കണ്ണൂർ: പാമ്പുരുത്തിയിൽ 28 പ്രവാസികളുടെ കള്ളവോട്ട് ചെയ്തെന്ന എൽഡിഎഫ് പരാതിയിൽ 12 ലീഗ് പ്രവർത്തകരുടെ മൊഴി ഇന്ന് ജില്ലാ കളക്ടർ രേഖപ്പെടുത്തും. 10 മണിയോടെയാകും മൊഴിയെടുക്കുന്നത്. പാമ്പുരുത്തി ഗവൺമെന്റ് എയുപി സ്കൂളിലെ 166 ആം ബൂത്തിൽ വോട്ട് ചെയ്ത 11പേർ, ചെങ്ങളായിയിൽ ഇരട്ട വോട്ട് ചെയ്ത അബ്ദുൾക്കാദർ എന്നിവരുടെ മൊഴിയാണ് ഇന്ന് രേഖപ്പെടുത്തുക.
മൊഴിയെടുത്ത ശേഷം വീഡിയോ ദൃശ്യങ്ങളുടെ വിശദാംശങ്ങളും കൂടി ചേർത്ത് കള്ളവോട്ട് സ്ഥിരീകരിക്കാനാകുമോ എന്ന കാര്യത്തിൽ ജില്ലാകളക്ടർ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് റിപ്പോർട്ട് നൽകും. വിഷയത്തിൽ ബൂത്ത് ഏജന്‍റുമാരുടെയും പോളിംഗ് ഉദ്യോഗസ്ഥരുടെയും മൊഴി ജില്ലാ കളക്ടർ രേഖപ്പെടുത്തിയിരുന്നു.
അതേസമയം, മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമടത്തടക്കം 199 പേർ കള്ളവോട്ട് നടത്തിയെന്ന തെളിവ് സഹിതമുള്ള കോൺഗ്രസിന്റെ പരാതി ഇതിന് ശേഷം കളക്ടർ പരിഗണിക്കും. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധിയുടെ പ്രായപൂർത്തിയാകാത്ത കൊച്ചുമകൾ കള്ളവോട്ട് ചെയ്തെന്നും 5 വോട്ട് വരെ ചെയ്തവരുണ്ടെന്നും പേരും വിലാസവും അടക്കമുള്ള പരാതിയിൽ പറയുന്നു. ഈ ബൂത്തുകളിലെ വെബ്കാസ്റ്റിംഗ് ദൃശ്യങ്ങൾ കളക്ടർ പരിശോധിക്കും.
തലശേരി കൂത്തുപറമ്പ് മണ്ഡലങ്ങളിലും വ്യാപക കള്ളവോട്ട് നടന്നിട്ടുണ്ടെന്ന് കോൺഗ്രസിന് പരാതിയുണ്ട്. കണ്ണൂരിലെ അട്ടിമറി നടന്ന 125 ബൂത്തുകളിലെ വോട്ടെടുപ്പിന്റെ ദൃശ്യങ്ങൾ ലഭിക്കാൻ കോൺഗ്രസ് അപേക്ഷ നൽകിയിട്ടുണ്ട്. 199 പേരുടെ കള്ളവോട്ട് സിപിഎം ചെയ്തെന്ന യുഡിഎഫ് പരാതിയിൽ കളക്ടറുടെ തുടർനടപടി പാമ്പുരുത്തി റിപ്പോർട്ട് സമർപ്പിച്ച ശേഷമാകും ഉണ്ടാവുക.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon