കാസർകോട് പെരിയയിൽ വെട്ടേറ്റ് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ മൃതദേഹം സംസ്കരിച്ചു. കല്യോട്ട് കൂരാങ്കരയിൽ തയ്യാറാക്കിയ പ്രത്യേക സ്ഥലത്ത് അടുത്തടുത്തായാണ് ശരത്‍ലാലിന്‍റെയും കൃപേഷിന്‍റെയും മൃതദേഹങ്ങള്‍ സംസ്കരിച്ചത്. ആയിരങ്ങളാണ് സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത്.
മുദ്രാവാക്യം വിളികളാൽ മുഖരിതമായിരുന്നു സംസ്കാരച്ചടങ്ങ്. ഇരുവരുടെയും കൂട്ടുകാരും ബന്ധുക്കളും മൃതദേഹങ്ങൾ ചിതയിലേക്കെടുത്തപ്പോൾ പൊട്ടിക്കരഞ്ഞു. ഏറെ പണിപ്പെട്ടാണ് പാർട്ടി നേതാക്കളും നാട്ടുകാരും ഇവരെ സമാധാനിപ്പിച്ചത്.
പോസ്റ്റ്‍മോർട്ടം നടപടികൾ പൂർത്തിയാക്കി ഒരുമണിയോടെയാണ് മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകിയത്. പരിയാരം മെഡിക്കൽ കോളേജിൽ നിന്നും ആരംഭിച്ച വിലാപ യാത്രയിൽ കെപിസിസി വർക്കിംഗ് പ്രസിഡന്‍റ് കെ സുധാകരനും ടി സിദ്ദിഖ് അടക്കമുള്ള നേതാക്കളും നൂറുകണക്കിന് പ്രവർത്തകരും അനുഗമിച്ചു. കാഞ്ഞങ്ങാട് വച്ച് പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്‍റും അന്തിമോപചാരം അർപ്പിച്ചു.
ഇന്നലെ രാത്രിയോടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും കൃപേഷിനേയും വെട്ടിക്കൊലപ്പെടുത്തിയത്. കൊലയ്ക്ക് പിന്നിൽ സിപിഎം ആണെന്നാണ് ആരോപണം.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon