ന്യൂഡല്‍ഹി: സിഖ് വിരുദ്ധ കലാപത്തെക്കുറിച്ചു നടത്തിയ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് ഇന്ത്യന്‍ ഓവര്സീസ് കോണ്‍ഗ്രസ് ഗ്ലോബല്‍ ചെയര്‍മാന്‍ സാം പിത്രോദ. തന്റെ വാക്കുകള്‍ തെറ്റായി അവതരിപ്പിക്കുകയായിരുന്നെന്ന് പിത്രോദ പറഞ്ഞു. അഭിപ്രായം തെറ്റായി അവതരിപ്പിക്കപ്പെട്ടതില്‍ ഖേദം പ്രകടിപ്പിക്കുന്നതായി സാം പിത്രോദ പറഞ്ഞു.
തന്റെ മോശം ഹിന്ദിയാണ് വിവാദത്തിലേക്ക് നയിച്ചതെന്ന് ക്ഷമാപണം നടത്തുന്നതിനിടെ സാം പിത്രോദ പറഞ്ഞു. തന്റെ പരാമര്‍ശം തെറ്റിദ്ധരിക്കപ്പെട്ടതില്‍ ക്ഷമ ചോദിക്കുന്നു. ഞാന്‍ മാപ്പു ചോദിക്കുന്നു. ബി.ജെ.പി സര്‍ക്കാര്‍ എന്തു ചെയ്തു, ഇല്ല എന്ന ചര്‍ച്ചയ്ക്കു പകരം അതു വഴിതിരിച്ചുവിടേണ്ടെന്നും സാം പിത്രോദ പറഞ്ഞു.
സാം പിത്രോദയുടെ അഭിപ്രായത്തെ കോണ്‍ഗ്രസ് നേരത്തേ തള്ളിയിരുന്നു. വ്യക്തികളുടെ അഭിപ്രായങ്ങള്‍ കോണ്‍ഗ്രസിന്റെ നിലപാടുകളല്ലെന്നായിരുന്നു കോണ്‍ഗ്രസ് വിഷയത്തില്‍ പ്രതികരിച്ചത്. ഡല്‍ഹി ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കവെയാണ് പിത്രോദയുടെ പരാമര്‍ശം.
സിഖ് വിരുദ്ധ കലാപത്തില്‍ പൗരന്മാരെ കൊന്നൊടുക്കാന്‍ അന്നത്തെ പ്രധാനമന്ത്രി രാജിവ് ഗാന്ധിയുടെ ഓഫിസ് നേരിട്ട് ഉത്തരവിടുകയായിരുന്നുവെന്നും 1984ലെ സിഖ് വിരുദ്ധ കലാപം അന്വേഷിച്ച നാനാവതി കമ്മിഷന്റെ റിപ്പോര്‍ട്ടില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നുമുള്ള ബി.ജെ.പിയുടെ ആരോപണത്തിന് മറുപടിയായി ഇന്ത്യന്‍ ഓവര്സീസ് കോണ്‍ഗ്രസ് അധ്യക്ഷനായ സാം പിത്രോദ നടത്തിയ പരാമര്‍ശമാണ് വിവാദത്തിന് വഴിവച്ചത്. ബി.ജെ.പിയുടെ ആരോപണം മറ്റൊരു കള്ളമാണ്. 1984ല്‍ എന്താണ് സംഭവിച്ചത്. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ തന്നെ അതുകൊണ്ടെന്താണ്. നിങ്ങള്‍ക്ക് എന്ത് ചെയ്യാനാകും- സാം പിത്രോദ ചോദിച്ചു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon