ചെന്നൈ: മേഘാലയയിലേക്ക് സ്ഥലം മാറ്റിയതിൽ പ്രതിഷേധിച്ച് രാജിവച്ച മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിജയ താഹിൽരമാനിയുടെ രാജി രാഷ്ട്രപതി അംഗീകരിച്ചു. വെള്ളിയാഴ്ച രാത്രിയോടെയാണ് രാജി അംഗീകരിച്ചതായി കേന്ദ്ര നിയമമന്ത്രാലയം വിജ്ഞാപനം പുറത്തുവിട്ടത്. 2020 ഒക്ടോബർ 3 വരെ സർവീസുണ്ടായിരിക്കെയാണ് രാജ്യത്തെ മുതിർന്ന വനിതാ ന്യായാധിപയായ വിജയ താഹിൽ രമാനി രാജിവച്ചൊഴിയുന്നത്
സെപ്റ്റംബർ 6-നാണ് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിജയ താഹിൽരമാനി രാജി സമർപ്പിച്ചത്. രാജ്യത്തെ മുൻനിരകോടതിയിൽ നിന്ന് തീർത്തും ചെറിയ കോടതിയിലേക്കുള്ള സ്ഥലംമാറ്റത്തിലൂടെ തന്നെ തരംതാഴ്‍ത്തുകയാണെന്ന് ചൂണ്ടിക്കാട്ടി അവർ കൊളീജിയത്തിന് കത്ത് നൽകിയിരുന്നു. എന്നാൽ കൊളീജിയം അത് പരിഗണിക്കാതെ തള്ളി. ഇതേത്തുടർന്നാണ് രാജിവെക്കുക എന്ന തീരുമാനത്തിലേക്ക് രാജ്യത്തെ ഏറ്റവും മുതിർന്ന വനിതാ ചീഫ് ജസ്റ്റിക് എത്തിയത്.
സുപ്രധാനമായ നിരവധി വ്യവഹാരങ്ങൾക്ക് തീർപ്പുകൽപ്പിക്കുന്ന മദ്രാസ് ഹൈക്കോടതി പോലെ ഒരിടത്തുനിന്ന്, ആളും കേസുമില്ലാത്ത മേഘാലയ ഹൈക്കോടതി പോലുള്ള ഇടങ്ങളിലേക്ക് ജഡ്ജിമാരെ സ്ഥലം മാറ്റുന്ന പതിവ് പൊതുവെ ഇല്ലാത്തതാണ്. കീഴ്‍വഴക്കം ലംഘിച്ചുകൊണ്ട് നടത്തപ്പെടുന്ന ഈ സ്ഥലംമാറ്റം ശിക്ഷണനടപടിക്ക് തുല്യമായി കണക്കാക്കപ്പെടുന്ന ഒന്നാണ്. അതുകൊണ്ടാണ്, സ്ഥലം മാറ്റത്തെ ചോദ്യം ചെയ്ത് കൊളീജിയത്തിന് സമർപ്പിച്ച പരാതി തള്ളിയതിന് തൊട്ടുപിന്നാലെ ജസ്റ്റിസ് വിജയ താഹിൽ രമാനി രാജിവെച്ച്, തലയുയർത്തിപ്പിടിച്ചു തന്നെ പുറത്തുപോകുന്നത്.
ഇപ്പോൾ മേഘാലയ ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസിന്‍റെ ഒഴിവില്ല എന്നതും ശ്രദ്ധേയമാണ്. ഇപ്പോൾ അവിടെ ചീഫ് ജസ്റ്റിസ് ആയിരിക്കുന്ന അജയ് കുമാർ മിത്തലിനെ സ്ഥലം മാറ്റിയിട്ടാണ് ജസ്റ്റിസ് വിജയ താഹിൽ രമാനിയെ അങ്ങോട്ട് സ്ഥലംമാറ്റാൻ കൊളീജിയം തീരുമാനിച്ചത്.
വിജയ താഹിൽരമാനി ബോംബെ ഹൈക്കോടതിയിൽ ജഡ്ജിയായിരിക്കെയാണ് 2017 -ൽ ഗുജറാത്ത് കലാപത്തോടനുബന്ധിച്ചുള്ള ബിൽക്കിസ് ബാനോ കേസ് വിചാരണയ്‌ക്കെടുക്കുന്നത്. പ്രസ്തുത കേസിൽ അവർ പുറപ്പെടുവിച്ച 400 പേജുള്ള വിധിന്യായം ശ്രദ്ധേയമായിരുന്നു. ആ കേസ് വിസ്തരിച്ച വിജയ താഹിൽ രമാനി പതിനൊന്നു പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon