ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സ് വിദ്യാര്‍ത്ഥിയെ താലിബാൻ എന്ന് വിളിച്ചാക്ഷേപിച്ച് സദ്‌ഗുരു എന്നറിയപ്പെടുന്ന ജഗ്ഗി വാസുദേവ്. ബിലാല്‍ ബിന്‍ സാഖിബ് എന്ന മുസ്‌ലിം വിദ്യാര്‍ത്ഥിയുമായി സംസാരിക്കുന്നതിനിടെയാണ് വിവാദ പരാമര്‍ശം നടത്തിയത്. 'ഒരു പക്കാ താലിബാനിയെയാണ് നമുക്കിവിടെ കിട്ടിയിരിക്കുന്നത്' എന്ന് ജഗ്ഗി ബിലാലിനോട് പറയുകയായിരുന്നു. ഇതോടെ ജഗ്ഗിക്കെതിരെ വിദ്യാർത്ഥി യൂണിയൻ പ്രതിഷേധവുമായെത്തി.
മാര്‍ച്ച് 27ന് തന്റെ 'യൂത്ത് ആന്റ് ട്രൂത്ത്' പരിപാടിയുമായി സര്‍വ്വകലാശാലയിൽ ജഗ്ഗി നടത്തിയ പരിപാടിക്കിടെയാണ് മതത്തിന്റെ പേരിൽ വിദ്യാർത്ഥിക്ക് അധിക്ഷേപം നേരിടേണ്ടി വന്നത്. സംഭവം വിവാദമായപ്പോള്‍ മാപ്പപേക്ഷയുമായി ജഗ്ഗി എത്തി. എന്നാല്‍ മാപ്പ് സ്വീകരിക്കില്ലെന്ന് വിദ്യാര്‍ത്ഥി യൂണിയന്‍ വ്യക്തമാക്കി. ജഗ്ഗിയുടെ പരാമര്‍ശം ഇസ്ലാമോഫോബിയ ആയാണ് തങ്ങള്‍ കാണുന്നതെന്നും വിദ്യാര്‍ത്ഥിയൂണിയന്‍ നേതാക്കൾ പറഞ്ഞു.
ഇസ്ലാമോഫോബിക് പരാമര്‍ശം ക്യാംപസില്‍ അനുവദിക്കാനാകില്ലെന്നും അപലപനീയമാണെന്നും ജഗ്ഗി മാപ്പ് പറയണമെന്നും വിദ്യാര്‍ത്ഥി യൂണിയന്‍ ആവശ്യപ്പെട്ടു. അടുത്തിടെ ന്യൂസിലന്റിലും ബ്രിട്ടനിലും മുസ്‌ലിം വിരുദ്ധ അക്രമങ്ങൾ നടന്ന സാഹചര്യത്തിൽ ഇത്തരം ഇസ്ലാമോഫോബിക് പരാമർശങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ടെന്നും യൂണിയൻ പറഞ്ഞു.
എന്നാൽ, വിചിത്രമായ പ്രതികരണവുമായാണ് പിന്നീട് ജഗ്ഗി രംഗത്തെത്തിയത്. താന്‍ വ്യക്തിപരമായി നടത്തിയ സംഭാഷണം എഡിറ്റ് ചെയ്യപ്പെട്ടത് ദൗര്‍ഭാഗ്യകരമാണെന്നും താന്‍ ഉദ്ദേശിച്ചത് താലിബാന്‍ എന്ന വാക്കിന്റെ അറബിക് അര്‍ത്ഥമാണെന്നുമായിരുന്നു ജഗ്ഗിയുടെ വാദം. ഇന്ത്യയില്‍ ഉത്സാഹികളായ വിദ്യാര്‍ത്ഥികളെ താലിബാന്‍ എന്ന് വിളിക്കാറുണ്ടെന്നും ജഗ്ഗി പറഞ്ഞു. ഈ സാഹചര്യത്താലാണ് ബിലാലിനോട് തമാശയായി അത് പറഞ്ഞത് -ജഗ്ഗി വ്യക്തമാക്കി.
എന്നാൽ ഇത് ഇസ്ലാമോഫോബിയ ആണെന്ന നിലപാടിൽ തന്നെ ഉറച്ച് നിൽക്കുയാണ് വിദ്യാർത്ഥി യൂണിയൻ. ധാരാളം അനുയായികളും സമൂഹത്തിൽ അറിയപ്പെടുന്നവരുടെയും വാക്കുകളിൽ നിന്നും വരുന്ന ഇത്തരം പരാമർശങ്ങൾ അറിയാതെയാകാൻ താരമില്ലെന്ന നിലപാടിലാണ് യൂണിയൻ.നിലവിലെ സാഹചര്യത്തിൽ അത്യുത്സാഹം എന്ന അര്‍ത്ഥത്തില്‍ 'താലിബാന്‍' എന്ന വാക്ക് ഇന്ത്യയില്‍ ഉപയോഗിക്കാറില്ലെന്നും അവർ വ്യക്തമാക്കി.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon