തിരുവനന്തപുരം: ഭിന്നശേഷിക്കുട്ടികള്‍ക്ക് തങ്ങളുടെ കലാപരമായ കഴിവുകള്‍ മാറ്റുരയ്ക്കുവാന്‍ ഡിഫറന്റ് ആര്‍ട്‌സ് സെന്റര്‍ തലസ്ഥാനത്ത് ഒരുങ്ങുന്നു. ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം കഴക്കൂട്ടം കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്കിലുള്ള മാജിക് പ്ലാനറ്റിലാണ് ഭിന്നശേഷിക്കുട്ടികള്‍ക്ക് കലാവതരണത്തിനുള്ള സ്ഥിരം വേദി തയ്യാറാകുന്നത്. സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള സാമൂഹ്യ സുരക്ഷാ മിഷന്‍, യുനിസെഫ് എന്നിവരുമായി സഹകരിച്ചുകൊണ്ടാണ് പദ്ധതിക്ക് രൂപം നല്‍കുന്നത്. ഇതോടെ ലോകത്തെവിടെയുമുള്ള ഭിന്നശേഷി കലാവതാരകര്‍ക്ക് തങ്ങളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുവാനുള്ള അവസരമാണ് ലഭ്യമാകുന്നത്. ലോകത്താദ്യമായാണ് ഭിന്നശേഷിക്കാര്‍ക്ക് ഇത്തരമൊരു സെന്റര്‍ ഒരുങ്ങുന്നത്.
ഡിഫറന്റ് ആര്‍ട്‌സ് സെന്ററിന്റെ തറക്കല്ലിടല്‍ നാളെ (31.05.2019) ഉച്ചതിരിഞ്ഞ് 2.30ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ നിര്‍വഹിക്കും. സാമൂഹ്യ നീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ഡോ.ബിജു പ്രഭാകര്‍ ഐ.എ.എസ്, യു.എന്‍ റിക്കവറി കോ-ഓര്‍ഡിനേറ്റര്‍ ജോബ് സക്കറിയ, സി.ഡി.സി ഡയറക്ടര്‍ ഡോ.ബാബു ജോര്‍ജ്, കെ.എസ്.എസ്.എം എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ.മുഹമ്മദ് അഷീല്‍, മാജിക് അക്കാദമി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്, ഡയറക്ടര്‍ ചന്ദ്രസേനന്‍ മിതൃമ്മല തുടങ്ങിയവര്‍ പങ്കെടുക്കും.
ലോകത്തിലെ ആദ്യത്തെ മാന്ത്രിക കൊട്ടാരമായ മാജിക് പ്ലാനറ്റിന്റെ അഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി 2019 ഒക്‌ടോബര്‍ 31ന് ഡിഫറന്റ് ആര്‍ട്‌സ് സെന്റര്‍ നാടിന് സമര്‍പ്പിക്കും.സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി ഭിന്നശേഷിക്കാരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന ടാലന്റ് ഡിസ്‌പ്ലേ പ്രോഗ്രാമിലൂടെയാണ് കുട്ടികളെ തിരഞ്ഞെടുക്കുന്നത്. തിരഞ്ഞെടുക്കുന്ന 100 കുട്ടികള്‍ക്ക് പ്രത്യേക പരിശീലനം മാജിക് അക്കാദമിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുകയും ഡിഫറന്റ് ആര്‍ട്‌സ് സെന്ററില്‍ പെര്‍ഫോര്‍മന്‍സിനുള്ള അവസരം നല്‍കുകയും ചെയ്യും. നൃത്തം, സംഗീതം, ചിത്രരചന, കരകൗശല നിര്‍മാണം തുടങ്ങിയ നിരവധി മേഖകളില്‍ അസാമാന്യ കഴിവു തെളിയിച്ചിട്ടുള്ള ഇവര്‍ക്ക് കലാവതരണത്തിനുള്ള വേദി നല്‍കുന്നതിന് പുറമെ ഇവരുടെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കുന്നതിനുമുള്ള സൗകര്യവുമുണ്ടായിരിക്കും. ശാസ്ത്രീയമായ പരിശീലന പരിപാടികളായിരിക്കും സംഘടിപ്പിക്കുക. ഡിഫറന്റ് ആര്‍ട്‌സ് സെന്ററില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, കൗണ്‍സിലേര്‍സ്, സ്‌പെഷ്യല്‍ അധ്യാപകര്‍ എന്നിവരുടെ സേവനവും ലഭ്യമാക്കും.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon