തിരുവനന്തപുരം: കാസർഗോഡ് കൃപേഷ്, ശരത്‌ലാൽ കൊലപാതകകേസുകളിൽ കുറ്റവാളികളായ സിപിഎം ഉദുമ ഏരിയ സെക്രട്ടറിയും സംസ്ഥാന യുവജനക്ഷേമ ബോർഡ് അംഗവുമായ കെ. മണികണ്ഠൻ, പെരിയ ലോക്കൽ സെക്രട്ടറി എൻ. ബാലകൃഷ്‌ണൻ എന്നിവരെ അറസ്റ്റ് ചെയ്തു രക്ഷപെടുത്തുകയാണ് പോലീസ് ചെയ്തിരിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്റ്റേഷൻ ജാമ്യം ലഭിക്കുന്ന വകുപ്പുകൾ മാത്രമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇരുവരും അറസ്റ്റിലായി മണിക്കൂറുകൾക്കുള്ളിൽ പുറത്ത് വന്നു. കൊലപാതക കേസിലെ ഗൂഡാലോചന കുറ്റം ചുമത്താതെ തെളിവ് നശിപ്പിക്കൽ, പ്രതികളെ രക്ഷപെടാൻ സഹായിക്കൽ എന്നീ വകുപ്പുകൾ മാത്രമാണ് ചുമത്തിയിരിക്കുന്നതെന്നു ചെന്നിത്തല ആരോപിച്ചു.
ഇവരുടെ അറസ്റ്റോടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ അരുംകൊലയിൽ സിപിഎമ്മിന്റെ പങ്ക് സംശയാതീതമായി തെളിയിക്കപ്പെട്ടിരിക്കുകയാണ്. ഞങ്ങൾ ഇതുവരെ ഉന്നയിച്ച കാര്യങ്ങൾ ശരിയാണെന്ന് വ്യക്തമായിരിക്കുന്നു. ഇടതു മുന്നണിക്കും സർക്കാരിനും ഒരു പങ്കുമില്ലെന്ന വാദം പൊളിഞ്ഞു. കൊല്ലപ്പെട്ട യൂത്ത്കോൺഗ്രസ് പ്രവർത്തകരുടെ മാതാപിതാക്കൾ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
ഇരട്ടക്കൊലപാതകം സിബിഐയ്ക്ക് കോടതി വിടും എന്ന ധാരണ രൂപപ്പെട്ട് വരുന്നതിനാലാണ് നിസാരകുറ്റങ്ങൾ ചുമത്തിയാണെങ്കിലും പൊടുന്നവെ സിപിഎം നേതാക്കളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കണ്ണിൽ പൊടിയിടാനുള്ള തന്ത്രം മാത്രമാണ് ഈ അറസ്റ്റ്. സിബിഐ അന്വേഷണം വേണമെന്ന കൃപേഷിന്റേയും ശരത്‌ലാലിൻറെയും മാതാപിതാക്കളുടെ ആവശ്യത്തോടൊപ്പം കോൺഗ്രസ് അടിയുറച്ചുനിൽക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon