തിരുവനന്തപുരം : ‘ശബരിമല’യിൽ പിഴച്ചുവെന്നു സമ്മതിക്കുമ്പോൾ തന്നെ പ്രതിക്കൂട്ടിൽ സർക്കാരില്ലെന്നു സിപിഎം സംസ്ഥാന കമ്മിറ്റി തലയൂരിയെങ്കിലും ഇടതുമുന്നണിയിൽ ചോദ്യങ്ങൾ അവസാനിക്കുന്നില്ല. ഘടകകക്ഷികൾ ഭിന്നാഭിപ്രായം പരസ്യമാക്കിത്തുടങ്ങി. എഴു മുതൽ ഒൻപതു വരെ നടക്കുന്ന സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തിന്റെ വിശകലനവും ആകാംക്ഷ ഉയർത്തും.
സർക്കാർ ലൈനിനെതിരെ സംസ്ഥാന സെക്രട്ടേറിയറ്റിലും സംസ്ഥാന കമ്മിറ്റിയിലും വിമർശനമുയർന്നു. രണ്ടു മറുചോദ്യം ഉയർത്തിയാണു സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന കമ്മിറ്റിയിൽ സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അതിനെ നേരിട്ടത്: സ്ത്രീ–പുരുഷ സമത്വത്തിന് എതിരായുള്ള നിലപാട് സിപിഎമ്മിനും മുന്നണിക്കും പുലർത്താനാകുമോ, സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള ഭരണഘടനാ ബാധ്യതയിൽ നിന്ന് ഒഴിഞ്ഞു മാറാനാകുമോ.
വിധി നടപ്പാക്കാൻ ബാധ്യസ്ഥമാണെന്നു വാദിക്കുമ്പോൾ തന്നെ അവധാനതയും സൂക്ഷ്മതയുമാകാമായിരുന്നുവെന്ന വിമർശനം പാർട്ടിയിലുണ്ടെന്നു ചർച്ചകൾ നേതൃത്വത്തെ ബോധ്യപ്പെടുത്തി. പക്ഷേ ഒറ്റയടിക്കു നേതൃത്വം തിരുത്തില്ല. നിലപാടല്ല, പിണറായിയാണ് അപ്പോൾ തിരുത്തപ്പെടുന്നതെന്നാണു ചില നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. അതു നിലവിലെ സാഹചര്യത്തിൽ സിപിഎമ്മിൽ അത്ര എളുപ്പമല്ല. ആ തിരുത്തലിനു മുമ്പു നിരന്തരം ശ്രമിച്ചുവന്ന വി.എസ്.അച്യുതാനന്ദൻ സംസ്ഥാന കമ്മിറ്റിയുടെ ആദ്യദിനം അൽപ നേരം മാത്രമാണു പങ്കെടുത്തതുതന്നെ. തകർന്നടിഞ്ഞ പാർട്ടിക്കു നേതൃത്വം നൽകുന്ന ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ഒന്നാം ദിനം കമ്മിറ്റിയിൽ പങ്കെടുത്ത ശേഷം ബംഗാളിലെ സംസ്ഥാന കമ്മിറ്റിക്കായി അങ്ങോട്ടു പറന്നു.
സമീപകാലത്തെ സംസ്ഥാന കമ്മിറ്റി യോഗങ്ങളിൽ നിന്നു വിഭിന്നമായി ഏതാണ്ട് എല്ലാവരും അഭിപ്രായങ്ങൾ തുറന്നുപറഞ്ഞു. ഭൂരിപക്ഷ, ന്യൂനപക്ഷ വോട്ടുകൾ ഒരേസമയം ചോർന്നത് ഇതാദ്യമാണെന്ന ആശങ്ക പങ്കുവച്ചു. ചർച്ചകൾക്കു ശേഷം വീണ്ടും സെക്രട്ടേറിയറ്റ് ചേർന്നപ്പോൾ മുഖ്യമന്ത്രി അഭിപ്രായങ്ങൾ ആവർത്തിച്ചതല്ലാതെ കമ്മിറ്റിയിൽ സംസാരിച്ചില്ല. കരട് അവലോകന റിപ്പോർട്ടിലെ വാദങ്ങളിൽ ഉറച്ചുനിന്നു കോടിയേരി മറുപടി നൽകി.
തോൽവിക്കു ശബരിമല പ്രധാന കാരണങ്ങളിലൊന്നായി കാണുന്നില്ലെന്ന മുഖ്യമന്ത്രിയുടെ പരസ്യപ്രസ്താവന അതേപടി സംസ്ഥാന കമ്മിറ്റി ആവർത്തിച്ചില്ലെന്നതു മാത്രമാണു പരസ്യനിലപാടുകളിൽ ശ്രദ്ധേയം. 1–19 തോൽവിക്കു കാരണങ്ങളിലൊന്നു ശബരിമല തന്നെയെന്നു കോടിയേരി തുറന്നു പറഞ്ഞു. പക്ഷേ അതു വിശ്വാസികൾ തെറ്റിദ്ധരിക്കപ്പെട്ടതു കൊണ്ടു മാത്രമാണെന്നു സ്ഥാപിക്കാനും ശ്രദ്ധിച്ചു.
എൽഡിഎഫിന്റെ ഹിന്ദു വോട്ട് അടിത്തറയിൽ വിള്ളലുണ്ടായെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തുറന്നടിച്ചു. ആറിന് സംസ്ഥാന നിർവാഹക സമിതിയും 12,13 തീയതികളിൽ സംസ്ഥാന കൗൺസിലും ചേരുമ്പോൾ സിപിഐ എന്തു പറയുമെന്നു സിപിഎമ്മിനും ഉദ്വേഗമുണ്ടാകും. വനിതാ മതിൽ തീർത്തതിനു പിറ്റേന്നു രണ്ടു യുവതികൾ കയറിയതു വിനയായെന്നു പറയാൻ ലോക്താന്ത്രിക് ദളിനു മടിയുണ്ടായില്ല. വിശ്വാസികൾ എതിരായെന്ന് എൻസിപിയും അഭിപ്രായപ്പെട്ടു.
This post have 0 komentar
EmoticonEmoticon