ജയ്‌പൂർ : മകന്‍ വൈഭവ് ഗെലോട്ടിന്റെ പരാജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിന്റെ നേതൃത്വത്തിലുള്ള വിഭാഗമാണ് എന്ന് ആരോപിച്ച് മുഖ്യമന്ത്രി അശോക് ഗെലോട്ട്. ലോക്‌സഭ തിരഞ്ഞെടുപ്പിലെ വന്‍ തോല്‍വിക്ക് പിന്നാലെ രൂക്ഷമായ ഗ്രൂപ്പ് പോര് പൊട്ടിത്തെറിയിലേയ്ക്ക് നീങ്ങുന്നതിന്റെ സൂചനയാണ് ഗെലോട്ട് നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ അധികാരം നേടാന്‍ കഴിഞ്ഞിട്ടും ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് സംസ്ഥാനത്ത് ഒരു സീറ്റ് പോലും നേടാന്‍ കഴിഞ്ഞില്ല. ആകെയുള്ള 25ല്‍ 24 സീറ്റും ബിജെപി നേടി. ഒരു സീറ്റ് പ്രാദേശിക പാര്‍ട്ടിയായ രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ട്ടിയും നേടി. ഹനുമാന്‍ ബേനിവാളിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടി ബിജെപിയുടെ സഖ്യകക്ഷിയാണ്.
തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ താന്‍ രാജി വയ്ക്കാന്‍ തീരുമാനിച്ചതായി പ്രഖ്യാപിച്ച പ്രസിഡന്റ് രാഹുല്‍ ഗാന്ധി പ്രഖ്യാപിക്കുകയും അശോക് ഗെലോട്ട് അടക്കമുള്ള മുതിര്‍ന്ന നേതാക്കളെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. അശോക് ഗെലോട്ടും മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥും പി ചിദംബരവും തങ്ങളുടെ മക്കളുടെ കാര്യത്തില്‍ മാത്രമാണ് താല്‍പര്യം കാണിച്ചത് എന്നും മറ്റിടങ്ങളില്‍ പാര്‍ട്ടിക്ക് വേണ്ടി കാര്യമായി പ്രചാരണത്തിനെത്തിയില്ലെന്നും രാഹുല്‍ വിമര്‍ശിച്ചിരന്നു. രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം ഏറ്റുപിടിച്ച് സച്ചിന്‍ ഗെലോട്ട് ഗ്രൂപ്പുകാരായ രാജസ്ഥാനിലെ മൂന്ന് മന്ത്രിമാര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. ഒരാള്‍ രാജി വയ്ക്കുകയും ചെയ്തു.
വൈഭവ് ഗെലോട്ടിന്റെ പരാജയത്തിന്റെ ഉത്തരവാദിത്തം പിസിസി പ്രസിഡന്റായ സച്ചിന്‍ പൈലറ്റിനാണ് എന്നാണ് ഗെലോട്ട് തുറന്നടിച്ചിരിക്കുന്നത്. അശോക് ഗെലോട്ടിന്റെ ശക്തി കേന്ദ്രങ്ങളിലൊന്നാണ് ജോധ്പൂരിലാണ് ബിജെപിയുടെ ഗജേന്ദ്ര സിംഗ് ഷെഖാവത്തിനോട് വൈഭവ് ഗെലോട്ട് പരാജയപ്പെട്ടത്. നാല് ലക്ഷത്തില്‍ പരം വോട്ടിനായിരുന്നു വൈഭവിന്റെ തോല്‍വി. അശോക് ഗെലോട്ട് അഞ്ച് തവണ ഇവിടെ നിന്ന് ലോക്‌സഭയിലേയ്ക്ക് ജയിച്ചിട്ടുണ്ട്. അതേസമയം ബാക്കി സീറ്റുകളില്‍ കോണ്‍ഗ്രസ് തോറ്റ കാര്യം അശോക് ഗെലോട്ട് പ്രശ്‌നമാക്കിയതുമില്ല. നിയമസഭ തിരഞ്ഞെടുപ്പിലെ വിജയത്തിന്റെ ക്രെഡിറ്റ് പിസിസി പ്രസിഡന്റായി സച്ചിന്‍ പൈലറ്റിനാണ് എന്നും സച്ചിനാണ് മുഖ്യമന്ത്രിയാകേണ്ടത് എന്നും സച്ചിന്‍ വിഭാഗം ശക്തമായി വാദിച്ചിരുന്നു. എന്നാല്‍ ദേശീയ നേതൃത്വത്തിന്റെ ആവശ്യം പരിഗണിച്ച് സച്ചിന്‍ പൈലറ്റ് അയയുകയായിരുന്നു.
ജോധ്പൂരില്‍ വന്‍ ഭൂരിപക്ഷത്തിന് വൈഭവ് ജയിക്കുമെന്നാണ് സച്ചിന്‍ പൈലറ്റ് പറഞ്ഞിരുന്നത് എന്ന് അശോക് ഗെലോട്ട് പറയുന്നു. ജോധ്പൂരിലെ തോല്‍വിയുടെ ഉത്തരവാദിത്തമെങ്കിലും സച്ചിന്‍ ഏറ്റെടുക്കണം എന്നാണ് കരുതുന്നത് എന്ന് ഗെലോട്ട് പറയുന്നു. സര്‍ക്കാര്‍ രൂപീകരിച്ച് ആറ് മാസമാകുന്നതിന് മുമ്പ് തന്നെ രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ തമ്മിലടി രൂക്ഷമായിരിക്കുകയാണ്. ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലമാണ് ഏറ്റവും ഒടുവില്‍ പരസ്പരമുള്ള പഴി ചാരലുകള്‍ക്ക് കാരണമായിരിക്കുന്നത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon