തിരുവനന്തപുരം: ശബരിമലയെ സംബന്ധിച്ച സുപ്രിംകോടതി വിധി നടപ്പാക്കുന്ന കാര്യത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നിലപാടു തള്ളിയ സംസ്ഥാന കോൺഗ്രസ് നേതാക്കളെക്കുറിച്ച് നിലപാടു വ്യക്തമാക്കാൻ എ കെ ആൻ്റണിയ്ക്കു ശക്തിയുണ്ടോ എന്നറിയാനാണ് കേരളം കാത്തിരിക്കുന്നതെന്ന് ധനമന്ത്രി തോമസ് ഐസക്. ആർത്തവം സ്ത്രീയ്ക്ക് അശുദ്ധി കൽപ്പിക്കുന്നു എന്ന് ഇക്കാലത്തും പരസ്യമായി പ്രസംഗിക്കാൻ ഉളുപ്പില്ലാത്ത കോൺഗ്രസ് നേതാക്കളെക്കുറിച്ചും അദ്ദേഹത്തിനെന്താണ് പറയാനുള്ളത്? മൌനം ഭജിച്ചും അലറി വിളിച്ചും സവർണത രാഷ്ട്രീയത്തിന്റെ കാര്യസ്ഥപ്പണി ചെയ്യുകയാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ. അവർക്കെതിരെയുള്ള രൂക്ഷമായ വിമർശനം തുടരുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ്റെ മതേതര സർട്ടിഫിക്കറ്റ് തനിക്ക് ആവശ്യമില്ലെന്നൊക്കെയാണ് ആന്റണി വാദിക്കുന്നത്. രാഷ്ട്രീയവിമർശനം വില്ലേജ് ഓഫീസിലെ സർട്ടിഫിക്കറ്റാണോ? രാഷ്ട്രീയവിമർശനങ്ങളെ നേരിടേണ്ടത്, വിമർശനത്തിൽ കഴമ്പുണ്ടോ എന്നു പരിശോധിച്ചാണ്. അതിനുള്ള സത്യസന്ധതയില്ലായ്മ മറച്ചുവെയ്ക്കാനാണ് ഇത്തരം വീൺവാക്കുകൾ. നമ്മുടെ നവോത്ഥാനപാരമ്പര്യത്തിനു തുരങ്കം വെയ്ക്കാൻ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ തുനിയുമ്പോൾ, ഇതല്ല, എ കെ ആൻ്റണിയിൽ നിന്ന് കേരളം പ്രതീക്ഷിക്കുന്ന നിലപാട്.
ആൻ്റണിയടക്കമുള്ള കോൺഗ്രസ് നേതാക്കൾ ആർഎസ്എസിന് വെള്ളവും വളവും നൽകുന്നുവെന്ന വിമർശനത്തിന്റെ പശ്ചാത്തലമെന്താണ്? ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രിംകോടതി വിധിയെ ആദ്യം സ്വാഗതം ചെയ്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മണിക്കൂറുകൾക്കകം മലക്കം മറിഞ്ഞതിന്റെ കാരണങ്ങളിൽ നിന്നാണ് ആ വിമർശനത്തിന്റെ സാധുത ആൻ്റണിയെപ്പോലൊരാൾ പരിശോധിക്കേണ്ടത്.
സുപ്രിംകോടതി വിധി നടപ്പാക്കാൻ ഏതു സർക്കാരിനും ബാധ്യതയുണ്ട് എന്ന് മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായി ദീർഘകാലം പരിചയമുള്ള ആൻ്റണിയ്ക്ക് അറിയാത്തതാണോ? ശബരിമലയിൽ പത്തിനും അമ്പതിനും ഇടയ്ക്കു പ്രായമുള്ള സ്ത്രീകൾക്ക് പ്രവേശാനുമതി സുപ്രിംകോടതി നൽകിയാൽ, ആ അവകാശം വിനിയോഗിക്കാൻ ഒരാൾ തീരുമാനിക്കുന്ന നിമിഷം മുതൽ വിധി നടപ്പിലാവുകയാണ്. അങ്ങനെയൊരാൾ സന്നദ്ധയായി മുന്നോട്ടു വന്നാൽ സർക്കാർ സംരക്ഷണം നൽകിയേ മതിയാകൂ. ആരു മുഖ്യമന്ത്രിയായാലും അതു തന്നെയാണ് ചെയ്യേണ്ടത്. അത്രയേ കേരളത്തിൻ്റെ മുഖ്യമന്ത്രിയും സർക്കാരും ചെയ്തിട്ടുള്ളൂ.
എന്നാൽ, അത്തരമൊരു സന്ദർഭത്തെ ഹീനമായ വർഗീയപ്രചരണത്തിനുള്ള അവസരമാക്കുകയാണ് കേരളത്തിലെ കോൺഗ്രസ് നേതൃത്വം ചെയ്തത്. ബിജെപിയും സംഘപരിവാറും അതു ചെയ്യുന്നതു മനസിലാക്കാം. എന്തിനാണ് ആ കൂട്ടത്തിൽ കോൺഗ്രസുകാർ പോകുന്നത്? ബിജെപിയുടെ സമരത്തിൽ കൊടി പിടിക്കാതെ പങ്കെടുക്കാൻ കോൺഗ്രസുകാർക്ക് അനുമതി കൊടുക്കേണ്ട ഗതികേടിലേയ്ക്ക് എങ്ങനെയാണ് കേരളത്തിലെ കോൺഗ്രസ് നേതൃത്വം അധഃപതിച്ചത്?
കേരളത്തിൽ അതിഗുരുതരമായ പ്രതിസന്ധിയാണ് കോൺഗ്രസ് നേരിടുന്നത്. അണികൾ ബിജെപിയിലേയ്ക്ക് ഒലിച്ചു പോകുന്ന അവസ്ഥ. കേരളത്തിലെ കോൺഗ്രസ് പാർടിയെ രക്ഷിക്കാൻ പിണറായി വിരുദ്ധ വാചാടോപം കൊണ്ടൊന്നും കഴിയുകയില്ലെന്ന് ആദരണീയനായ എ കെ ആൻ്റണി മനസിലാക്കണം. പ്രശ്നത്തെ നേർക്കുനേർ അഭിമുഖീകരിക്കാനുള്ള രാഷ്ട്രീയസത്യസന്ധത കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon