തലശേരി: അറക്കൽ സുൽത്താന ആദിരാജ ഫാത്തിമ മുത്ത്ബീവി (86) അന്തരിച്ചു. തലശേരി ചേറ്റംക്കുന്നിലെ വീട്ടിൽ രാവിലെ 11 മണിയോടെയായിരുന്നു അന്ത്യം. ഭൗതിക ശരീരം ഇന്ന് വൈകിട്ട് ഏഴു മണിയോടെ തലശേരി ഓടത്തിൽ പള്ളിയിൽ ഖബറടക്കും. 1932 ൽ എടയ്ക്കാടാണ് ജനനം. മുൻ സുൽത്താൻ ആദിരാജ ഹംസ കോയമ്മ തങ്ങൾ, ആദിരാജ സൈനബ ആയിഷബി എന്നിവർ സഹോദരങ്ങളാണ്. പരേതനായ സി.പി കുഞ്ഞഹമ്മദ് എളയയാണ് ഭർത്താവ്.
അറക്കല്‍ സ്വരൂപത്തിന്‍റെ മുപ്പത്തിയെട്ടാമത്തേയും ബീവിമാരില്‍ പന്ത്രണ്ടാമത്തെയും ബീവിയായിരുന്നു ഫാത്തിമ മുത്തുബീവി. കഴിഞ്ഞ വർഷം ജൂലൈയിലാണ് അറക്കല്‍ രാജവംശത്തിലെ പുതിയ സുല്‍ത്താനയായി ഫാത്തിമ മുത്തുബീവി ചുമതലയേറ്റത്. സ്ത്രീപുരുഷഭേദമില്ലാതെ കാരണവസ്ഥാനം അലങ്കരിച്ചുവരുന്നവരാണ് അറക്കൽ രാജവംശം.
കണ്ണൂർ സിറ്റി ജുമഅത്ത് പള്ളി ഉൾപ്പെടെയുള്ള നിരവധി പൈതൃക സ്ഥാപനങ്ങളുടെ ഉന്നതാധികാര സ്ഥാനമാണ് അറക്കൽ സുൽത്താന എന്ന നിലയിൽ ബീവിയിൽ നിക്ഷിപ്തമായിട്ടുള്ളത്. കണ്ണൂർ സിറ്റിയുടെ ചരിത്ര ഗവേഷണ പ്രവർത്തനങ്ങൾക്ക് ഉൾപ്പെടെ നേതൃത്വം നൽകുന്ന അറക്കൽ മ്യൂസിയത്തിന്‍റെ രക്ഷാധികാരി കൂടിയാണ് ആദിരാജ ഫാത്തിമ മുത്ത് ബീവി. ആദിരാജ ഖദീജ സോഫിയയാണ് ഏക മകൾ. കേരളത്തിലെ ഒരേയൊരു മുസ്ലീം രാജവംശമാണ് അറയ്ക്കല്‍ രാജവംശം. പടയോട്ട കാലം മുതല്‍ ബീവിമാര്‍ അറയ്ക്കൽ രാജവംശത്തെ മാറിമാറി ഭരിച്ചിരുന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon