡല്‍ഹി കോടതിയില്‍ പറഞ്ഞു. എന്‍ഫോഴ്സ്മെന്റ് ഏജന്‍സികള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത് പോലെ മിഷേല്‍ ആരുടെയും പേരുകള്‍ പരാമര്‍ശിച്ചിട്ടില്ലെന്നാണ് ഇദ്ദേഹത്തിന്റെ അഭിഭാഷകന് അജിത് കെ. ജോസഫ് കോടതിയില്‍ പറഞ്ഞത്. ഈ വിഷയം വിവാദമുയര്‍ത്തി നില നിര്‍ത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും അഭിഭാഷകന് ആരോപിച്ചു.
കുറ്റപത്രത്തിന്റെ പകര്‍പ്പ് മിഷേലിന് നല്‍കുന്നതിന് മുന്‍പ് തന്നെ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതായും അഭിഭാഷകന് ആരോപിച്ചു. കോടതിയുടെ പരിഗണനയിലിരിക്കുന്ന കുറ്റപത്രം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതിനെയും മിഷേലിന്റെ അഭിഭാഷകന് ചോദ്യം ചെയ്തു.
കസ്റ്റഡിയില്‍ കഴിയുന്ന ക്രിസ്ത്യന്‍ മിഷേലിന്റെ ഡയറിയില്‍ നിന്ന് കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ പേര് കണ്ടെത്തിയെന്ന് എന്‍ഫോഴ്സ്മെന്റ് വകുപ്പ് കുറ്റപത്രത്തില്‍ പരാമര്‍ശിച്ചിരുന്നു. മിഷേലിന്റെ ഡയറിയില്‍ എ.പി എന്ന രേഖപ്പെടുത്തിയിരിക്കുന്നത് അഹമ്മദ് പട്ടേലിന്റെ പേരാണെന്നാണ് കഴിഞ്ഞ ദിവസം കോടതിയില്‍ നല്കിയ അനുബന്ധ കുറ്റപത്രത്തില്‍ എന്‍ഫോഴ്സ്മെന്റ് വ്യക്തമാക്കിയിരിക്കുന്നത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon