ന്യൂഡൽഹി : മരട് ഫ്ലാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട കേസിൽ രൂക്ഷമായ വിമർശനം കേൾക്കേണ്ടി വന്നതിൽ ഒന്നും പ്രതികരിക്കാനില്ലെന്ന് ചീഫ് സെക്രട്ടറി ടോംജോസ്. സുപ്രീംകോടതിയുടെ വിധി വരട്ടെ, അതിന് ശേഷമേ പ്രതികരിക്കൂ. സുപ്രീംകോടതിയുടെ ഉത്തരവ് പാലിക്കാൻ സർക്കാർ ബാധ്യസ്ഥരാണെന്നും ചീഫ് സെക്രട്ടറി കോടതി നടപടികൾ പൂർത്തിയാക്കി കേരളാ ഹൗസിലെത്തിയപ്പോൾ പ്രതികരിച്ചു.
എന്നാൽ തെറ്റുതിരുത്തൽ ഹർജിയിലടക്കം പ്രതീക്ഷയുണ്ടെന്നാണ് ഫ്ലാറ്റുടമകൾ വ്യക്തമാക്കിയത്. പല ഫ്ലാറ്റുടമകളായി സുപ്രീംകോടതിയിൽ തെറ്റുതിരുത്തൽ ഹർജികൾ നൽകിയിട്ടുണ്ട്. അത് സുപ്രീംകോടതി പരിഗണിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് ഫ്ലാറ്റുടമകൾ പറഞ്ഞു.
എന്നാൽ ഉത്തരവ് വരട്ടെയെന്ന പ്രതികരണം മാത്രമാണ് തദ്ദേശഭരണവകുപ്പ് മന്ത്രി എ സി മൊയ്തീൻ നടത്തുന്നത്. കോടതിയുടെ പരാമർശങ്ങളെല്ലാം ഉത്തരവിലുണ്ടാവണമെന്നില്ല. അതുകൊണ്ടുതന്നെ പരാമർശങ്ങളെ തൽക്കാലം കണക്കിലെടുക്കുന്നില്ലെന്നും മന്ത്രി എ സി മൊയ്തീൻ.
എന്തായാലും രാജ്യത്ത് ഏറ്റവും മുതിർന്ന, ഏറ്റവും കൂടുതൽ ഫീസ് വാങ്ങുന്ന അഭിഭാഷകരിൽ ഒരാളായ ഹരീഷ് സാൽവെയെ ഇറക്കി കേസ് വാദിക്കാൻ ശ്രമിച്ചിട്ട് പോലും ചീഫ് സെക്രട്ടറിക്ക് നേരെയുള്ള ശകാരം ഒഴിവാക്കാൻ സംസ്ഥാനസർക്കാരിന് കഴിഞ്ഞില്ല. ആദ്യം അഡീ. അഡ്വക്കറ്റ് ജനറൽ തുഷാർ മേത്തയെ സർക്കാർ കളത്തിലിറക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം കേസേറ്റെടുക്കാൻ തയ്യാറായില്ല. അതിന് ശേഷമാണ് അഡ്വ. ഹരീഷ് സാൽവെ കേസ് ഏറ്റെടുത്തത്. അഡ്വ. ഹരീഷ് സാൽവെ ഇടപെടാൻ ശ്രമിച്ചപ്പോഴൊക്കെ, 'നിങ്ങൾക്ക് ഈ കേസിന്‍റെ എല്ലാ നാൾവഴിയും വിശദാംശങ്ങളും അറിയില്ല', എന്ന് പറഞ്ഞ കോടതി, വാദിക്കാൻ സമയം നൽകിയില്ല.
പുറകിൽ നിന്നിരുന്ന ചീഫ് സെക്രട്ടറിയെ മുന്നിലേക്ക് വിളിച്ച് വരുത്തി, എപ്പോൾ ഫ്ലാറ്റുകൾ പൊളിക്കുമെന്ന് ഈ സത്യവാങ്മൂലത്തിൽ പറയുന്നില്ലല്ലോ എന്ന് ജസ്റ്റിസ് അരുൺ മിശ്ര ചോദിച്ചു. സംസ്ഥാനസർക്കാരിന് വിധി നടപ്പാക്കണമെന്ന ഒരു മനസ്സുമില്ലെന്ന് അരുൺ മിശ്രയുടെ ശകാരം. അത് സത്യവാങ്മൂലത്തിൽ വ്യക്തമെന്നും അരുൺ മിശ്ര.
This post have 0 komentar
EmoticonEmoticon