ചെന്നൈ: ഐപിഎൽ പന്ത്രണ്ടാം സീസണിലെ ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം. പ്ലേ ഓഫിലെ ഒന്നാം ക്വാളിഫയറിൽ മുംബൈ ഇന്ത്യൻസ് നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടും. വൈകിട്ട് ഏഴര മുതൽ ചെന്നൈയിലാണ് മത്സരം.
പോയിന്‍റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാർ. മൂന്ന് തവണ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിംഗ്സും. ഫൈനലിൽ സ്ഥാനമുറപ്പാക്കാൻ ചെപ്പോക്കിൽ നേർക്കുനേർ ഏറ്റുമുട്ടുമ്പോൾ മുൻതൂക്കം രോഹിത് ശർമ്മയുടെ മുംബൈയ്ക്ക്. ലീഗ് ഘട്ടത്തിൽ രണ്ടുതവണ ഏറ്റുമുട്ടിയപ്പോഴും ജയം മുംബൈയ്ക്കൊപ്പം. ലസിത് മലിംഗ, ജസ്പ്രീത് ബുംറ പാണ്ഡ്യ സഹോദരൻമാർ എന്നിവരടങ്ങുന്ന ബൗളിംഗ് നിരയാണ് മുംബൈയുടെ കരുത്ത്. റൺസിനായി ഉറ്റുനോക്കുന്നത് രോഹിത്തിന്‍റെയും ക്വിന്‍റൺ ഡി കോക്കിന്‍റെയും സൂര്യകുമാർ യാദവിന്‍റെയും ബാറ്റുകളെ. അവസാന മത്സരത്തിൽ പഞ്ചാബിനോട് തോറ്റെത്തുന്ന ചെന്നൈയുടെ കരുത്ത് , ഡുപ്ലെസി, റെയ്ന, ധോണി, എന്നിവരടങ്ങിയ ബാറ്റിംഗ് നിരയാണ്.
ഇമ്രാൻ താഹിർ, രവീന്ദ്ര ജഡേജ, ഹർഭജൻ സിംഗ് എന്നീ സ്പിന്നർമാരെയാവും ബൗളിംഗിൽ ധോണി ആശ്രയിക്കുക. ഇരുടീമും 26 കളിയിൽ ഏറ്റുമുട്ടിയിട്ടുണ്ട്. പതിനഞ്ചിൽ മുംബൈയും പതിനൊന്നിൽ ചെന്നൈയും ജയിച്ചു. ചെപ്പോക്കിൽ തോൽക്കുന്നവർക്ക് ഫൈനലിലേക്ക് എത്താൻ ഒരവസരംകൂടിയുണ്ട്. നാളത്തെ ഡൽഹി, ഹൈദരാബാദ് എലിമിനേറ്ററിലെ വിജയികളുമായി വെള്ളിയാഴ്ച വിശാഖപട്ടണത്ത് വീണ്ടും ക്വാളിഫയറിൽ ഏറ്റുമുട്ടാം. ഞായറാഴ്ചയാണ് ഫൈനൽ.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon