ആറ്റിങ്ങല്‍: ഇന്ത്യയിലെ തന്നെ ഒന്നാമത്തെ ബ്രിട്ടീഷ് വിരുദ്ധ കലാപം അരങ്ങേറിയ ആറ്റിങ്ങലിന്റെ അഭിമാനമായ കൊട്ടാരം തകർന്ന് മണ്ണടിയാൻ 'പോവുന്നു. ലോകത്തെ വിടെയാണെങ്കിലും ഈ പുരാവസ്തു വിലപ്പെട്ടതായി സംരക്ഷിക്കപ്പെടുമായിരുന്നു. ചരിത്ര സ്‌മരണകളുറങ്ങുന്ന ഒരു കെട്ടിടംകൂടി നാശത്തിന്റെ വക്കിൽ. തിരുവിതാംകൂറിന്റെ മാതൃഗൃഹമെന്ന് കരുതപ്പെടുന്ന ആറ്റിങ്ങൽ കൊട്ടാരമാണ് ജീർണാവസ്ഥയിലായത്.കൊട്ടാരക്കെട്ടിന്റെ മുഖമണ്ഡപം പൊളിഞ്ഞുവീണു തുടങ്ങി. കൊല്ലമ്പുഴയിൽ സ്ഥിതി ചെയ്യുന്ന ഈ ചരിത്ര സ്‌മാരകം പുരാവസ്‌തു വകുപ്പും ദേവസ്വം ബോർഡും ചേർന്ന് പുനരുദ്ധരിക്കുമെന്ന വാഗ്ദാനം എങ്ങുമെത്തിയില്ല.ചരിത്രത്താളുകളില്‍ തലയെടുപ്പോടെ നില്ക്കുന്ന ആറ്റിങ്ങല്‍ കൊട്ടാരം സംരക്ഷിക്കാന്‍ നടപടികളില്ല. . ഒരു മഴക്കാലംകൂടി താങ്ങാന്‍ ഈ പുരാതന എടുപ്പിനു കഴിയില്ലെന്നു നാട്ടുകാര്‍ പറയുന്നു. കൊട്ടാരക്കെട്ട് നവീകരിക്കുന്നതിനോ പുരാവസ്തുവകുപ്പിനു കൈമാറുന്നതിനോ തയ്യാറാകാത്ത ദേവസ്വം ബോര്‍ഡിന്റെ നിലപാട് കനത്ത പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
കൊല്ലവർഷം അഞ്ചാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരിച്ചിരുന്ന ആദിത്യവർമയുടെ കാലത്താണ് ഈ കൊട്ടാരം നിർമിച്ചത്. തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ അമ്മവീടെന്നനിലയിലും അഞ്ചുതെങ്ങ് കലാപത്തിന്റെ കേന്ദ്രബിന്ദുവെന്നനിലയിലും കൊട്ടാരത്തിനുള്ള ചരിത്രപ്രാധാന്യം വളരെ വലുതാണ്. കൊട്ടാരംവക ക്ഷേത്രങ്ങളും അതിനോടനുബന്ധിച്ചുള്ള കെട്ടിടങ്ങളും ഊട്ടുപുരയും മുഖമണ്ഡവുമുള്‍പ്പെടുന്ന സ്ഥലങ്ങളെല്ലാം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അധീനതയിലാണിപ്പോള്‍. ഇവയുടെ ഉടമസ്ഥാവകാശവും സംരക്ഷണാവകാശവുമെല്ലാം ദേവസ്വം ബോര്‍ഡിനാണ്. എന്നാല്‍, ഈ കൊട്ടാരക്കെട്ടുകള്‍ സംരക്ഷിക്കുന്നതിനുവേണ്ടി ദേവസ്വംബോര്‍ഡ് യാതൊന്നും ഇതുവരെ ചെയ്തിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഏകദേശം പത്തേക്കര്‍ വിസ്തൃതിയിലാണ് കൊട്ടാരസമുച്ചയം. ഇതില്‍ നാലു ക്ഷേത്രങ്ങളുള്‍പ്പെടുന്ന വലിയൊരുഭാഗം ദേവസ്വം ബോര്‍ഡിനു കൈമാറുകയായിരുന്നു. ചാവടിക്കു വലതുവശത്തുള്ള ഭാഗം രാജകുടുംബാംഗങ്ങള്‍ സ്വകാര്യവ്യക്തികള്‍ക്കു കൈമാറി. ഈ ഭാഗത്തെ നാശാവസ്ഥയിലായ കെട്ടിടങ്ങള്‍ അടുത്തിടെ ഉടമസ്ഥര്‍ പൊളിച്ചുനീക്കി. ദേവസ്വം ബോര്‍ഡിന്റെ കൈവശമുള്ള ഭാഗമെങ്കിലും സംരക്ഷിച്ചുനിലനിര്‍ത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ആവശ്യം മുറുകുമ്പോള്‍ ദേവസ്വം ബോര്‍ഡധികൃതര്‍ ഒരു സന്ദര്‍ശനം നടത്തി മടങ്ങുന്നതാണ് പതിവ്. 2018 ജൂണ്‍ 13-ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാര്‍, അംഗം കെ.പി.ശങ്കരദാസ്, ചീഫ് എന്‍ജിനീയര്‍ ജി.എല്‍.വിനയകുമാര്‍ എന്നിവര്‍ കൊട്ടാരം സന്ദര്‍ശിക്കുകയും നാട്ടുകാരും ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തുകയും ചെയ്തു. ദേവസ്വം ബോര്‍ഡിന്റെ കൈവശമുള്ള കെട്ടിടങ്ങള്‍ അറ്റകുറ്റപ്പണികള്‍ നടത്തി സംരക്ഷിക്കുമെന്നും ഇതിനുള്ള നടപടികള്‍ ഉടന്‍ തുടങ്ങുമെന്നും പ്രസിഡന്റ് അന്ന് അറിയിച്ചിരുന്നു. ഒരു വര്‍ഷമായിട്ടും ഇവിടെ യാതൊന്നും സംഭവിച്ചിട്ടില്ല.
കേരളീയ വാസ്തുശില്പ മാതൃകയില്‍ കല്ലും മരവും കൊണ്ടാണ് കൊട്ടാരം നിര്‍മിച്ചിട്ടുള്ളത്. കൊട്ടാരത്തിനുപുറത്ത് കിഴക്കുവശത്ത് രണ്ടു എടുപ്പുകളുണ്ട്. ആവണിപുരം ശ്രീകൃഷ്ണക്ഷേത്രത്തിലേക്കുള്ള പ്രവേശന വഴിയില്‍ നിര്‍മിച്ചിട്ടുള്ള ചാവടിയും ഇതിനുസമീപത്ത് ഉയര്‍ന്ന തട്ടില്‍ നിര്‍മിച്ചിട്ടുള്ള മുഖമണ്ഡപവും തകര്‍ന്നുവീഴാറായ ചാവടിയും ഏതാനും വര്‍ഷംമുമ്പ് കൊട്ടാരം കുടുംബാംഗങ്ങള്‍ ഇടപെട്ട് പുതുക്കിപ്പണിതു. മണ്ഡപക്കെട്ട് എന്നറിയപ്പെടുന്ന കൊട്ടാരത്തിന് എട്ടുകെട്ടിന്റെ മാതൃകയാണ്. കൊട്ടാരത്തിന്റെ പ്രൗഢി വിളിച്ചറിയിക്കുന്നത് ഇതിന്റെ മുഖമണ്ഡപമാണ്. ഇത് പൊളിഞ്ഞുവീണുതുടങ്ങി. ഏതുനിമിഷവും തകര്‍ന്നുവീഴാവുന്ന നിലയിലാണ്. മേല്‍ക്കൂരയിലെ ഓടുതകര്‍ന്ന് വെള്ളമിറങ്ങി കൂര ദ്രവിച്ച് ഒടിഞ്ഞുതൂങ്ങിയിട്ടുണ്ട്.
ഗോപുരമുകളിലേക്കുള്ള ഗോവണിയും തട്ടുമെല്ലാം പൊളിഞ്ഞുവീണു. മണ്ഡപക്കെട്ടിനുള്ളിലാണ് പള്ളിയറ ഭഗവതിയെ കുടിയിരുത്തിയിട്ടുള്ളത്. ഇതിനോടുചേര്‍ന്നുള്ള ഊട്ടുപുരയില്‍ നാലുവര്‍ഷം മുമ്പുവരെ ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്ര കലാപീഠം പ്രവര്‍ത്തിച്ചിരുന്നു. അതു നിര്‍ത്തലാക്കിയതോടെ ഇവിടെ ആളനക്കവും കെട്ടു. കൊട്ടാരക്കെട്ടുകള്‍ പുരാവസ്തുവകുപ്പിനു കൈമാറി സംരക്ഷിത സ്മാരകമാക്കുന്നതിനുള്ള നടപടികളുണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അഞ്ചുതെങ്ങ് കലാപസ്മാരകം ഉള്‍പ്പെടുന്ന ഗവേഷണകേന്ദ്രം സ്ഥാപിച്ച് വിനോദസഞ്ചാരമേഖലയിലും ചരിത്രഗവേഷണമേഖലയിലും വന്‍ സാധ്യതകള്‍ തുറന്നിടുന്നതിനുള്ള പദ്ധതിയും നാട്ടുകാര്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇതൊന്നും പരിഗണിക്കുന്നതിനോ പൊളിഞ്ഞുവീഴുന്ന കൊട്ടാരം നവീകരിക്കുന്നതിനോ അധികൃതര്‍ തയ്യാറായിട്ടില്ല.
This post have 0 komentar
EmoticonEmoticon