തൊടുപുഴ: ഏഴു വയസ്സുകാരനെ ക്രൂരമായി മർദിച്ച അമ്മയുടെ സുഹൃത്ത് അരുൺ ആനന്ദിനെ കൂടുതൽ ചോദ്യംചെയ്യുന്നതിനായി അന്വേഷണസംഘം ബുധനാഴ്ച കസ്റ്റഡിയിൽ വാങ്ങും. മുട്ടം ജില്ല ജയിലിൽ കഴിയുന്ന പ്രതിയെ ബുധനാഴ്ച രാവിലെ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. അതേസമയം, കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഇപ്പോഴുള്ള ചികിത്സ അതേപടി തുടരാൻ തന്നെയാണ് ഇന്നലെ ചേർന്ന മെഡിക്കൽ ബോർഡിന്റെ നിർദേശം. ആറാം ദിവസവും വെന്റിലേറ്ററിന്റെ സഹായത്തിലാണ് കുട്ടിയുടെ ജീവൻ നിലനിർത്തുന്നത്.
പുതുതായി ലഭിച്ച വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലാകും കസ്റ്റഡിയിൽ ചോദ്യംചെയ്യൽ. ഇയാൾ ഏർപ്പെട്ട കുറ്റകൃത്യങ്ങളുടെ വിവരങ്ങളെല്ലാം അന്വേഷണസംഘത്തിെൻറ പക്കലുണ്ട്. കുട്ടികളെ അതിക്രൂരമായ മർദനങ്ങൾക്ക് ഇരയാക്കിയതായി അന്വേഷണ സംഘത്തിന് മാതാവ് അടക്കമുള്ളവർ മൊഴി നൽകിയിട്ടുണ്ട്. യുവതിയുടെയും അമ്മയുടെയും മൊഴി കഴിഞ്ഞ ദിവസം പൊലീസ് ശേഖരിച്ചിരുന്നു. ഇതിൽനിന്ന് ലഭിച്ച വിവരങ്ങൾ കേന്ദ്രീകരിച്ചായിരിക്കും അന്വേഷണം.
ചൊവ്വാഴ്ച കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇടുക്കി ജില്ല ശിശുക്ഷേമ സമിതി സെക്രട്ടറി കെ.ആർ. ജനാർദനൻ, വൈസ് പ്രസിഡൻറ് എം.എം. മാത്യു എന്നിവർ കുട്ടിയുടെ ആരോഗ്യനില വിലയിരുത്തി. ഇളയകുട്ടിയുടെ സംരക്ഷണ ചുമതലയുള്ള യുവതിയുടെ അമ്മയോടും കാര്യങ്ങൾ ചോദിച്ചറിഞ്ഞു.
This post have 0 komentar
EmoticonEmoticon