ശ്രീഹരിക്കോട്ട: അതിർത്തി നിരീക്ഷണം ലക്ഷ്യമിട്ടുള്ള ഐഎസ്ആർഒയുടെ റിസാറ്റ് 2-ബി ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ എത്തി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തിൽ നിന്നും പിഎസ്എല്‍വി സി-46 റോക്കറ്റ് ഉപയോഗിച്ചാണ് പേടകം ഭ്രമണപഥത്തിൽ എത്തിച്ചത്. ഇന്ന് പുലർച്ചെ അഞ്ചു മുപ്പതിനായിരുന്നു വിക്ഷേപണം.
പി.എസ്.എല്‍.വി. സി-46 റോക്കറ്റാണ് ഉപഗ്രഹത്തെ 555 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ എത്തിച്ചത്. 615 കിലോഗ്രാമാണ് ഉപഗ്രഹത്തിന്റെ ഭാരം. പി.എസ്.എല്‍.വി.യുടെ 48-ാം ദൗത്യമാണിത്. വലിയ റോക്കറ്റുകളില്‍ ഘടിപ്പിക്കുന്ന സോളിഡ് സ്ട്രിപ്പ് ഓണ്‍ മോട്ടോറുകള്‍ ഉപയോഗിക്കാതെയുള്ള പി.എസ്.എല്‍.വി.യുടെ 14-ാം ദൗത്യമെന്ന സവിശേഷതകൂടി ഇതിനുണ്ട്. ഏതുകാലാവസ്ഥയിലും സൈന്യത്തെ സഹായിക്കുന്നതിന് ഉപകരിക്കുന്ന റിസാറ്റ് 2-ബി ഉപഗ്രഹം പുതിയ സാങ്കേതികവിദ്യകള്‍കൂടി ഉള്‍പ്പെടുത്തിയാണ് ഒരുക്കിയിരിക്കുന്നത്.
ഉപഗ്രഹത്തിലെ സിന്തറ്റിക് അപാര്‍ച്ചര്‍ റഡാര്‍ രാപകല്‍ഭേദമില്ലാതെ, കാലാവസ്ഥാവ്യത്യാസമില്ലാതെ ചിത്രങ്ങള്‍ പകര്‍ത്തും. ആകാശനിരീക്ഷണം ശക്തമാക്കുന്നതിനുള്ള ഇന്ത്യയുടെ ഈ പുതിയ ദൗത്യത്തിലൂടെ രാജ്യാതിര്‍ത്തിയിലെ ഭീഷണികള്‍ നിരീക്ഷിക്കാനാവും. പാക്കധീന കശ്മീരിലെ ഭീകരകേന്ദ്രങ്ങള്‍ ഉള്‍പ്പെടെ നിരീക്ഷിക്കുന്നതിന് ഉപഗ്രഹം സഹായകമാകും. വെള്ളപ്പൊക്കം, കൊടുങ്കാറ്റ് എന്നിവയെക്കുറിച്ചുള്ള മുന്നറിയിപ്പുനല്‍കുന്നതിനൊപ്പം കൃഷി, വനവിസ്തൃതി എന്നിവ നിരീക്ഷിക്കാനും ഉപഗ്രഹം സഹായകമാകുമെന്നും ഐ.എസ്.ആര്‍.ഒ. അറിയിച്ചു.
This post have 0 komentar
EmoticonEmoticon