പോർട്ടോ : ദേശീയ ടീമിലേക്കുള്ള മടങ്ങിവരവ് ഹാട്രിക് നേട്ടവുമായി ആഘോഷിച്ച സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മികവിൽ പോർച്ചുഗൽ പ്രഥമ യുവേഫ നേഷൻസ് ലീഗിന്റെ ഫൈനലിൽ. ആവേശം വാനോളമുയർന്ന സെമിപോരാട്ടത്തിൽ കരുത്തരായ സ്വിറ്റ്സർലൻഡിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് പോർച്ചുഗൽ തകർത്തത്. 25, 88, 90 മിനിറ്റുകളിലായിരുന്നു റൊണാൾഡോയുടെ ഗോളുകൾ. സ്വിറ്റ്സർലൻഡിന്റെ ആശ്വാസഗോൾ പെനൽറ്റിയിൽനിന്ന് റിക്കാർഡോ റോഡ്രിഗസ് (57) നേടി.ആദ്യപകുതിയിൽ പോർച്ചുഗൽ ഒരു ഗോളിനു മുന്നിലായിരുന്നു. രണ്ടാം പകുതിയിൽ സ്വിറ്റ്സർലൻഡ് പെനൽറ്റിയിൽനിന്ന് ലക്ഷ്യം കണ്ടതോടെ ഇരു ടീമും ഒപ്പത്തിനൊപ്പം. കൂടുതൽ ഗോളുകൾ പിറക്കാതെ പോയതോടെ മൽസരം അധികസമയത്തേക്ക് നീളുമെന്ന് ഉറപ്പിച്ചിരിക്കെയാണ് അവസാന രണ്ടു മിനിറ്റിൽ ഇരട്ടഗോൾ നേട്ടത്തിലൂടെ റൊണാൾഡോ ഹാട്രിക് പൂർത്തിയാക്കിയത്. ഇംഗ്ലണ്ട് – ഹോളണ്ട് രണ്ടാം സെമിഫൈനൽ വിജയികളുമായാണ് പോർച്ചുഗലിന്റെ കിരീടപ്പോരാട്ടം. ജൂൺ ഒൻപതിന് പോർച്ചുഗലിലെ പോർട്ടോയിലാണ് ഫൈനൽ.
യൂറോപ്യൻ രാജ്യാന്തര സൗഹൃദ ഫുട്ബോൾ മൽസരങ്ങൾക്ക് സംഘടിത രൂപം നൽകി യുവേഫ ഈ വർഷം മുതൽ നടത്താൻ തീരുമാനിച്ച ടൂർണമെന്റാണ് നേഷൻസ് ലീഗ്. എ,ബി,സി,ഡി എന്നിങ്ങനെ നാലു ലീഗുകളിലായി നടന്ന ചാംപ്യൻഷിപ്പിൽ യൂറോപ്പിലെ 55 ദേശീയ ടീമുകളാണ് മൽസരിച്ചത്.
This post have 0 komentar
EmoticonEmoticon