തിരുവനന്തപുരം: കേരളത്തെ രൂക്ഷമായി ബാധിച്ച കാലവര്‍ഷം അല്‍പം ശമിച്ചിട്ടുണ്ട്. പ്രകൃതി ദുരന്തങ്ങള്‍ക്ക് മുന്നില്‍ പതറാതെ നേരിട്ട പാരമ്പര്യമാണ് നമ്മുടെ നാടിനുള്ളത്. 2018ലെ മഹാപ്രളയത്തിലും അതിനുശേഷം ഈ വര്‍ഷമുണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും ഉരുള്‍പൊട്ടലിലും കനത്ത നാശനഷ്ടങ്ങള്‍ നേരിട്ടപ്പോഴും ഒരുമയോടുകൂടി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നു. ഈ ദുരന്തങ്ങളുടെ കാരണങ്ങളെക്കുറിച്ചും അവ എങ്ങനെ ഭാവിയില്‍ ഇല്ലാതാക്കാമെന്നതിനെക്കുറിച്ചും ആഴത്തിലുള്ള ചിന്ത സമൂഹത്തില്‍ രൂപപ്പെടുന്നുണ്ട്.
പുനര്‍നിര്‍മാണ പ്രവര്‍ത്തനത്തില്‍ രണ്ടു പ്രധാന പ്രശ്നങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. നിലവിലുള്ള രീതിയില്‍ ഭവനനിര്‍മാണവും മറ്റു നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടത്തുമ്പോള്‍ അസംസ്കൃത വസ്തുക്കള്‍ എങ്ങനെ കിട്ടും എന്നതാണ് അതിലൊന്ന്. നിലവിലുള്ള രീതി മാറ്റേണ്ടതല്ലേ, നാടിന്‍റെ സവിശേഷമായ പ്രകൃതിക്കനു സരിച്ചുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്തേണ്ടതല്ലേ എന്നതാണ് രണ്ടാമത്തേത്. ഈ ചോദ്യങ്ങള്‍ക്കുത്തരം, കണ്ടെത്തി, പ്രായോഗിക ബദലുകള്‍ രൂപപ്പെടുത്തുന്നതിന് ലോകത്തെമ്പാടുമുള്ള അനുഭവങ്ങളെ സ്വാംശീകരിച്ചു മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
ഇതിന്‍റെ ഭാഗമായി ലൈഫ് മിഷനില്‍ ഉള്‍പ്പെടെ തയ്യാറാക്കുന്ന ഭവന സമുച്ചയങ്ങളെ പുതിയ രീതിയിലേക്ക് പരിവര്‍ത്തിപ്പിക്കുന്നതിനുള്ള നടപടികളിലേക്ക് നീങ്ങുകയാണ്. പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്‍റെ ഭാഗമായി പ്രകൃതിദുരന്താഘാതം മറികടക്കാന്‍ ശേഷിയുള്ള ഭവനസമുച്ചയങ്ങള്‍ കെട്ടിപ്പടുക്കാന്‍ പ്രീ ഫാബ്രിക്കേറ്റഡ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനു സ്റ്റേറ്റ് ലെവല്‍ എംപവേര്‍ഡ് കമ്മിറ്റി തീരുമാനം എടുത്തിട്ടുണ്ട്.
ഇത്തരം രീതികള്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടപ്പാക്കുന്നുണ്ട്. ആവശ്യാനുസരണം ഓര്‍ഡര്‍ നല്‍കിയാല്‍ വീടുകള്‍ ഫാക്ടറിയില്‍ നിര്‍മിച്ച് നമ്മുടെ സ്ഥലത്തു ദിവസങ്ങള്‍ കൊണ്ട് ഫിറ്റ് ചെയ്യുന്ന ഏജന്‍സികള്‍ പോലും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മൂന്ന് പ്രധാനപ്പെട്ട സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്ന നിര്‍മാണ രീതിയാണ് അവലംബിക്കാന്‍ നോക്കുന്നത്.
1. പരമ്പരാഗതമായി ഉപയോഗിച്ചുവരുന്നതും പ്രകൃതിയെ ചൂഷണം ചെയ്യേണ്ടിവരുന്നതുമായ അസംസ്കൃത വസ്തുക്കള്‍ പരമാവധി കുറയ്ക്കുകയാണ് പ്രധാനം. കല്ലും മണലും അടക്കമുള്ള നിര്‍മാണവസ്തുക്കളുടെ ഉപയോഗം പരിമിതപ്പെടുത്തും. കരങ്കല്ലിന്‍റെയും മറ്റും അമിതമായ ഉപയോഗത്തെ നിയന്ത്രിച്ച് പരിസ്ഥിതി സംരക്ഷണം ഉറപ്പുവരുത്തുന്നതിനുള്ള വഴികളാണ് ഇങ്ങനെ തുറക്കാനാവുക.
2. ദുരന്താഘാതങ്ങളെ മറികടക്കാന്‍ ശേഷിയുള്ള കെട്ടിടങ്ങളാണ് പുതിയ സാങ്കേതികവിദ്യയിലൂടെ നിര്‍മിക്കപ്പെടുക.
3. ഭാരം കുറഞ്ഞതും ഈടുള്ളതും വളരെ വേഗം (ദിവസങ്ങള്‍ കൊണ്ടുതന്നെ) പൂര്‍ത്തിയാക്കാവുന്നതുമായ നിര്‍മാണ സങ്കേതമാണ് ഇത്. ഉള്‍പ്രദേശങ്ങളിലേക്ക് ഇവ എളുപ്പത്തില്‍ എത്തിക്കാം. ഭവന നിര്‍മാണം നീണ്ടുപോകുന്നുവെന്ന വിമര്‍ശനം പരിഹരിക്കാന്‍ പറ്റുന്ന വിധം നിര്‍മാണ സമയം ഗണ്യമായി കുറയും എന്ന സവിശേഷതയും ഇതിനുണ്ട്.
ആഗോളതലത്തില്‍ തെളിയിക്കപ്പെട്ട സങ്കേതമാണെങ്കിലും കേരളീയര്‍ക്ക് ഏറെ പരിചിതമല്ലാത്ത ഒന്നാണിത്. സമ്പാദ്യമാകെയും കിട്ടാവുന്ന വായ്പകളും കൂട്ടി വീടുവെക്കുക എന്നതാണ് കേരളീയരുടെ പൊതു രീതി. ഈ വീടുകള്‍ പലപ്പോഴും പൂട്ടിയിടേണ്ടിവരികയും ചെയ്യും. ആ മനോഭാവമാണ് നാം ബോധപൂര്‍വ്വം മാറ്റേണ്ടത്.
പുതിയ സാങ്കേതികവിദ്യയ്ക്ക് തുടക്കത്തില്‍ സ്വീകാര്യതക്കുറവ് ഉണ്ടായേക്കാം. എങ്കിലും അവയുടെ ഈടുനില്‍പ്പും വേനല്‍ക്കാലത്തെ സുഖകരമായ അന്തരീക്ഷവും ജനങ്ങളെ ഇതിലേക്ക് നയിക്കുന്നതിന് സഹായിക്കും. സാങ്കേതികവിദ്യ പരിചിതമാക്കല്‍ ക്യാമ്പയിന്‍ ആസൂത്രണം ചെയ്യും. ചെന്നൈ ഐഐടി ഇത്തരം നിര്‍മാണം വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon