ലില്ലെ: വടക്കൻ ഫ്രഞ്ച് പ്രവിശ്യയിൽ മാസങ്ങൾക്ക് മുൻപ് ചാക്കിലാക്കിയ നിലയിൽ കണ്ടെത്തിയ മൃതദേഹം ഇന്ത്യക്കാരന്റേതാണെന്ന് തിരിച്ചറിഞ്ഞു. ഡിഎൻഎയും വിരലടയാളവുമെല്ലാം പരാജയപ്പെട്ടപ്പോൾ കൊല്ലപ്പെട്ടയാളുടെ പോക്കറ്റിൽ നിന്നും കണ്ടെത്തിയ സിഗററ്റ് ലൈറ്ററാണ് ഫ്രഞ്ച് പൊലീസിന് അന്വേഷണത്തിൽ സഹായകമായത്. തെളിവുകളുടെ അടിസ്ഥാനത്തിൽ ബെൽജിയത്തിൽ കൊലപാതകി എന്ന് സംശയിക്കുന്ന മറ്റൊരു ഇന്ത്യക്കാരനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.കഴിഞ്ഞ ഒക്ടോബറിൽ ബോർബർഗിൽ ചവറുകൂന വൃത്തിയാക്കുന്നതിനിടെയാണ് അഴുകിയനിലയിൽ ചാക്കിൽ കെട്ടിയ മൃതദേഹം കണ്ടെത്തിയത്. ആണാണോ പെണ്ണാണോ എന്നുപോലും തിരിച്ചറിയാൻ കഴിയാത്ത ജീർണിച്ച നിലയിലായിരുന്നു മൃതദേഹം. ആളെ തിരിച്ചറിയുന്നതിനുള്ള ഏതെങ്കിലും രേഖയോ മൊബൈൽ ഫോണോ കണ്ടെത്താനും കഴിഞ്ഞിരുന്നില്ല. ഡിഎൻഎയും വിരലടയാളവും പരിശോധിച്ചെങ്കിലും ഒരു തുമ്പും ലഭിച്ചില്ല. എന്നാൽ കൊല്ലപ്പെട്ടയാളുടെ പോക്കറ്റിലുണ്ടായിരുന്ന ലൈറ്റർ അന്വേഷണത്തിൽ വഴിത്തിരിവായി മാറുകയായിരുന്നു. 'ക്രോഗ് കഫെ' എന്ന് ലൈറ്ററിനുമുകളിൽ രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു.
ബൽജിയത്തിലും നെതർലാന്റ്സിലും പബ്ബുകളെ പൊതുവായി വിളിക്കുന്ന പേരാണ് ലൈറ്ററിന് മുകളിൽ കണ്ടത്. കഴിഞ്ഞ ജൂൺമുതൽ ബെൽജിയത്തിൽ നിന്ന് ഇന്ത്യക്കാരനായ 42 വയസുകാരനായ ദർശൻ സിംഗിനെ കാണാനില്ലായിരുന്നു. അന്വേഷത്തിനിടയിൽ ഡച്ച് അതിർത്തിക്ക് സമീപമുള്ള ഇയാളുടെ വീടിന് സമീപം ഇത്തരമൊരു പബ്ബ് ഉണ്ടെന്ന് കണ്ടെത്തി. കാണാതായ വ്യക്തിയുടെ ടൂത്ത് ബ്രഷിൽ നിന്ന് ഡിഎൻഎ സാംപിൾ ശേഖരിച്ചു. ഇതിൽ നിന്നും കൊല്ലപ്പെട്ടത് ദർശൻ സിംഗാണെന്ന് സ്ഥിരീകരിച്ചു. ആളെ തിരിച്ചറിഞ്ഞതോടെ ബെൽജിയം പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇതിനൊടുവിലാണ് കൊലപാതവുമായി ബന്ധപ്പെട്ട് മറ്റൊരു ഇന്ത്യക്കാരനെ കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്തുവരുന്നതായി പൊലീസ് അറിയിച്ചു.
This post have 0 komentar
EmoticonEmoticon