കൊച്ചി: സി.എ. വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം വീണ്ടും തുടങ്ങുന്നു. ഏറെ നാളുകളായി യാതൊരു വിധ നടപടികളുമില്ലാതെ അന്വേഷണം നിലച്ച മട്ടായിരുന്നു.
കാണാതായ ദിവസം മിഷേല്‍ കലൂര്‍ പള്ളിയില്‍ പോയിരുന്നു. ഈ സമയം ഇതുവഴി ബൈക്കില്‍ രണ്ട് യുവാക്കള്‍ സഞ്ചരിച്ചതിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. ഇവരെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം വീണ്ടും തുടങ്ങുന്നത്. കേസിന്റെ ആദ്യഘട്ടത്തില്‍ ഇവരെക്കുറിച്ച് വിശദമായി അന്വേഷിക്കാന്‍ സാധിച്ചില്ല. അതിനാല്‍, ഇവരെ കണ്ടെത്താന്‍ ശ്രമിക്കുകയാണെന്ന് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ഇമ്മാനുവല്‍ പോള്‍ പറഞ്ഞു. ഇവരെ കണ്ടെത്തുന്നതിനായി സി.സി.ടി.വി. ദൃശ്യങ്ങള്‍ സഹിതം പോലീസ് പത്രപ്പരസ്യം നല്‍കി.
2017 മാര്‍ച്ച് അഞ്ചിന് വൈകീട്ടാണ് കൊച്ചിയിലെ ഹോസ്റ്റലില്‍നിന്ന് പുറത്തുപോയ മിഷേലിനെ കാണാതായത്. അടുത്ത ദിവസം കൊച്ചി കായലില്‍ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. ഗോശ്രീ പാലത്തില്‍നിന്ന് കായലിലേക്ക് ചാടി ആത്മഹത്യ ചെയ്തുവെന്നായിരുന്നു പോലീസിന്റെയും കൈംബ്രാഞ്ചിന്റെയും കണ്ടെത്തല്‍.
മിഷേലിനെ പള്ളിയില്‍നിന്ന് ബൈക്കില്‍ പിന്തുടര്‍ന്ന രണ്ടുപേരെപ്പറ്റി പോലീസ് അന്വേഷിച്ചില്ലെന്ന് കുടുംബം ആരോപിച്ചിരുന്നു. മിഷേലിന്റെ വാച്ചും മോതിരവും മൊബൈല്‍ ഫോണും പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. മകളുടെ മരണം ആത്മഹത്യയല്ലെന്ന് വിശ്വസിക്കുന്ന കുടുംബം രണ്ടു വര്‍ഷമായി നിയമപ്പോരാട്ടത്തിലാണ്. സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.
This post have 0 komentar
EmoticonEmoticon