കൊച്ചി: കെഎസ്ആര്‍ടിസിയിലെ താത്കാലികക്കാരായ എംപാനല്‍ പെയിന്റര്‍മാരെ ഈ മാസം 30നകം പിരിച്ചുവിടണമെന്നു ഹൈക്കോടതി. താത്കാലികക്കാര്ക്കു നിയമപരമായി അനുവദിച്ചിട്ടുള്ള കാലപരിധി കഴിഞ്ഞാല്‍ പിരിച്ചുവിടണമെന്ന എം പാനല്‍ കണ്ടക്ടര്‍മാരുടെയും ഡ്രൈവര്‍മാരുടെയും കേസിലെ സുപ്രീം കോടതി ഉത്തരവടക്കം ഉദ്ധരിച്ചാണു ഡിവിഷന് ബെഞ്ചിന്റെ വിധി. എം പാനലുകാര്‍ക്ക് 180 ദിവസത്തിനപ്പുറം ജോലി ചെയ്യാന്‍ നിയമപരമായി അര്‍ഹതയില്ലെന്നു ജസ്റ്റീസ് വി. ചിദംബരേഷ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. ചട്ടം ലംഘിച്ചു തെണ്ണൂറോളം താത്കാലിക പെയിന്റര്മാരെയാണു കെഎസ്ആര്‍ടിസി നിലനിര്‍ത്തിയിട്ടുള്ളത്. 180 ദിവസത്തെ കാലാവധി പൂര്‍ത്തിയാക്കിയ ജീവനക്കാരനെ ചട്ടപ്രകാരമല്ലാതെ അതേ തസ്തികയിലേക്കു വീണ്ടും നിയമിക്കരുതെന്നു കോടതി പറഞ്ഞു. പിരിച്ചുവിടലിനെത്തുടർന്ന് ഉണ്ടാകുന്ന ഒഴിവുകളിലേക്ക് ഉചിതമായ നടപടി സ്വീകരിക്കാനും ഡിവിഷന്‍ബെഞ്ച് നിര്‍ദേശിച്ചു. താത്കാലികക്കാരെ പിരിച്ചുവിട്ടു പിഎസ്സി റാങ്ക്പട്ടികയിലുള്ളവര്ക്കു നിയമനം നല്‍കാനുള്ള സിംഗിള്‍ബെഞ്ച് ഉത്തരവിനെതിരേ കെഎസ്ആര്‍ടിസി നല്കിയ ഹര്‍ജിയാണു കോടതി പരിഗണിച്ചത്. ജീവനക്കാരുടെ കുറവ് നേരിടുന്ന അടിയന്തര സാഹചര്യങ്ങളില്‍ പകരക്കാരെ നിയമിക്കാന്‍ കെഎസ്ആര്‍ടിസിക്കുള്ള അധികാരം ദുരുപയോഗം ചെയ്താണ് ഇവരെ കാലാവധിക്കുശേഷവും തുടരാന്‍ അനുവദിക്കുന്നതെന്നു കോടതി ചൂണ്ടിക്കാട്ടി.
ഇത്തരമൊരു അധികാരത്തെ എംപാനലുകാരെ നിലനിര്‍ത്താനുള്ള തന്ത്രമായി കാണരുത്. ഏതു കാരണത്തിന്റെ പേരിലായാലും താല്‍ക്കാലികക്കാരെ നിലനിര്‍ത്തുന്നതു തികച്ചും അപലപനീയമാണ്. വളഞ്ഞവഴിയിലുടെ ഇത്തരം നിയമനങ്ങള്‍ക്കു കെഎസ്ആര്‍ടിസി ശ്രമം നടത്തരുത്. എംപാനല്‍ ജീവനക്കാര്‍ ജോലി ചെയ്യുന്നുവെന്നതും ഒഴിവുകള്‍ ഉണ്ടെന്നതും നിയമന അധികാരത്തിനുള്ള കാരണങ്ങളല്ല. സ്വേച്ഛാപരമല്ലാത്തതും ന്യായവുമായ കാരണങ്ങളുണ്ടെങ്കില്‍ ഒഴിവുകള്‍ നികത്താതിരിക്കാനുള്ള വിവേചനാധികാരവും തൊഴിലുടമയ്ക്കുണ്ട്. പെയിന്റര്‍ തസ്തികയിലെ ഒഴിവുകള്‍ നികത്തേണ്ടതുണ്ടോയെന്നു തീരുമാനമെടുക്കാനുള്ള പൂര്‍ണാധികാരം കെഎസ്ആര്‍ടിസിക്കാണ്. നിയമനത്തിനായുള്ള കോടതിയുടെ ഉത്തരവ് ലഭിക്കാന്‍ ഹര്‍ജിക്കാര്‍ക്കും അവകാശമില്ലെന്നു വ്യക്തമാക്കിയ കോടതി അപ്പീല്‍ തീര്‍പ്പാക്കി. 2017 ഓക്ടോബര്‍ 22നു പെയിന്റര്‍ റാങ്ക് പട്ടികയുടെ കാലാവധി കഴിയുമ്പോള്‍ 70 ഒഴിവുകളുണ്ടായിരുന്നിട്ടും അതു പിഎസ്സിക്കു റിപ്പോര്‍ട്ട് ചെയ്യാതെ ഒന്നു മാത്രമാണ് അറിയിച്ചതെന്നു റാങ്ക് പട്ടികയിലുണ്ടായിരുന്ന ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. റാങ്ക് പട്ടികയിലുള്ളവര്‍ക്കു നിയമനം നല്‍കണമെന്നു കോടതിക്കു നിര്‍ദേശിക്കാനാവില്ലെന്നു റാങ്ക് പട്ടിക കാലഹരണപ്പെട്ടതടക്കമുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഡിവിഷന്‍ബെഞ്ച് വ്യക്തമാക്കി.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon