തിരുവനന്തപുരം: കേരളത്തിലെ ദേശീയപാതാ വികസനം മുന്‍ഗണനാ പട്ടികയില്‍ നിന്ന് ഒഴിവാക്കിയ നടപടി തിരുത്തണമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്ക്കരിക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.
മെയ് 2-ന് ദേശീയപാതാ അതോറിറ്റി പുറപ്പെടുവിച്ച വിജ്ഞാപനമനുസരിച്ച് കേരളത്തിലെ ദേശീയപാതാ വികസനം 'ഹൈ ഒന്ന്' വിഭാഗത്തില്‍ നിന്ന് 'ഹൈ രണ്ട്' വിഭാഗത്തിലേക്ക് തരം താഴ്ത്തിയിരിക്കയാണ്. മെയ് 9-ന് ദേശീയപാത അതോറിറ്റി മറ്റൊരു വിജ്ഞാപനം ഇറക്കിയെങ്കിലും ആദ്യ വിജ്ഞാപനം പിന്‍വലിച്ചിട്ടില്ല. 'ഹൈ രണ്ട്' വിഭാഗത്തില്‍ വരുന്ന പദ്ധതികള്‍ക്ക് വീണ്ടും അംഗീകാരം തേടണമെന്ന നിര്‍ദേശമാണ് പുതിയ വിജ്ഞാപനത്തിലുള്ളത്. ദേശീയപാതാ വികസനം പൂര്‍ത്തിയാക്കന്‍ കേരളം നീണ്ടകാലം കാത്തിരിക്കേണ്ടിവരുമെന്ന വ്യക്തമായ സൂചനയാണ് പുതിയ വിജ്ഞാപനവും നല്‍കുന്നത്. ആദ്യവിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ തിരുത്തുമെന്ന പ്രതീക്ഷ മാധ്യമ വാര്‍ത്തകളെ തുടര്‍ന്ന് ഉണ്ടായിരുന്നു. എന്നാല്‍ പുതിയ വിജ്ഞാപനം കേരള ജനതയെ കടുത്ത നിരാശയിലാക്കിയിരിക്കയാണ്.
കേരളത്തിലെ എന്‍.എച്ച് 66-ന്‍റെ വികസനത്തിന് കേന്ദ്രത്തിന്‍റെ ഭാരത് മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉയര്‍ന്ന പരിഗണനയാണ് നല്‍കിയിരുന്നത്. എന്‍.എച്ച് 66-ല്‍ വരുന്ന എല്ലാ പ്രവൃത്തികളുടെയും വിശദമായ പദ്ധതിരേഖ (ഡിപിആര്‍) തയ്യാറാക്കല്‍ 2016-ല്‍ തന്നെ ആരംഭിച്ചിരുന്നു. ഈ പ്രക്രിയ ഇപ്പോള്‍ അവസാന ഘട്ടത്തിലാണ്. ഭൂമി ഏറ്റെടുക്കന്നതിനുള്ള നടപടികളും പൂര്‍ത്തിയായി വരുന്നു. സ്ഥലമെടുപ്പിനുള്ള 3-എ വിജ്ഞാപനം 90 ശതമാനത്തിലേറെയായി. 3-ഡി വിജ്ഞാപനം 68 ശതമാനത്തിലധികം പൂര്‍ത്തിയായി. ഈ ഘട്ടത്തില്‍ സ്ഥലമെടുപ്പ് നിര്‍ത്തിവയ്ക്കുന്നത് കേരള ജനതയുടെ പ്രതീക്ഷകള്‍ തകിടം മറിക്കും. കേരളത്തിന്‍റെ വികസനം കണക്കിലെടുത്ത് സ്ഥലമെടുപ്പിന്‍റെ കാര്യത്തില്‍ സര്‍ക്കാരുമായി സഹകരിച്ച ഒരുപാട് പേരുടെ സാമൂഹിക-സാമ്പത്തിക ജീവിതം തന്നെ തകരാറിലാക്കുന്നതാണ് ദേശീയപാത അതോറിറ്റിയുടെ നടപടി.
കേരളത്തിലെ ദേശീയപാതാ വികസനം പിന്നോട്ടടിപ്പിക്കുന്ന തീരുമാനം ജനങ്ങളില്‍ വ്യാപക അസംതൃപ്തി ഉളവാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വിജ്ഞാപനം തിരുത്താനും സ്ഥലമെടുപ്പ് നടപടികള്‍ വേഗം പൂര്‍ത്തിയാക്കാനും ദേശീയപാതാ അതോറിറ്റിക്ക് നിര്‍ദേശം നല്‍കണമെന്ന് കേന്ദ്രമന്ത്രിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon