ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയ അക്കൗണ്ടുകളെ ആധാറുമായി ബന്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി ബിജെപി നേതാവ്. കേന്ദ്രസര്‍ക്കാരിനോട് ഇതിന്‍റെ സാധ്യത ആരായണമെന്നാവശ്യപ്പെട്ട് അഭിഭാഷകയും ദില്ലിയിലെ ബിജെപി നേതാവുമായ അശ്വിനി ഉപാധ്യായാണ് സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയിരിക്കുന്നത്.
വ്യാജവാര്‍ത്തകളും മറ്റും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത് തടയാന്‍ അക്കൗണ്ടുകളെ ആധാറുമായി ബന്ധിപ്പിക്കുന്നതിലൂടെ കഴിയുമെന്നാണ് ഹരജിയില്‍ പറയുന്നത്. നിലവില്‍ രാജ്യത്ത് 3.5 കോടി ട്വിറ്റര്‍ അക്കൗണ്ടുകളും 32.5 കോടി ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളുമാണുള്ളത്. സോഷ്യല്‍മീഡിയ വിദഗ്ധരുടെ അഭിപ്രായത്തില്‍ ഇവയില്‍ പത്ത് ശതമാനത്തോളം വ്യാജ അക്കൗണ്ടുകളാണ്.
പ്രശസ്തരുടെ പേരുകളില്‍ നിരവധി വ്യാജ അക്കൗണ്ടുകളാണ് നിലവിലുള്ളത്. ഇത്തരം വ്യാജ അക്കൗണ്ടുകളില്‍ പലതും യഥാര്‍ത്ഥമാണെന്ന് കരുതി ജനങ്ങള്‍ അവയിലൂടെ പങ്കുവയ്ക്കപ്പെടുന്ന വിവരങ്ങള്‍ വിശ്വസിക്കുന്നു. ഇത് പലവിധത്തിലുള്ള കലാപങ്ങള്‍ക്കും വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കും വരെ കാരണമാകുന്നു.
രാഷ്ട്രീയപാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും വ്യാജ അക്കൗണ്ടുകള്‍ പ്രചാരണത്തിനായി ഉപയോഗിക്കരുതെന്നും പലരും എതിര്‍സ്ഥാനാര്‍ത്ഥികളെക്കുറിച്ച് ദുഷ്പ്രചരണം നടത്താന്‍ ഇത്തരം വ്യാജ അക്കൗണ്ടുകളിലൂടെ ശ്രമിക്കാറുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു.
വ്യാജ അക്കൗണ്ടുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിക്കാരി ആവശ്യപ്പെട്ടിട്ടുണ്ട്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon