ബെലോ ഹൊറിസോന്റെ ∙ ബാഴ്സലോണയുടെ സൂപ്പർസ്റ്റാർ ലൂയിസ് സ്വാരെസ് കോപ്പ അമേരിക്കയിൽ അരങ്ങേറിയ മത്സരത്തിൽ ഇക്വഡോറിനെ എതിരില്ലാത്ത നാലു ഗോളുകൾക്ക് തകർത്ത് യുറഗ്വായ്. ഒരു ഗോൾ സ്വന്തം പേരിൽ കുറിച്ച സ്വാരെസ് മാൻ ഓഫ് ദി മാച്ച് പട്ടവും സ്വന്തമാക്കി. പ്രതിരോധത്തിന്റെ അവസാനവാക്കായ പാർക്കിങ് ദ് ബസ് ശൈലിയിൽ കളിച്ച ഇക്വഡോറിനെ ഏറെ പണിപ്പെട്ടാണു യുറഗ്വായ് തകർത്തത്. ആറാം മിനിറ്റിൽ സ്വാരസിന്റെ സുന്ദരമായ പാസ് ഇക്വഡോർ വലയിലേക്കു നിക്കോളാസ് ലോദിയറോ അടിച്ചുകയറ്റി ആദ്യ ഗോൾ നേടി. ഇതൊഴിച്ചു കളിയുടെ ആദ്യപകുതിയിൽ ഏറെ നേരവും ബസ് പാർക്കിങ്ങുമായി ഗോൾ പോസ്റ്റിനുമുന്നിൽ ഇക്വഡോർ താരങ്ങൾ നിരന്നുനിന്നു. ഇതിനിടെ ജോസ് ക്വിന്ററോ ചുവപ്പ് കാർഡുമായി കളം വിട്ടതോടെ ഇക്വഡോറിന്റെ അംഗബലം പത്തായി ചുരുങ്ങി.33–ാം മിനിറ്റിൽ എഡിസൺ കവാനിയും 44–ാം മിനിറ്റിൽ സ്വാരസും ഗോൾ നേടിയതോടെ ആദ്യ പകുതി യുറഗ്വായ് സ്വന്തമാക്കി. രണ്ടാം പകുതിയിലും നിരവധി അവസരങ്ങളുണ്ടായെങ്കിലും യുറഗ്വായ്ക്കു ഗോളാക്കി മാറ്റാനായില്ല. ഫൈനൽ വിസിലിനായി കാത്തുനിന്ന ഇക്വഡോർ താരങ്ങൾ, പന്ത് സ്വന്തം പാതിയിൽതന്നെ പാസ് ചെയ്ത് ഉഴപ്പിക്കളിച്ചു. ഇതിനിടെ ആർത്തുറൊ മിനായുടെ കയ്യബദ്ധത്തിൽ സ്വന്തം പോസ്റ്റിലേക്കു പന്ത് കയറിയതോടെ ഇക്വഡോറിന്റെ പതനം പൂർത്തിയായി. സ്കോർ 4–0
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon