ന്യൂഡൽഹി: പാർട്ടി നേതൃത്വത്തെ വിമർശിച്ച് മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനി രംഗത്ത്. ബിജെപി സ്ഥാപക ദിനത്തിന് മുന്നോടിയായിട്ടാണ് അദ്വാനിയുടെ വിമർശനം. വ്യാഴാഴ്ച എഴുതിയ ബ്ലോഗിലായിരുന്നു അദ്വാനി നരേന്ദ്രമോദിയുടെയും അമിത്ഷായുടെയും നേതൃത്വത്തെ പരോക്ഷമായി വിമർശിച്ചിരിക്കുന്നത്.
വ്യത്യസ്ത രാഷ്ട്രീയ അഭിപ്രായമുള്ളവരെ ദേശവിരുദ്ധരെന്ന് മുദ്രകുത്തുന്നതിൽ ബിജെപി വിശ്വസിക്കുന്നില്ലെന്ന് അദ്വാനി പറയുന്നു. തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ബിജെപി അംഗീകരിച്ചിട്ടുണ്ടെന്നും അദ്വാനി ബ്ലോഗിൽ വ്യക്തമാക്കിയിരിക്കുന്നു.
ഗാന്ധിനഗർ സീറ്റിൽ നിന്ന് അദ്വാനിയെ മാറ്റി അമിത് ഷായെ സ്ഥാനാർഥിയാക്കിയ ശേഷം ആദ്യമായിട്ടാണ് അദ്വാനിയുടെ പ്രതികരണം. രാഷ്ട്രീയ വിയോജിപ്പ് രേഖപ്പെടുത്തുന്നവരെ തുടക്കം മുതലേ ബിജെപി ശത്രുക്കളായി കണ്ടിട്ടില്ല. രാഷ്ട്രീയ വിയോജിപ്പുള്ളവരെ ദേശവിരുദ്ധരായും ബിജെപി കണ്ടിട്ടില്ല. രാഷ്ട്രീയമായും വ്യക്തിപരമായും തെരഞ്ഞടുക്കാനുള്ള സ്വാതന്ത്ര്യത്തെ ബിജെപി അംഗീകരിച്ചിട്ടുണ്ട്- അദ്വാനി കുറിച്ചിരിക്കുന്നു.1991 മുതൽ ആറ് തവണ തന്നെ ലോക്സഭയിലെത്തിച്ച ഗാന്ധിനഗറിലെ ജനങ്ങളോട് അദ്ദേഹം നന്ദി പറയുന്നുണ്ട്. ഗാന്ധി നഗറിലെ ജനങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും മുന്നിൽ താൻ തോറ്റ് പോയെന്നും അദ്ദേഹം പറഞ്ഞു.
ആദ്യം രാജ്യം, പിന്നീട് പാർട്ടി, അതിനു ശേഷം വ്യക്തി എന്ന ആശയത്തിലൂന്നിയാണ് ഇതുവരെ പ്രവർത്തിച്ചതെന്നും ഇനിയും അങ്ങനെ തന്നെയായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon