തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് കട്ടപ്പനയിലേക്ക് നിയമ വിരുദ്ധ സർവ്വീസ് നടത്തിവന്ന കൈറോസ് എന്ന സ്വകാര്യ ബസിനെ മോട്ടോർ വാഹന വകുപ്പ് പിടികൂടി കസ്റ്റഡിയിലെടുത്തു. കട്ടപ്പനയിൽ നിന്ന് തിരുവനന്തപുരത്തേക്ക് സർവീസ് വരുമ്പോൾ കഴക്കൂട്ടത്ത് വച്ചാണ് മോട്ടോർവാഹനവകുപ്പ് പിടികൂടിയത്. ഈ സമയം ബസ്സിൽ 43 യാത്രക്കാരുണ്ടായിരുന്നു.പല സ്ഥലങ്ങളിലേക്കുമുളള കെട്ട് കണക്കിന് പാഴ്സലും ഈ വാഹനത്തിൽ ഉണ്ടായിരുന്നു. യാത്രക്കാരെ അവർക്ക് ഇറങ്ങേണ്ട സ്ഥലത്ത് ഇറക്കിയ ശേഷം വാഹനത്തെ കസ്റ്റഡിയിലെടുത്ത് തമ്പാനൂർ ബസ് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കയാണ്.
മുൻപ് ഏഴ് തവണ ഇതേ നിയമലംഘനത്തിന് ഈ ബസിനെ പിടികൂടിയിട്ടുണ്ട്. രണ്ട് തവണ കഴക്കൂട്ടം RTO ഓഫീസിലെ ഇൻസ്പെക്ടർമാരും, മൂന്നുതവണ എൻഫോഴ്സ്മെൻറ് സ്ക്വാഡും, രണ്ടുതവണ തിരുവനന്തപുരം ആർടിഒ ഓഫീസിലെ ഉദ്യോഗസ്ഥരും പിടികൂടിയിട്ടുണ്ട്.
കോട്ടയം ആസ്ഥാനമായ കൊണ്ടോട്ടി മോട്ടോഴ്സിൻ്റെ ഉടമസ്ഥതയിലാണ് ഈ ബസ്. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലേക്ക് കൈറോസ് നിരവധി സർവീസുകൾ നടത്തുന്നുണ്ട്. എല്ലാം എല്ലാം നിയമവിരുദ്ധ സർവീസുകളാണ്. സ്വന്തമായി ബോഡി നിർമാണ യൂണിറ്റ് ഉള്ള ഈ കമ്പനിയിൽ നിന്നും കെഎസ്ആർടിസി എംഡി രാജമാണിക്യം 100 ബസ്സുകൾ ബോഡി നിർമ്മിച്ചു വാങ്ങിയിരുന്നു.
നാളെ ഈ ബസിനെ കോടതിയിൽ ഹാജരാക്കുമെന്ന് കഴക്കൂട്ടം ആർ ടി ഒ എസ്.പി സ്വപ്ന അറിയിച്ചു.
ഇത്തരം നിയമവിരുദ്ധ സർവീസുകൾ മൂലം കെഎസ്ആർടിസിക്ക് വൻ റവന്യു നഷ്ടം വരുന്നു എന്ന് കാണിച്ച് കെഎസ്ആർടിസി ഓപ്പറേഷൻ മേധാവി ഷറഫ് മുഹമ്മദ് ട്രാൻസ്പോർട്ട് കമ്മീഷണർക്കും ഗതാഗത മന്ത്രിക്കും പരാതിനൽകിയിരുന്നു. അതിൻ്റെ അടിസ്ഥാനത്തിലാണ് നടപടി തുടങ്ങിയത്.
പരിശോധനയിൽ എംവിഐ വി.എസ് അജിത് കുമാർ, എഎംവിഐമാരായ ആര്‍ രജ്ഞിത്ത്, എസ് ജയചന്ദ്രൻ ,സിവിൽ പോലീസ് ഓഫീസേഴ്സ് എംജി കൃഷ്ണപ്രസാദ്, എം ഇസ്മായിൽ എന്നിവർ പങ്കെടുത്തു. ഇത്തരം നിയമവിരുദ്ധ സർവീസുകൾ അവസാനിപ്പിക്കാൻ ബസ്സുടമകൾ തയാറാവണമെന്നും അല്ലാത്തപക്ഷം കർശനമായ നടപടികളുമായി ആയി മുന്നോട്ടു പോകുമെന്നും ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ എബി ജോൺ അറിയിച്ചു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon