കണ്ണൂര്‍: ഉത്തരമലബാറിലെ വോട്ട് ചോര്‍ന്നുപോയതിന്റെ കാരണങ്ങള്‍ തേടി സിപിഎം രംഗത്ത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കാര്യമായ വോട്ടാണ് ചോര്‍ന്നത്. അക്രമരാഷ്ട്രീയം ഇതിനു കാരണമായോ, ഇത്ര വലിയ തിരിച്ചടി മുന്‍കൂട്ടി അറിയാന്‍ കഴിയാതിരുന്നതെന്തു കൊണ്ട് എന്നീ കാര്യങ്ങള്‍ പരിശോധിക്കും. യാഥാര്‍ഥ്യബോധമില്ലാത്ത കണക്കുകളാണു കീഴ്ഘടകങ്ങള്‍ നല്‍കിയത്. 50 ശതമാനത്തിലേറെ വോട്ടര്‍മാരുടെ പിന്തുണയുണ്ടായിരുന്ന കണ്ണൂര്‍ ജില്ലയില്‍ വോട്ട് വിഹിതം 6.79 % ഇടിഞ്ഞു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലായി എല്‍ഡിഎഫ് പ്രതിനിധീകരിക്കുന്ന ഉദുമ, തളിപ്പറമ്പ്, കൂത്തുപറമ്പ്, കണ്ണൂര്‍ നിയമസഭാ മണ്ഡലങ്ങളില്‍ യുഡിഎഫ് ഒന്നാമതായി. കല്യാശ്ശേരി, തലശ്ശേരി, മട്ടന്നൂര്‍, ധര്‍മടം മണ്ഡലങ്ങളില്‍ അവര്‍ അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കി.
ബിജെപി- മോദി വിരുദ്ധ വികാരം സൃഷ്ടിക്കുന്നതില്‍ എല്‍ഡിഎഫ് പ്രചാരണം വിജയം കണ്ടെങ്കിലും അതു വോട്ടായില്ലെന്നാണു വിലയിരുത്തല്‍. അതിനുമപ്പുറം പാര്‍ട്ടി ഗ്രാമങ്ങളിലെ കുത്തക വോട്ടുകളില്‍ പോലും ചോര്‍ന്നു. ഇതിനു ശബരിമല കാരണമേയല്ല എന്ന നിലപാടാണു പാര്‍ട്ടിക്ക്. എന്നാല്‍ അക്രമരാഷ്ട്രീയ കാരണമായിട്ടുണ്ടോയെന്നു പരിശോധിക്കേണ്ടി വരും. ജനങ്ങള്‍ക്കു ഹിതകരമല്ലാത്ത ഒരു കാര്യത്തിലും പ്രവര്‍ത്തകര്‍ ഇടപെടാന്‍ പാടില്ലെന്നു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അടിക്കടി ഓര്‍മപ്പെടുത്തിയിരുന്നു. കേരളത്തിലെ 50 % ആളുകളുടെ പോലും പിന്തുണ ആര്‍ജിക്കാന്‍ പാര്‍ട്ടിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും പറഞ്ഞിരുന്നു. കൂടുതല്‍ ജനങ്ങളെ ആകര്‍ഷിക്കാന്‍ കഴിയാതിരിക്കുന്നതിന് അക്രമങ്ങള്‍ കാരണമാകുന്നുണ്ടെന്ന പരോക്ഷ സൂചന കൂടിയായിരുന്നു അത്. ഫലം വരും മുന്‍പാണ് കോടിയേരി ഇതു പറഞ്ഞതെങ്കിലും ഇപ്പോള്‍ അതു കൂടുതല്‍ പ്രസക്തമാകുന്നു.
This post have 0 komentar
EmoticonEmoticon