ന്യൂഡല്‍ഹി: ഡല്‍ഹി രാജ്പഥില്‍ 70-ാം റിപ്പബ്ലിക് ദിനാഘോഷം പ്രൗഢഗംഭീരമായി നടന്നുകൊണ്ടിരിക്കേ സദസ്സില്‍ ശ്രദ്ധയാകര്‍ഷിച്ച് രാഹുല്‍ ഗാന്ധി-നിതിന്‍ ഗഡ്കരി സൗഹൃദം. മുന്‍ നിരയിലായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയും ഇരുന്നിരുന്നത്. ചടങ്ങ് തുടങ്ങിയത് മുതല്‍ അവസാനം വരെ ഇരുവരും സൗഹൃദ സംഭാഷണത്തിലായിരുന്നു. രാഹുലിന്റെ വലത് വശത്തായി മൂന്ന് സീറ്റുകള്‍ക്കപ്പുറം ബിജെപി അധ്യക്ഷന്‍ അമിത് ഷായും ഉണ്ടായിരുന്നു.
അടുത്തിടെ ഗഡ്കരി ബിജെപി നേതൃത്വത്തിനും സര്‍ക്കാരിനുമെതിരേ പരോക്ഷവിമര്‍ശനങ്ങള്‍ നടത്തിയിരുന്നു. ഇതാണ് രാഹുലും ഗഡ്കരിയും തമ്മിലുള്ള സൗഹൃദത്തെ കൂടുതല്‍ ശ്രദ്ധേയമാക്കിയത്.
നേരത്തെ ചില പൊതു പരിപാടികളില്‍ പ്രസംഗിക്കുന്നതിനിടെ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും ഇന്ധിരാ ഗാന്ധിയുടേയും നേതൃപാടവത്തെ ഗഡ്കരി പ്രശംസിക്കുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ് നേതാക്കളെ പരസ്യമായി പ്രശംസിക്കുന്ന ഗഡ്കരിക്കെതിരേ പാര്‍ട്ടിക്കുള്ളില്‍ നിന്ന് ശക്തമായ വിമര്‍ശനമുയര്‍ന്നിരുന്നു.
മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്കേറ്റ തിരിച്ചടിയില്‍ നേതൃത്വം മറുപടി പറയണമെന്ന ഗഡ്കരിയുടെ പ്രസ്താവനയും വിവാദമായി. അമിത് ഷാ-മോദി കൂട്ടുകെട്ടിനെ അംഗീകരിക്കില്ലെന്നും 2019-ല്‍ ഗഡ്കരി പ്രധാനമന്ത്രി ആയാല്‍ പിന്തുണക്കുമെന്നും എന്‍ഡിഎ ഘടക കക്ഷിയായ ശിവസേനയും പറഞ്ഞിരുന്നു. വിവാദങ്ങള്‍ക്കിടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കും മറ്റുമായി രൂപീകരിച്ച സമിതികളില്‍ ഗഡ്കരിക്ക് ബിജെപി കാര്യമായ ഇടംനല്‍കിയിരുന്നില്ല.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon