തിരുവന്തപുരം: വിഴിഞ്ഞത്ത് നിന്നും കൊല്ലത്ത് നിന്നും കാണാതായ ഏഴ് മത്സ്യത്തൊഴിലാളികൾക്കായി ഇന്നലെ രാത്രി നിർത്തിവെച്ച തിരച്ചിൽ ഇന്ന് വീണ്ടും തുടരും. ബുധനാഴ്ച വൈകിട്ട് വിഴിഞ്ഞത്ത് നിന്ന് പുറപ്പെട്ട ബോട്ടിലുള്ള നാല് പേരെ കുറിച്ചാണ് ഒരു വിവരവും ഇല്ലാത്തത്. കൊല്ലം ശക്തിക്കുളങ്ങറ ഭാഗത്ത് നിന്ന് മത്സ്യബന്ധനത്തിനുപോയ ബോട്ടിലെ അഞ്ചുപേരിൽ രണ്ട് പേർ തിരികെയെത്തുകയും ഇവർ സഞ്ചരിച്ചിരുന്ന ബോട്ട് കരക്കടിയുകയും ചെയ്‌തിട്ടുണ്ട്.
പുല്ലുവിള സ്വദേശികളായ ആന്റണി, യേശുദാസൻ, പുതിയതുറ സ്വദേശികളായ ലൂയിസ്, ബെന്നി എന്നിവരാണ് വിഴിഞ്ഞത്ത് നിന്ന് പുറപ്പെട്ട ബോട്ടിലുള്ളത്. വ്യാഴാഴ്ച രാവിലെയോടെയാണ് ഇവർ തിരിച്ചെത്തേണ്ടിയിരുന്നത്. മറൈൻ എൻഫോഴ്സ്മെന്റും തീരസംരക്ഷണ സേനയും തിരിച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. കൊച്ചിയിൽ നിന്ന് ഡോണിയർ വിമാനവും ഹെലികോപ്ടറുകളും എത്തിച്ച് തിരച്ചിൽ നടത്തുമെന്ന് അറിയിച്ചെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാൽ ശ്രമം നടന്നില്ല. ഇന്ന് രാവിലെയോടെ വിമാനം എത്തിച്ച് തിരച്ചിൽ തുടരുമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പ്.
കൊല്ലം ശക്തിക്കുളങ്ങറ ഭാഗത്ത് നിന്ന് മത്സ്യബന്ധനത്തിനുപോയ തമിഴ്നാട് നീരോടി സ്വദേശികളായ നിക്കോളാസ്, സ്റ്റാലിൻ എന്നിവർ നീന്തി രക്ഷപ്പെട്ടെങ്കിലും വള്ളത്തിലുണ്ടായിരുന്ന രാജു, ജോൺബോസ്കൊ, സഹായരാജു എന്നിവരെ ഇതുവരെ കണ്ടെത്താനായില്ല. ഇവർക്കായുള്ള തിരച്ചിലും തുടരുകയാണ്. രക്ഷപ്പെട്ട സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള സാഗര മാതാ എന്ന ബോട്ടാണ് മറിഞ്ഞത്. തകർന്ന വള്ളം നീണ്ടകരയിൽ തീരത്ത് അടിഞ്ഞിട്ടുണ്ട്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon