ഗുരുവായൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം പൂർത്തിയായി. രാവിലെ 10.25-ഓടെയാണ് പ്രധാനമന്ത്രി ക്ഷേത്രത്തിനകത്തേക്ക് പ്രവേശിച്ചത്. ഗുരുവായൂര്‍ ശ്രീവത്സം ഗസ്റ്റ് ഹൗസിലെ വിശ്രമത്തിന് ശേഷം ക്ഷേത്രത്തിലെത്തിയ അദ്ദേഹത്തെ കിഴക്കേഗോപുരകവാടത്തില്‍ കീഴ്ശാന്തിമാര്‍ പൂര്‍ണകുംഭം നല്‍കി എതിരേറ്റു.
അരമണിക്കൂറോളം ക്ഷേത്രത്തിനകത്ത് ചിലവഴിച്ച അദ്ദേഹം ഉപദേവന്മാരെ തൊഴുത്, ചുറ്റമ്പലപ്രദക്ഷിണം കഴിഞ്ഞ് താമരപ്പൂക്കള്‍കൊണ്ട് തുലാഭാരം വഴിപാടും നടത്തി. കണ്ണനെ തൊഴുത് സോപാനപ്പടിയില്‍ കാണിക്ക സമര്‍പ്പിച്ചു. കദളിക്കുലയും മഞ്ഞപ്പട്ടും നെയ്യും സമര്‍പ്പിച്ചു.ഗവര്‍ണര്‍ പി. സദാശിവം, കേന്ദ്രസഹമന്ത്രി വി. മുരളീധരന്‍, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ തുടങ്ങിയവരും പ്രധാനമന്ത്രിക്കൊപ്പമുണ്ട്. ക്ഷേത്രദര്‍ശനത്തിനായി എത്തിയ അദ്ദേഹം മുണ്ട് ഉടുത്താണ് ഗുരുവായൂരിലെത്തിയത്.
രാവിലെ 9.55-ഓടെയാണ് പ്രധാനമന്ത്രി ശ്രീകൃഷ്ണ കോളേജ് ഹെലിപ്പാഡില്‍ ഇറങ്ങിയത്. ബി.ജെ.പി. നേതാക്കളും ഉദ്യോഗസ്ഥരും പ്രധാനമന്ത്രിയെ പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു. പി.എസ്. ശ്രീധരന്‍പിള്ള, ഒ. രാജഗോപാല്‍, എച്ച്.രാജ, സി.കെ. പദ്മനാഭന്‍, പി.കെ. കൃഷ്ണദാസ് തുടങ്ങിയ ബി.ജെ.പി. നേതാക്കളും ഗുരുവായൂരിലെത്തിയിരുന്നു. ക്ഷേത്രദര്‍ശനത്തിന് ശേഷം ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തുന്ന പ്രധാനമന്ത്രി 11.25-ന് ശ്രീകൃഷ്ണ സ്‌കൂള്‍ മൈതാനത്തെ സമ്മേളനത്തില്‍ സംബന്ധിക്കും. ബി.ജെ.പി. സംസ്ഥാനസമിതിയാണ് പൊതുസമ്മേളനം സംഘടിപ്പിച്ചിട്ടുള്ളത്. സന്ദര്‍ശനത്തിനിടെ ഗുരുവായൂര്‍ ക്ഷേത്രവികസന പദ്ധതി ദേവസ്വം അധികൃതര്‍ പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കും.
This post have 0 komentar
EmoticonEmoticon