റായ്പുര്‍:ഛത്തീസ്ഗഢില്‍ ബി.ജെ.പി പരിപാടി റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകര്‍ എത്തിയത് തലയില്‍ ഹെല്‍മറ്റ് ധരിച്ച്.
ശനിയാഴ്ച ദ വോയ്സ് എന്ന ന്യൂസ് പോര്‍ട്ടലിന്റെ റിപ്പോര്‍ട്ടര്‍ സുമിത് പാണ്ഡേയ്ക്ക് റിപ്പോര്‍ട്ടിങ്ങിനിടെ ബി ജെ പി നേതാക്കളില്‍നിന്ന് മര്‍ദനമേറ്റിരുന്നു.ഈ സംഭവത്തോടുള്ള പ്രതിഷേധ സൂചകമായാണ് ബി ജെ പി പരിപാടിയില്‍ ഹെല്‍മെറ്റ് ധരിച്ച് മാധ്യമപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ടിങ്ങിനെത്തിയത്.
റായ്പൂരില്‍ ബി ജെ പി ജില്ലാ നേതാക്കളുടെ യോഗം മൊബൈലില്‍ റെക്കോഡ് ചെയ്യുന്നതിനിടെയായിരുന്നു സുമിത്തിനു നേരെ ആക്രമണമുണ്ടായത്. യോഗത്തിനിടെ നേതാക്കള്‍ തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. അതോടെ റായ്പുര്‍ ജില്ലാ ബി ജെ പി പ്രസിഡന്റ് രാജീവ് അഗര്‍വാള്‍, ഉത്കര്‍ഷ് ദ്വിവേദി എന്നിവര്‍ സുമിത്തിനോട് വീഡിയോ ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ സുമിത് ഈ ആവശ്യം നിരാകരിച്ചു.
തുടര്‍ന്ന് ഇവര്‍ സുമിത്തിനെ മര്‍ദിക്കുകയും വീഡിയോ ഡിലീറ്റ് ചെയ്യിക്കുകയും ചെയ്തു. തുടര്‍ന്ന് യോഗം നടന്ന മുറിയില്‍ 20 മിനുട്ടോളം സുമിത്തിനെ ഇരുത്തുകയും ചെയ്തു. പുറത്തെത്തിയതിനു ശേഷം സംഭവത്തെ കുറിച്ച് മറ്റു മാധ്യമപ്രവര്‍ത്തകരോട് സുമിത് പറയുകയായിരുന്നു. ആക്രമണത്തില്‍ സുമിത്തിന്റെ തലയ്ക്കാണ് പരിക്കേറ്റത്. തുടര്‍ന്ന് സുമിത്തിനെ ആക്രമിച്ചവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ ബി ജെ പി ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി. സുമിത്തിന്റെ പരാതിയില്‍ രാജീവ് അഗര്‍വാള്‍ ഉള്‍പ്പെടെ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
This post have 0 komentar
EmoticonEmoticon