തിരുവനന്തപുരം : പ്രതിസന്ധിയിലായ സ്വകാര്യ കശുവണ്ടി ഫാക്ടറികള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കുന്നതിന് പ്രത്യേക പാക്കേജ് അംഗീകരിക്കാന്‍ ബാങ്ക് പ്രതിനിധികളുടെ യോഗത്തിൽ ധാരണയായി. ഇതോടെ അടഞ്ഞു കിടക്കുന്ന സ്വകാര്യ കശുവണ്ടി വ്യവസായശാലകള്‍ തുറക്കും.
പുതിയ വായ്പകള്‍ക്ക് ഒമ്പതു ശതമാനം ഏകീകരിച്ച പലിശ ഈടാക്കാനുള്ള തീരുമാനമാണ് പ്രധാനം. പുതിയ വായ്പകള്‍ക്ക് ഒരു വര്‍ഷത്തേക്ക് പലിശ സര്‍ക്കാര്‍ നല്‍കും. ഇതിന് 25 കോടി രൂപ ബജറ്റില്‍ നീക്കിവെച്ചിട്ടുണ്ട്.
നിലവിലുള്ള വായ്പയുടെ പിഴപ്പലിശ പൂര്‍ണ്ണമായും ഒഴിവാക്കും. പ്രതിസന്ധിയിലായ യൂണിറ്റുകളുടെ സംസ്ഥാന നികുതി കുടിശ്ശികയ്ക്ക് ഒരു വര്‍ഷത്തേക്ക് മൊറട്ടോറിയം നല്‍കും. പ്രൊവിഡന്റ് ഫണ്ട്, ഇ.എസ്.ഐ എന്നിവയുടെ കുടിശ്ശിക തീര്‍ക്കുന്നതിന് സാവകാശം ലഭിക്കാന്‍ കേന്ദ്രത്തെ സമീപിക്കും. പുനരുദ്ധരിക്കുന്ന യൂണിറ്റുകള്‍ക്ക് കേരള കാഷ്യു ബോര്‍ഡ് വഴി തോട്ടണ്ടി ലഭ്യമാക്കാനാണ് തീരുമാനം.
ഫെബ്രുവരി 28ന് മുമ്പ് അമ്പത് ഫാക്ടറികള്‍ക്ക് പുനര്‍വായ്പ നല്‍കണമെന്ന നിര്‍ദ്ദേശം ബാങ്ക് പ്രതിനിധികള്‍ അംഗീകരിച്ചു. ബാക്കിയുള്ള യൂണിറ്റുകളുടെ പുനരുദ്ധാരണ പാക്കേജ് നടപടികള്‍ മാര്‍ച്ച് 15ന് മുമ്പ് പൂര്‍ത്തിയാക്കും. ഒറ്റത്തവണ തീര്‍പ്പാക്കലിന് ശുപാര്‍ശ ചെയ്യപ്പെട്ട 58 യൂണിറ്റുകളുടെ കാര്യം പുനഃപരിശോധിക്കും. ആറ് കമ്പനികളുടെ കാര്യം അസറ്റ് റീസ്ട്രക്ചറിങ്ങ് കമ്മിറ്റിക്ക് വിട്ട തീരുമാനം പുനഃപരിശോധിക്കാന്‍ ബന്ധപ്പെട്ട ബാങ്കുകളോട് ആവശ്യപ്പെടും. സ്വകാര്യ ഫാക്ടറികള്‍ പുനരുദ്ധരിക്കുന്നതിന് രൂപീകരിച്ച കമ്മിറ്റിയുടെ മുമ്പാകെ പുനരുദ്ധാരണ പാക്കേജ് സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്ക് ഒരു അവസരം കൂടി നല്‍കാനും യോഗം തീരുമാനിച്ചു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon