തിരുവനന്തപുരം: രാജ്യത്തെ ജനങ്ങൾക്ക് വേണ്ടിയല്ല, പരാജയത്തിന്റെ ആൾരൂപമായി നിൽക്കുന്ന നരേന്ദ്ര മോഡിക്കും കൂട്ടർക്കും വേണ്ടിയുള്ളതാണ് ഈ ബജറ്റ് എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബി ജെ പി സർക്കാർ നേരത്തെ പറഞ്ഞപോലെ വോട്ട് ഓൺ അക്കൗണ്ടോ, ഇടക്കാല ബജറ്റോ അല്ല അവതരിപ്പിച്ചത്. ഒരു സമ്പൂർണ ബജറ്റെന്ന നിലയിൽ ധനച്ചെലവിലും നികുതിരംഗത്തും വലിയ മാറ്റങ്ങളാണ‌് ഉൾക്കൊള്ളിച്ചിരിക്കുന്നത്. നാലര വർഷക്കാലം ജനങ്ങളെ കൊള്ളയടിച്ചവർ പൊതുതെരഞ്ഞെടുപ്പടുക്കുമ്പോൾ വഞ്ചനാ ബജറ്റുമായി രംഗപ്രവേശം ചെയ്തിരിക്കയാണെന്ന് കോടിയേരി കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പ് സമയത്ത് നടത്താറുള്ള മൈതാന പ്രസംഗത്തിനപ്പുറത്ത് ഒന്നുമില്ലാത്ത ഒരു ബജറ്റ് ലക്ഷ്യമിടുന്നത് ജനദ്രോഹമുഖമുള്ള കേന്ദ്ര സർക്കാരിനെ വെള്ളപൂശാനാണ്.
കോർപറേറ്റുകൾക്കും അതിസമ്പന്നർക്കും വേണ്ടിയുള്ള ഭരണമായിരുന്നു മോഡിയും കൂട്ടരും നടത്തിയിരുന്നത്. സ്വാഭാവികമായും കർഷകരും തൊഴിലാളികളും മറ്റും സർക്കാരിനെതിരെ തിരിഞ്ഞു. അവരുടെ പ്രതിഷേധം രാജ്യമെമ്പാടും വളർന്നുവരികയും ചെയ‌്തു. കർഷകവിരുദ്ധ, തൊഴിലാളി വിരുദ്ധ പ്രതിച്ഛായയാണ് സർക്കാരിനുള്ളത്. അത് മറികടക്കുന്നതിനുള്ള അഭ്യാസമാണ് ഈ ബജറ്റ്.
കർഷകരെയും അസംഘടിതമേഖലയിലെ തൊഴിലാളികളെയും മധ്യവർഗത്തെയും കൂടെ നിർത്താനുള്ള നടപടികളാണ് കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ളത്. പ്രായോഗികമല്ലാത്ത പ്രഖ്യാപനങ്ങൾ. നോക്കൂ; കർഷകർക്ക് അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് 6000 രൂപ നൽകുന്ന പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി നടപ്പാക്കണമെങ്കിൽ സർക്കാർ തന്നെ പറയുന്നത് 75000 കോടിരൂപ വേണമെന്നാണ്. എന്നാൽ, അടുത്ത മൂന്ന് മാസത്തേക്കുള്ള വോട്ട് ഓൺ അക്കൗണ്ടിൽ ഇതിനുള്ള തുക വകയിരുത്താനായിട്ടില്ല. പിന്നെ എങ്ങനെയാണ് ഈ പദ്ധതി നടപ്പാക്കുകയെന്നു അദ്ദേഹം ചോദിച്ചു.
മെഗാ പദ്ധതിയാണ് എന്ന് കൊട്ടിഘോഷിക്കുമ്പോഴും നാലംഗ കാർഷിക കുടുംബത്തിന് ഈ പണം വീതിക്കുമ്പോൾ വെറും നാല് രൂപമാത്രമാണ് ദിനംപ്രതി ലഭിക്കുക എന്ന വസ്തുതയും കാണാതെ പോകരുത്.
കാർഷികച്ചെലവും അതിന്റെ 50 ശതമാനവും എന്ന 2014ലെ മോഡിയുടെ വാഗ്ദാനം നടപ്പാക്കാത്തതാണ് കർഷകരുടെ രോഷം മോഡി സർക്കാരിനെതിരെ തിളച്ചുമറിയാൻ കാരണമായത്. രാജ്യത്തെ കർഷകരുടെ ആവശ്യം സ്വാമിനാഥൻ കമീഷൻ റിപ്പോർട്ട് യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കുക എന്നതാണ്. അതിനായി എന്ത് നടപടി സ്വീകരിച്ചു?
രാജ്യത്തിന്റെ യഥാർത്ത സ്ഥിതിവിവരക്കണക്കുകളും വസ‌്തുതയും വളച്ചൊടിച്ചും മറച്ചുവച്ചും നോട്ട് നിരോധനത്തിന്റെയും ജി എസ് ടി യുടേയും മറ്റും ആഘാതം മറച്ചുവച്ചും ജനങ്ങളുടെ കണ്ണിൽപ്പൊടിയിടാനായി ഒരു തട്ടിപ്പ് ബജറ്റവതരിപ്പിച്ചാൽ എല്ലാവരെയും പറ്റിക്കാം എന്ന് കരുതരുത്. തിരിച്ചറിവും വിവേകവും വിവേചന ശേഷിയുമുള്ള ജനങ്ങൾ ബി ജെ പി സർക്കാരിനോട് കണക്കു ചോദിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon