തിരുവനന്തപുരം : തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായ ശശി തരൂരിന്റെ വിവാദ പരാമര്‍ശത്തില്‍ മത്സ്യത്തൊഴിലാളികളോട് മാപ്പു ചോദിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്. തരൂരിന്റെ ട്വീറ്റ് മത്സ്യത്തൊഴിലാളികളില്‍ വേദന ഉളവാക്കി. അതൊരു നാവുപിഴയായി കാണണമെന്നും കെ.വി തോമസ് ഫേസ്ബുക്കില്‍ കുറിച്ചു.
കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പില്‍ മത്സ്യത്തൊഴിലാളികള്‍ സഹകരിക്കണമെന്ന അഭ്യര്‍ഥനയുമുണ്ട് പോസ്റ്റില്‍. എന്നാല്‍ അല്‍പ സമയത്തിന് ശേഷം കെവി തോമസ് ഈ കുറിപ്പ് ഫെയ്സ്ബുക്കില്‍ നിന്നും പിന്‍വലിക്കുകയും ചെയ്തു.
വിവാദ ട്വീറ്റിന് വിശദീകരണവുമായി ശശി തരൂര്‍ എംപി രംഗത്ത് വന്നിരുന്നു. തരൂര്‍ കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി നഗരത്തിലെ മാര്‍ക്കറ്റ് സന്ദര്‍ശിച്ച ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. ഇതാണ് വിവാദമായത്.
കെവി തോമസിന്‍റെ ഫെയ്സ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം
'എന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ തിരുവനന്തപുരം എം പി ശശീതരൂര്‍ തന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തോടനുബന്ധിച്ച് മത്സ്യമാര്‍ക്കറ്റിലെത്തി പത്രക്കടലാസില്‍ ചുരുട്ടി മത്സ്യം ഉയര്‍ത്തിപിടിക്കുകയും, മത്സ്യത്തിന്റെ ഗന്ധം തനിക്ക് ഓക്കാനം ഉണ്ടാക്കി എന്ന് പിന്നീട് ട്വീറ്റ് ചെയ്തത് മത്സ്യത്തൊഴിലാളി സമൂഹത്തിന് ഏറെ വേദന ഉളവാക്കിയതായി ഞാന്‍ മനസിലാക്കുന്നു.
ഇക്കാര്യത്തില്‍ എന്റെ സഹപ്രവര്‍ത്തകനായ അദ്ദേഹത്തിന്റെ വേദനാജനകമായ പരാമര്‍ശത്തില്‍ മത്സ്യത്തൊഴിലാളി സഹോദരരോട് ഞാന്‍ മാപ്പു ചോദിക്കുകയാണ്.
പ്രളയകാലത്ത് രക്ഷകരായി എത്തിയ മത്സ്യത്തൊഴിലാളികള്‍ക്ക് നൊബേല്‍ സമ്മാനം നല്‍കണമെന്ന് ആവശ്യപ്പെട്ട ശശീതരൂരില്‍ നിന്ന് ബോധപൂര്‍വ്വം ഇങ്ങനെ ഒരുപരാമര്‍ശം ഉണ്ടായതായി കണക്കാക്കാതെ അതൊരു നാവു പിഴയായി കരുതി രാജ്യം നേരിടുന്ന നിര്‍ണായകമായ ഈ തെരഞ്ഞെടുപ്പില്‍ വൈകാരികമായ പ്രതികരണത്തിനുമുതിരാതെ തികച്ചും ജനാധിപത്യപരമായ വിധത്തില്‍ യുഡിഎഫിനോട് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു
This post have 0 komentar
EmoticonEmoticon