ന്യൂഡല്‍ഹി: സംഝോത എക്സ്പ്രസ് സ്ഫോടനക്കേസില്‍ മുഖ്യപ്രതി സ്വാമി അസീമാനന്ദയടക്കം നാലു പ്രതികളെയും കോടതി വെറുതെ വിട്ടു. പഞ്ച്കുളയിലെ എന്‍ഐഎ കോടതിയുടേതാണ് വിധി. പ്രതികള്‍ക്കെതിരെ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷനായില്ലെന്ന് പ്രത്യേക എന്‍.ഐ.എ കോടതി വിധിച്ചു.
സംഝോത എക്സ്പ്രസ് സ്ഫോടനത്തിന്റെ മുഖ്യസൂത്രധാരനെന്ന് കാട്ടി എന്‍.ഐ.എ കുറ്റപത്രത്തില്‍ പ്രതിചേര്‍ത്ത സ്വാമി അസീമാനന്ദ, കൂട്ടുപ്രതികളായ ലോകേഷ് ശര്‍മ്മ, കമല്‍ ചൌഹാന്, രജീന്ദര്‍ ചൌധരി എന്നിവരെയാണ് കോടതി വെറുതെവിട്ടത്.
2007 ഫെബ്രുവരി 18-ന് സംഝോത എക്സ്പ്രസ് ഹരിയാനയിലെ പാനിപ്പട്ടില്‍ എത്തിയപ്പോഴുണ്ടായ സ്ഫോടനത്തില്‍ 68 പേരാണു കൊല്ലപ്പെട്ടത്. മരിച്ചവരിലേറെയും പാക് പൗരന്മാരായിരുന്നു.
ഹരിയാന പോലീസ് ആദ്യം അന്വേഷണം തുടങ്ങുകയും പിന്നീട് കേസ് എന്‍ഐഎയ്ക്ക് കൈമാറുകയുമായിരുന്നു. 2011 ജൂണിലാണ് അസീമാനന്ദയടക്കം എട്ടു പേരെ പ്രതികളാക്കി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചത്.
ഗുജറാത്തിലെ അക്ഷര്‍ധാം ക്ഷേത്രത്തിലും ജമ്മുവിലെ രഘുനാഥ് ക്ഷേത്രത്തിലുമുണ്ടായ ബോംബ് സഫോടനത്തിനു പ്രതികാരമായി സംഝോത എക്സ്പ്രസില്‍ പ്രതികള്‍ ബോംബ് വച്ചുവെന്നാണ് എന്‍ഐഎ കേസ്. കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ ആര്‍എസ്എസ് പ്രവര്ത്തകന് സുനില്‍ ജോഷിയെ പിന്നീടു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു.
മൂന്ന് തീവ്രവാദക്കേസുകളിൽ പ്രതിയാണ് അസീമാനന്ദ്. 2007-ൽ സംഝോത എക്സ്പ്രസ് ബോംബ് വച്ച് തകർത്ത കേസിലാണ് പ്രത്യേക എൻഐഎ കോടതി ഇയാളെ വെറുതെ വിട്ടിരിക്കുന്നത്. ആക്രമണം നടന്ന് 12 വർഷത്തിന് ശേഷമാണ് കേസിൽ വിധി വരുന്നത്.
This post have 0 komentar
EmoticonEmoticon