ബെംഗളൂരു: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് തിരിച്ചടിയേറ്റ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ മുഖ്യമന്ത്രി കുമാരസ്വാമി കര്‍ണാടകയുടെ ചുമതലയുള്ള എഐസിസി ഓര്‍ഗനൈസിംഗ് സെക്രട്ടറി കെസി വേണുഗോപാലിനെ ബെംഗളൂരുവിലേക്ക് വിളിച്ചു. നിര്‍ണായകമായ ചില രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വേണ്ടിയാണ് കുമാരസ്വാമി കെസി വേണുഗോപാലിനെ വിളിപ്പിച്ചതെന്നാണ് ജെഡിഎസ് അറിയിച്ചത്. ഇപ്പോള്‍ ഓസ്‌ട്രേലിയയിലുള്ള കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറിനോടും ഉടനെ ബെംഗളൂരുവില്‍ തിരിച്ചെത്താന്‍ കുമാരസ്വാമി അഭ്യര്‍ത്ഥിച്ചതായാണ് വിവരം.
സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തുന്ന തീരുമാനങ്ങള്‍ എടുക്കരുതെന്ന് കുമാരസ്വാമിയോട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജെഡിഎസിന്റെ അടിയന്തര നിയമസഭാ കക്ഷി യോഗവും നാളെ ചേരുന്നുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ 28 സീറ്റുകളില്‍ 26 എണ്ണത്തിലും ബിജെപിയാണ് ജയിച്ചത്. ദേവഗൗഡയുടെ പേരക്കുട്ടി പ്രജല്‍ രേവണ്ണ ഹാസനിലും കോണ്‍ഗ്രസ് ഡികെ ശിവകുമാറിന്റെ സഹോദരന്‍ ഡികെ സുരേഷ് ബെംഗളൂരു റൂറലിലും വിജയിച്ചു. മാണ്ഡ്യയില്‍ ബിജെപി പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സുമലതയും ഈ തെരഞ്ഞെടുപ്പില്‍ വിജയിച്ചു. മുഖ്യമന്ത്രി കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമിയെ പരാജയപ്പെടുത്തിയാണ് സുമലതയുടെ വിജയം. തുംക്കൂറില്‍ ജനവിധി തേടിയ ജെഡിഎസ് നേതാവും മുന്‍പ്രധാനമന്ത്രിയുമായ എച്ച്ഡി ദേവഗൗഡ 2.15 ലക്ഷം വോട്ടുകള്‍ക്കാണ് ബിജെപി സ്ഥാനാര്‍ത്ഥി ജിഎസ് ബസവരാജയോട് തോറ്റത്.
This post have 0 komentar
EmoticonEmoticon