തിരുവനന്തപുരം: ജനസംഖ്യ കണക്കെടുപ്പും ദേശീയ ജനസംഖ്യ രജിസ്റ്റര്‍ (എന്‍പിആര്‍) തമ്മില്‍ ബന്ധമില്ലെന്നും രണ്ടും വ്യത്യസ്ത പ്രക്രിയകളാണെന്നും ചീഫ് സെക്രട്ടറി ടോം ജോസ്. ജനസംഖ്യാ കണക്കെടുപ്പിനായി അധ്യാപകരും സര്‍ക്കാര്‍ ജീവനക്കാരുമടങ്ങുന്ന എന്യുമറേറ്റര്‍മാര്‍ വീടുകളിലെത്തുമ്പോൾ വിവരങ്ങള്‍ നല്‍കി ജനങ്ങള്‍ സഹകരിക്കണമെന്ന് ചീഫ് സെക്രട്ടറി അഭ്യര്‍ത്ഥിച്ചു.
സംസ്ഥാനത്ത് എന്‍പിആര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുകയോ വിവരങ്ങള്‍ വീടുകളില്‍ നിന്ന് എന്യുമറേറ്റര്‍മാര്‍ ശേഖരിക്കുകയോ ചെയ്യില്ലെന്നു ചീഫ് സെക്രട്ടറി ടോംജോസ് വ്യക്തമാക്കി. എന്നാൽ, പത്തു വര്‍ഷത്തിലൊരിക്കല്‍ രാജ്യത്ത് നടക്കുന്ന ജനസംഖ്യ കണക്കെടുപ്പില്‍ ശേഖരിക്കുന്ന സാമ്പത്തിക, സാമൂഹ്യ, വ്യക്തിഗത വിവരങ്ങള്‍ നാടിന്റെ അടുത്ത പത്ത് വര്‍ഷത്തേക്കുള്ള വിസകന പ്രവര്‍ത്തനങ്ങള്‍ നിശ്ചയിക്കുന്നതില്‍ നിര്‍ണായകമാണ്. അതിനാൽ സഹകരണം ആവശ്യമാണ്.
ജനസംഖ്യ കണക്കെടുപ്പ് രാജ്യത്ത് രണ്ടു ഘട്ടങ്ങളിലായാണ് നടത്തുന്നത്. ഇത്തവണ ആദ്യ ഘട്ട ജനസംഖ്യ കണക്കെടുപ്പിനൊപ്പം എന്‍പിആര്‍ പുതുക്കുന്നതിന് ആവശ്യമായ വിവരങ്ങളും ശേഖരിക്കാനായിരുന്നു കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ ജനസംഖ്യാ കണക്കെടുപ്പിനൊപ്പം ദേശീയ ജനസംഖ്യ രജിസ്റ്റര്‍ പുതുക്കല്‍ നടപടി നടത്തുകയോ സഹകരിക്കുകയോ ചെയ്യില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം കേന്ദ്ര സര്‍ക്കാരിനെ നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്. ഈ ഘട്ടത്തില്‍ എന്‍പിആര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുകയോ വിവരങ്ങള്‍ വീടുകളില്‍ നിന്ന് എന്യുമറേറ്റര്‍മാര്‍ ശേഖരിക്കുകയോ ചെയ്യില്ലെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.
ജനസംഖ്യാ കണക്കെടുപ്പിന്റെ ആദ്യ ഘട്ടം ഏപ്രില്‍, മേയ് മാസങ്ങളിലാണ് സംസ്ഥാനത്ത് നടക്കുന്നത്. വാസസ്ഥലം രേഖപ്പെടുത്തലും ഗൃഹനാഥന്റെ പേര്, അംഗങ്ങളുടെ എണ്ണം, വാസസ്ഥലത്തിന്റെ അവസ്ഥ, അടുക്കള, കുടിവെള്ളം, ശൗചാലയം, വീട്ടുപകരണങ്ങള്‍, വാഹനങ്ങള്‍ തുടങ്ങി സൗകര്യങ്ങളും സാമഗ്രികളും ഉള്‍പ്പെടെയുള്ള 33 ചോദ്യങ്ങളും വിവരങ്ങളും മാത്രമാണതില്‍ ശേഖരിക്കുന്നത്. രണ്ടാം ഘട്ടമായി 2021 ഫെബ്രുവരി ഒന്‍പത് മുതല്‍ മാര്‍ച്ച് അഞ്ചു വരെയാണ് ജനങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുന്നത്. ആ സമയം ജനസംഖ്യ കണക്കെടുപ്പിനാവശ്യമായ വ്യക്തിഗത വിവരങ്ങള്‍ മാത്രമേ ശേഖരിക്കൂ. വിവാദമുണ്ടാക്കുന്ന ചോദ്യങ്ങള്‍ ജനസംഖ്യാ കണക്കെടുപ്പിനുള്ള ചോദ്യാവലിയില്‍ ഉള്‍പ്പെടുന്നില്ലെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon