കൊച്ചി: വരാപ്പുഴയില്‍ ശ്രീജിത്ത് എന്ന യുവാവിന്റെ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട് ഏഴു പൊലീസുകാരെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. പ്രതികളായ സിഐ ക്രിസ്റ്റ്യന്‍ സാം, എസ്.ഐ ദീപക് ഉള്‍പ്പെടെ ഏഴ് പൊലീസുകാരെ പ്രോസിക്യൂട്ട് ചെയ്യാനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഉത്തരവ് നാളെ പുറത്തിറങ്ങും. അനുമതി ഉത്തരവ് ലഭിച്ചാല്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.
ആഭ്യന്തര വകുപ്പിനെ പ്രതിക്കൂട്ടിലാക്കിയ കസ്റ്റഡി മരണത്തില്‍ പ്രതികളായ ഏഴുപേരെ ഡിസംബറില്‍ സര്‍വീസില്‍ തിരിച്ചെടുത്തിരുന്നു. കുറ്റപത്രം തയ്യാറായെന്നും പൊലീസുദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാനുള്ള സർക്കാർ അനുമതി വൈകാതെ തേടുമെന്നും അന്ന് അറിയിച്ചിരുന്നു. അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ച് കേസിൽ സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യവും ഹൈക്കോടതി തള്ളിയിരുന്നു.
വാസുദേവന്റെ വീടാക്രമിച്ച കേസില്‍ ആര്‍.ടി.എഫ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത ശ്രീജിത്ത് കസ്റ്റഡിയില്‍ വച്ചുണ്ടായ മര്‍ദ്ദനത്തെതുടര്‍ന്നാണ് മരിച്ചത് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ച് 2018 ഏപ്രില്‍ ഒമ്ബതിനായിരുന്നു മരണം, ആന്തരികാവയവങ്ങള്‍ക്കേറ്റ ഗുരുതര ക്ഷതത്തെ തുടര്‍ന്നായിരുന്നു മരണം. അടിവയറ്റിലേറ്റ ചവിട്ടായിരുന്നു മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon