തിരുവനന്തപുരം: പി എം ഐ ഇന്ത്യ തിരുവനന്തപുരം ചാപ്റ്റർ സ്റ്റാർട്ടപ്പ് ഉച്ചകോടി സംഘടിപ്പിച്ചു. കേരള സ്റ്റാർട്ടപ്പ് മിഷന്റെ സഹകരണത്തോടെയാണ് ഹാച്ച് 2020 എന്ന പേരിൽ സമ്മേളനം നടന്നത്. തലസ്ഥാനത്തെ ഹിൽട്ടൺ ഗാർഡൻ ഇന്നിൽ നടന്ന ഉച്ചകോടിയിൽ അമ്പതിലേറെ സ്റ്റാർട്ടപ്പ് സംരംഭകർ പങ്കെടുത്തു. രാജ്യത്തെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയുടെ ഉന്നമനവും വളർച്ചയും ലക്ഷ്യമിട്ട് പി എം ഐ ഇന്ത്യ ആദ്യമായി സംഘടിപ്പിച്ച സ്റ്റാർട്ടപ്പ് ഉച്ചകോടി സ്റ്റാർട്ടപ്പ് സംരംഭങ്ങൾ പ്രോജക്റ്റ് മാനേജ്മെന്റ് പ്രവർത്തനം ഉൾക്കൊള്ളേണ്ടതിന്റെ ആവശ്യകതയെ ഉയർത്തിക്കാട്ടുന്നതായിരുന്നു. പ്രോജക്റ്റ് മാനേജ്മെന്റ് സങ്കേതങ്ങൾ കണ്ണിചേർത്തുകൊണ്ടാവണം സ്റ്റാർട്ടപ്പ് സംരംഭങ്ങളുടെ പ്രവർത്തന പദ്ധതികൾ തയ്യാറാക്കേണ്ടത്. ലാഭാധിഷ്ഠിതമായല്ലാതെ, സാമൂഹിക വികാസം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ലോകത്തെ മുൻനിര പ്രൊഫഷണൽ കൂട്ടായ്മയായ പ്രോജക്റ്റ് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട്, തങ്ങളുടെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവർത്തനപദ്ധതികളും സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയുടെ വളർച്ചയിൽ വഹിക്കാനാവുന്ന പങ്കുമുൾപ്പെടെ സമഗ്രമായ അവബോധപരിപാടിയാണ് സമ്മേളനത്തിൽ അവതരിപ്പിച്ചത്.
വിവിധ രംഗങ്ങളിലെ സ്റ്റാർട്ടപ്പ് പ്രമുഖരെ ഒരു പൊതുവേദിയിൽ കൊണ്ടുവന്ന് അനുഭവങ്ങൾ പങ്കുവെയ്ക്കുകയായിരുന്നു ഉദ്ദേശ്യം. ഏയ്ഞ്ചൽ നിക്ഷേപകരും വൻകിട നിക്ഷേപകരുമായി ഒരു കൂടിക്കാഴ്ചക്ക് അവസരം ഒരുക്കിയതിലൂടെ നവസംരംഭകർക്ക് തങ്ങളുടെ ആശയങ്ങൾ അവതരിപ്പിക്കാനും അവയുടെ സാധ്യതകൾ വർധിപ്പിക്കാനുമായി. സെൻസ് എ ഐ വെൻച്വർസ് മാനേജിങ് ഡയറക്ടർ വിനീഷ് കതൂരിയ സ്റ്റാർട്ടപ്പ് മേഖല അഭിമുഖീകരിക്കുന്ന പരാജയ ഭീതി എന്ന സുപ്രധാനവിഷയത്തിൽ ഊന്നിയാണ് സംസാരിച്ചത്. നിക്ഷേപങ്ങൾ സമാഹരിക്കുന്നതിലും അനുയോജ്യരായ വ്യാപാര പങ്കാളികളെ കണ്ടെത്തുന്നതിലും തന്റെ സ്വന്തം സ്റ്റാർട്ടപ്പ് കമ്പനി തുടക്കത്തിൽ അഭിമുഖീകരിച്ച വെല്ലുവിളികളെപ്പറ്റി അദ്ദേഹം വിശദീകരിച്ചു.
സ്റ്റാർട്ടപ്പുകളിലെ ഊർജസ്വലരായ സംരംഭകർക്ക് അവരുടെ ആശയങ്ങളും അനുഭവങ്ങളും പങ്കുവെയ്ക്കാനുള്ള ഒരു പൊതുവേദി ഒരുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് പി എം ഐ ഇന്ത്യ മാനേജിങ് ഡയറക്ടർ ഡോ. ശ്രീനി ശ്രീനിവാസൻ പറഞ്ഞു. യുവ സംരംഭകർ പങ്കുവെച്ച അനുഭവങ്ങളും ആശയങ്ങളും ആഹ്ളാദം പകർന്നെന്ന് പി എം ഐ തിരുവനന്തപുരം ചാപ്റ്റർ പ്രസിഡണ്ട് ഡോ. കൃഷ്ണകുമാർ ടി ഐ അഭിപ്രായപ്പെട്ടു. സെമിനാറുകളും ഓപ്പൺ ഫോറങ്ങളും അടക്കം യുവാക്കൾക്ക് അവസരങ്ങൾ നൽകുന്ന പ്രൊഫഷണൽ പരിപാടികൾ തുടർന്നും സംഘടിപ്പിക്കുമെന്നും ദീർഘകാലാടിസ്ഥാനത്തിൽ വിലയിരുത്തിയാൽ രാജ്യത്ത് പ്രൊഫഷണലുകളുടെ ഒരു ശൃംഖല സൃഷ്ടിക്കാൻ അതിടയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമീപകാല നേട്ടങ്ങളെ മുൻനിർത്തി കെ എസ് യു എം ടീമിനെ ചടങ്ങിൽ ആദരിച്ചു. രാജ്യത്തെ ഏറ്റവും മികച്ചതെന്ന് കേൾവികേട്ട സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ രൂപപ്പെടുത്തുന്നതിലും വളർത്തിയെടുക്കുന്നതിലും വലിയ പങ്കാണ് കെ എസ് യു എം വഹിക്കുന്നത്.
സ്റ്റാർട്ടപ്പ് വ്യവസായരംഗത്തെ വളർച്ചയും ഉത്തേജനവും മുൻനിർത്തി സംഘടിപ്പിക്കപ്പെട്ട പരിപാടിയിൽ പി എം ഐക്കൊപ്പം സഹകരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് കേരള സ്റ്റാർട്ടപ്പ് മിഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സജി ഗോപിനാഥ് അഭിപ്രായപ്പെട്ടു. വിപണിയിലേക്കുള്ള പ്രവേശനം, പുതിയ വിപണികൾ കണ്ടെത്തൽ, പുതിയ ഉത്പ്പന്നങ്ങൾ അവതരിപ്പിക്കൽ തുടങ്ങി സ്റ്റാർട്ടപ്പ് രംഗം നേരിടുന്ന സവിശേഷ പ്രശ്നങ്ങളാണ് ഉച്ചകോടിയിൽ ചർച്ചചെയ്യപ്പെട്ടത്. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കൽ, സർക്കാർ പിന്തുണ ഉറപ്പാക്കൽ, വ്യവസായമേഖലയുമായി ബന്ധപ്പെടുത്തൽ എന്നിവക്കൊപ്പം പ്രോജക്ട് മാനേജ്മെന്റ് മേഖലയുമായും നവസംരംഭകരെ കണ്ണിചേർക്കേണ്ടത് സ്റ്റാർട്ടപ്പുകളുടെ ലക്ഷ്യങ്ങൾ നേടാൻ അത്യാവശ്യമാണ്" - അദ്ദേഹം വിശദമാക്കി.
രാവിലെ നടന്ന സെഷനിൽ ഐബിസ് ഫ്രഷ്, ജോൺസൺ മെഡികോം, ഇൻഫോറിച്ച് ടെക്‌നോളജി, സിഗ്നിഫിക്കന്റ് ഓൺലൈൻ, ജൻശ്രീ, സ്‌ക്രീൻ ഫ്യുവൽ പ്രൊഡക്ഷൻസ് തുടങ്ങി നിരവധി കമ്പനികൾ പങ്കെടുത്തു. ഉച്ചക്ക് ശേഷമുള്ള സെഷനിൽ ഡാഡ്.ഐ ഒ(ബധിരർക്കുള്ള ഡിജിറ്റൽ ആർട്സ് അക്കാദമി); ഹയർസ്റ്റാർ (സംസ്ഥാനത്തെ പ്രഥമ സംയോജിത ജോബ് പോർട്ടൽ); ട്രാവൽ എസ് പി ഒ സി (മുൻനിര ഓൺലൈൻ ട്രാവൽ കമ്പനി); ഫ്രീലാൻസ്.ഡി സി, ഫൊർഫിറ്റ് ടെക്‌നോളജീസ്, ഇറാലൂം, പൊട്ടാഫോ, ഫ്ലോക്‌ഫോർജ്, ഡ്രീംസ്റോക്ക് തുടങ്ങി കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖ സ്റ്റാർട്ടപ്പുകൾ പങ്കെടുത്തു.
സമ്മേളനത്തിന്റെ ഭാഗമായി നടന്ന പാനൽ ചർച്ചക്ക് പി എം ഐ തിരുവനന്തപുരം ചാപ്റ്റർ പ്രസിഡണ്ട് ഡോ. കൃഷ്ണകുമാർ ടി ഐ മോഡറേറ്ററായി. അശോക് കുര്യൻ (ഹെഡ്, ബിസിനസ് ലിങ്കേജസ് & ഇൻക്യൂബേഷൻ); നിഷോർ സി എൽ (ഡയറക്ടർ, എഞ്ചിനീയറിംഗ് സർവീസസ്, സി ടി എസ്); ബ്രജേഷ് കൈമൾ (സ്ഥാപകാംഗം, പി എം ഐ കേരള; ഡയറക്ടർ, എക്സ്പീരിയൻ ടെക്‌നോളജീസ്) എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സ്റ്റാർട്ടപ്പുകൾ നേരിടുന്ന വിവിധ തരത്തിലുള്ള വെല്ലുവിളികളും അവയ്ക്കുള്ള പരിഹാര നിർദേശങ്ങളും ചർച്ചയിൽ ഉയർന്നുവന്നു. പ്രോജക്റ്റ്, പ്രോഗ്രാം, പോർട്ട്ഫോളിയോ മാനേജ്മെന്റ് പ്രൊഫഷണലുകളുടെ കൂട്ടായ്മയായായ പി എം ഐക്ക് ആഗോള തലത്തിൽ മുന്നൂറോളം ചാപ്റ്ററുകളുണ്ട്. ഡൽഹി, മുംബൈ, പുണെ, ഹൈദരാബാദ്, ബെംഗളൂരു, തിരുവനന്തപുരം, ചെന്നൈ, കൊൽക്കത്ത എന്നിവിടങ്ങളിലായി എട്ടു ചാപ്റ്ററുകളാണ് ഇന്ത്യയിലുള്ളത്. കൂടുതൽ വിവരങ്ങൾക്ക്: www.pmi.org.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon