ന്യൂഡല്‍ഹി: ബിഎസ്പി നേതാവ് മായാവതിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. രാജസ്ഥാനിലെ ആള്‍വാറില്‍ യുവതിയെ മാനഭംഗപ്പെടുത്തിയ സംഭവത്തില്‍ മായാവതിക്ക് മുതലക്കണ്ണീരെന്നാണ് പ്രധാനമന്ത്രിയുടെ വിമര്‍ശനം. കേസില്‍ അപലപിച്ച മായാവതിയുടെ നീക്കത്തിനെതിരെയായിരുന്നു പ്രധാനമന്ത്രിയുടെ ഇത്തരത്തിലെ വിമര്‍ശനം. രാജസ്ഥാനില്‍ അശോക് ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെയാണ് മായാവതി പിന്തുണയ്ക്കുന്നത്. മായാവതി ഒഴുക്കുന്നതു മുതലക്കണ്ണീരാണെന്നും പ്രധാനമന്ത്രി ആരോപിച്ചു. മാത്രമല്ല മായാവതിയുടെ പിന്തുണയോടെയാണു രാജസ്ഥാനില്‍ കോണ്‍ഗ്രസ് ഭരണം നടത്തുന്നത്. അവിടെയാണ് ഒരു എസ്‌സി പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയത്. അതുകൊണ്ടു ബഹന്‍ജി എന്തുകൊണ്ടു സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചില്ലെന്ന് ഉത്തര്‍പ്രദേശിലെ പെണ്‍മക്കള്‍ ചോദിക്കുകയാണ്. അതോടൊപ്പം കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ ചെയ്തത് എന്താണെന്നും ചോദിക്കുന്നു.
1984ലെ സിഖ് വിരുദ്ധകലാപത്തെക്കുറിച്ചു കോണ്‍ഗ്രസ് നേതാവ് സാം പിത്രോദയുടെ പരാമര്‍ശത്തെക്കൂടി ലക്ഷ്യമിട്ടു പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍ പ്രധാനമന്ത്രിയുടെ വിമര്‍ശനത്തിനു മറുപടിയുമായി മായാവതി രംഗത്തെത്തി. പ്രധാനമന്ത്രി വിഷയത്തില്‍ അശുദ്ധമായ രാഷ്ട്രീയം കളിക്കുകയാണ്. നേരത്തേ ദലിതുകള്‍ക്കെതിരെ അക്രമമുണ്ടായപ്പോള്‍ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടിരുന്നു. കേസില്‍ കൃത്യമായ നിയമനടപടിയുണ്ടായില്ലെങ്കില്‍ ബിഎസ്പി രാഷ്ട്രീയ തീരുമാനം എടുക്കുമെന്ന കാര്യം ഉറപ്പാണെന്നും മായാവതി പ്രസ്താവനയില്‍ അറിയിച്ചു. ഏപ്രില്‍ 26ന് രാജസ്ഥാനില്‍ ദലിത് യുവതി കൂട്ടമാനഭംഗത്തിന് ഇരയായ സംഭവത്തില്‍ മായാവതി ശക്തമായ വിമര്‍ശനമുന്നയിച്ചിരുന്നു. യുവതിയുടെ കുടുംബം ഏപ്രില്‍ 30ന് പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പായതിനാല്‍ പൊലീസ് കേസ് ഫയല്‍ ചെയ്യാന്‍ തയാറായില്ലെന്നാണു വിവരം. ഏപ്രില്‍ 29, മേയ് 6 തീയതികളിലായിരുന്നു രാജസ്ഥാനിലെ തിരഞ്ഞെടുപ്പ്. രാഷ്ട്രീയ നേട്ടങ്ങള്‍ക്കു വേണ്ടി കോണ്‍ഗ്രസ് സര്‍ക്കാര്‍ സംഭവം ഒതുക്കിത്തീര്‍ക്കുകയായിരുന്നെന്ന് മായാവതി പ്രതികരിച്ചു. യുവതിയുടെ കുടുംബത്തെ അധികൃതര്‍ ഭീഷണിപ്പെടുത്തുന്നതായും അവര്‍ ആരോപിച്ചു.
This post have 0 komentar
EmoticonEmoticon